വായനയുടെ ആകാശക്കാഴ്ചകള്‍

Web Desk
Posted on November 03, 2019, 8:38 am

സുനിത ബഷീര്‍

ഒരാൾ മറ്റൊരാളെ തൊടുന്നതാണ് സ്നേഹമെന്നും. ഒരു കഥ അതിനു മുൻപേയുണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ് സാഹിത്യമെന്നും അജയ് പി മങ്ങാട്ട് ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ എന്ന നോവലിൽ പറയുമ്പോൾ, മറ്റനേകം സാഹിത്യ കൃതികൾ നമ്മെ വന്ന് തൊട്ടുണർത്തുകയാണ്. അതിന്റെ അനന്യമായ ആഹ്ളാദത്തിലാണ് നോവൽ വായിച്ചു തീർക്കുന്നത്. അലൗകികമായ ഇന്ദ്രിയസംഗീതം ഈ നോവലിൽ നമുക്ക് അനുഭവപ്പെടും. പാശ്ചാത്യവും പൗരസ്ത്യവുമായ എത്രയെത്ര എഴുത്തുകാരാണ് സൂസന്നയുടെ ഗ്രന്ഥപ്പുരയിലൂടെ വായനക്കാരുമായി സംവദിക്കുന്നത്. ആന്റൺ ചെഖോവ്, ഫ്ളാബേർ, നീത്ഷെ, ‚ഷേക്സ്പിയർ, ദസ്തയേവ്സ്കി, അന്ന അഹ് മത്തോവ, വെർജീനിയ വൂൾഫ്, ഗെയ്ഥേ, വാൻഗോഗ്, ഇറ്റാലോ കാൽവിനോ, ഷൂസെ സരമാഗോ, നെരുദ, കാഫ്ക, ലൂയിസ് കാരൽ, ബിഥോവൻ, ചാൾസ് ഡിക്കൻസ്, ജോർജ് എലിയട്ട്, റെയ്മണ്ട് കാർവർ, ടഗോർ, ബാഷോ തുടങ്ങി പെരുമ്പടവം ശ്രീധരൻ, കാമ്പിശ്ശേരി കരുണാകരനും വരെ ഈ നോവലിലെ കഥാപാത്രങ്ങളായി വരുന്നു. നൂറു കണക്കിന് കഥാപാത്രങ്ങളാണ് ഒന്നിനു പിറകെ ഒന്നായി വന്നു പോകുന്നത്. സൂസന്നയും ജോസഫും പോളും അലിയും അമുദയും കാർമേഘവും പവിഴവും വർക്കിയും ഗ്രേസിയും അക്ബറും ജിൻസിയും മുത്തുമണിയും, വെള്ളത്തുവൾ ചന്ദ്രനും, ജലയും, കൃഷ്ണനും, ഫാത്വിമയും, ഇഖ്ബാലും, സബീനയും, അഭിയും, ലക്ഷ്മിയും തുടങ്ങി നിരവധി കൂട്ടുകളാണ് കഥാപാത്രങ്ങളായി വരുന്നത്.. സ്ത്രീ കഥാപാത്രങ്ങൾക്ക് നല്കുന്ന സ്ഥൈര്യവും പരിഗണനയും ഈ കൃതിയെ സ്ത്രീപക്ഷ രചനയായും അടയാളപ്പെടുത്തുന്നു.

നീലകണ്ഠൻ പരമാരയുടെ അപൂർണ്ണ കൃതിയായ “വിഷാദത്തിന്റെ ശരീരഘടന ” കണ്ടെത്താനുള്ള അലിയുടെയും അഭിയുടേയും യാത്ര ചെന്നെത്തുന്നത് മറയൂരിലെ താണ്ടിയേക്കന്റെ ഗ്രന്ഥപ്പുരയിലേക്കാണ്. അദ്ദേഹത്തിന്റെ മരണശേഷം മകൾ സൂസന്നയാണ് പഴയ ആ പുസ്തകശാല മുന്നോട്ടുകൊണ്ടുപോകുന്നത്. അമുദയും ഫാത്വിമയും തമ്മിലുള്ള സ്വവർഗ്ഗാനുരാഗവും അമുദയും ക്യഷ്ണനും തമ്മിലുള്ള മൗനരാഗവും കൃഷ്ണനും ഫാത്വിമയും തമ്മിലുള്ള നൈമിഷികരാഗവും അമുദയും അലിയും തമ്മിലുള്ള വിശുദ്ധരാഗവും മറ്റുള്ളവർക്ക് ഒരിക്കലും കാണാനാവാത്ത ആന്തരിക യുദ്ധങ്ങളും മുറിവുകളുമാണ്. “എനിക്ക് പുരുഷന്മാരെ ഇഷ്ടമല്ല, ഒരാളെയും ഞാൻ എന്റെ ദേഹത്തു തൊടാൻ അനുവദിക്കാറില്ല. പക്ഷെ കൃഷ്ണന് ഇന്ന് അതിനുള്ള സ്വാതന്ത്ര്യം ഞാൻ തരുന്നു” എന്ന് ഫാത്വിമ അന്ധനായ കൃഷ്ണനോട് പറയുമ്പോൾ, രതിയെന്നാൽ പുണ്യമാക്കപ്പെട്ട ശാരീരിക അനുഭൂതിയാണെന്ന് ഫാത്വിമയും മനുഷ്യ ബന്ധങ്ങളെന്നാൽസഹായം കൂടിയാണെന്നന്ന് വായനക്കാരും അടയാളപ്പെടുത്തുന്നു. “ഓർമ്മ എന്നത് മറവികൊണ്ടു കൂടിയാണ് നിർമ്മിക്കുന്നതെന്നും” മനുഷ്യന്റെ എല്ലാ ആഹ്ളാദങ്ങളും സ്പർശനത്താൽ പിറക്കുന്നു എന്നും ‚” “ചില മനുഷ്യരുണ്ട്, കരുതാതെ തന്നെ അവർ നമ്മെ ചിരിപ്പിക്കും അവരുടെ സാന്നിധ്യം നമ്മെ ആഹ്ളാദിപ്പിക്കുന്നത് കൊണ്ടാണിത്. ഒന്നു കണ്ടാൽ മതി. ഒപ്പം ചുമ്മാ ഇരുന്നാൽ മതി. അവർ പറയുന്നത് കേൾക്കുക മാത്രം ചെയ്താൽ മതി, എന്നിങ്ങനെ ജീവിവുമായി ചേർന്നു നില്ക്കുകയാണ് ‘സൂസന്നയുടെ ഗ്രന്ഥപ്പുര.’ “ഭൂമി മനോഹരമാണ് അതിൽ നിറയെ വേദനകളാണ്. ഓരോരുത്തർക്കും അതിൽ ഓരോ വിഹിതമുണ്ട്. അതിന് ആരെയും പഴി പറയാതിരിക്കുക. സ്വയം ശപിക്കാതിരിക്കുക നമ്മുടെ കേടുകൾ നാം തന്നെ സഹിക്കുക, ” “ഒരാൾ എഴുതുമ്പോൾ ഒരിക്കൽ താൻ വായിച്ച എന്തിന്റെയൊക്കെയോ ആനന്ദം പങ്കുവെക്കാനാണ് അയാൾ നോക്കുന്നത്. നാമെഴുതിയത് ഒരാൾ വായിക്കുമ്പോൾ അത് അടുപ്പമോ ഇഷ്ടമോ കൊണ്ടുവരുന്നുണ്ട്. ” “സ്നേഹമാണ് ഏറ്റവും വലിയ സിദ്ധി ” അതേറെയുള്ളവർ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതായി നമുക്ക് അനുഭവപ്പെടുന്നു.” ”പ്രണയം എന്നും ഒറ്റതിരിഞ്ഞ് നില്ക്കും അതാണതിന്റെ പ്രകൃതം. വഴിയോരത്തെ ചെടിയിൽ അശ്രദ്ധമായി നിർലോഭം പൂവിടും.

ഇരുപ്പുമുറിയിലെ പൂ പാത്രത്തിൽ പിടിച്ചു വച്ചാൽ എത്ര പരിചരിച്ചാലും അതു പൂവിടില്ല. ” എന്നിങ്ങനെ ഹൃദയത്തിൽ തൊടുന്ന എത്രയോ മാസ്മരിക വചനങ്ങൾ.…. സൂസന്നയുടെ ഗ്രന്ഥപ്പുര അലസ വായനക്കുള്ളതല്ല. വായനയെ ഗൗരവമായി കാണുന്നവർ ഈ നോവൽ വായിക്കുമ്പോൾ ഒരു പേനയും നോട്ടുബുക്കും കരുതാൻ മറക്കരുത്. ജീവിതത്തിന്റെ ഏടുകളിലേക്ക് എഴുതിച്ചേർക്കാൻ ഒട്ടേറെ വാചകങ്ങളും ആശയങ്ങളും നിങ്ങൾക്ക് വായനയിൽനിന്ന് ലഭിക്കും. നോവലിന്റെ അവസാന ഭാഗത്ത് ജലാലുദ്ദീൻ റൂമിയെ അവതരിപ്പിക്കുന്നുണ്ട്- വെള്ളവും വെളിച്ചവും പച്ചയും തീയും കൊണ്ടാണ് റൂമി ദൈവത്തെ എഴുതുന്നത് എന്ന നോവലിസ്റ്റിന്റെ നിരീക്ഷണം ഒരു മിന്നൽപ്പിണരാണ്. റൂമി എഴുതുന്നു. “മനുഷ്യന്റെ ഹൃദയത്തിലാണ് അവനെതിരെയുള്ള എല്ലാ ആപത്തുകളും സംഭവിക്കുന്നത്. ഹൃദയത്തിനേല്ക്കുന്ന മുറിവുകൾ പഴുത്ത് വിഷം പടർന്നാണ് അവന് ആത്മീയ നാശം സംഭവിക്കുന്നത്. ..ഹ്യദയത്തിന് ജലം നല്കുക അങ്ങനെ അതിനെ പച്ചപ്പണിയിക്കുക മോക്ഷം പ്രാപിക്കുക “പ്രിയ വായനക്കാരെ ഈ കൃതി ലളിത വായനക്കുള്ളതല്ല. മറ്റനേകം കൃതികളിലേക്ക് തുറന്നിടുന്ന നിരവധി കിളിവാതിലുകളുള്ള പുസ്തകമാണിത്. വായന അവസാനിക്കുന്നിടത്ത് വായന തുടങ്ങുകയെന്ന അപൂർവ്വമായൊരാനന്ദം അനുഭവിപ്പിക്കുന്നു സൂസന്നയുടെ ഗ്രന്ഥകാരൻ. വായനക്കാരുടെ ഹൃദയത്തിലേക്ക് പെയ്‌തിറക്കിയ അനന്യമായ അനുഭൂതികളാണ് പ്രസിദദ്ധീകരണത്തിന്റെ മൂന്നു മാസത്തിനുള്ളിൽ പത്താമത്തെ പതിപ്പുമായി സൂസന്നയുടെ ഗ്രന്ഥപ്പുര വ്യത്യസ്തമായി നിലകൊള്ളുന്നത്. “ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള എന്റെ ആദരമാണ് ഈ നോവൽ. അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനില്പും.. ഈ നോവൽ ഇതിനേക്കാൾ മികച്ച നോവലുകൾക്കും ഈ കഥാപാത്രങ്ങൾ ഇവരെക്കാൾ ഉജ്വലരായ മനുഷ്യർക്കും നല്കുന്ന സ്നേഹമായും എടുക്കുക.” എന്നാണ് ആമുഖത്തിൽ അജയ് പി മങ്ങാട്ട് രേഖപ്പെടുത്തിയിരിക്കുന്നത്. നോവലിൽ രേഖപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ വിവിധഎഴുത്തുകാർക്കുള്ള ഈ അംഗീകാരം മലയാളത്തിനപ്പുറം ചർച്ച ചെയ്യപ്പെടണമെങ്കിൽ തീർച്ചയായും നോവലിനെ മറ്റു ഭാഷകളിലേക്ക് തർജമ ചെയ്യപ്പെടേണ്ടതായിട്ടുണ്ട്. പ്രത്യേകിച്ചും ഇംഗ്ലീഷിലേക്ക്. അങ്ങനെയെങ്കിൽ മലയാളത്തില്‍ നിന്നും വിശ്വസാഹിത്യ നഭസ്സിലേക്ക് സൂസന്നയുടെ ഗ്രന്ഥപ്പുരയും അജയ് പി മങ്ങാട്ടെന്ന എഴുത്തുകാരനും ചിറകടിച്ചു പറക്കുന്ന കാലം വിദൂരമല്ല.