ആഫ്രിക്കയിലെ ഏറ്റവും വലിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി

Web Desk
Posted on September 21, 2019, 3:01 pm

ജൊഹന്നാസ്‌ബെര്‍ഗ്: ആഫ്രിക്കയിലെ ഏറ്റവും വലിയ കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി. അടുത്തമാസമാണ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ചുണ്ടായേക്കാവുന്ന ഗതാഗത, സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കനത്ത സുരക്ഷാ സന്നാഹം ഏര്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ നിര്‍മാതാക്കള്‍ ആരംഭിച്ചിട്ടുണ്ട്.

ലിയണാഡോ എന്നാണ് പുതിയ കെട്ടിട ഭീമന്റെ പേര്. 234 മീറ്റര്‍ അതായത് 768 അടിയാണ് ഇതിന്റെ ഉയരം. ജൊഹന്നാസ്‌ബെര്‍ഗ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന് സമീപമായാണ് ഈ കൂറ്റന്‍ കെട്ടിടം. ദക്ഷിണാഫ്രിക്കയിലെ ലെഗസി ഗ്രൂപ്പും നെഡ്ബാങ്ക് ഗ്രൂപ്പും ചേര്‍ന്നാണ് ഈ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. 254 അപ്പാര്‍ട്ടുമെന്റുകള്‍ ഇവിടെയുണ്ട്. ഇതിനൊപ്പം അഞ്ച് നിലകളില്‍ ഓഫീസിനുള്ള സ്ഥലവും കടകളും ഭക്ഷണശാലകളും ജിമ്മും പച്ചമരുന്നുതോട്ടവും ഉണ്ട്.
കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ ജൊഹന്നാസ്‌ബെര്‍ഗില്‍ അടുത്ത കാലം വരെ യാതൊരു വികസനവുമില്ലായിരുന്നു.

എന്നാല്‍ വളരെ പെട്ടെന്ന് നഗരം പുരോഗതിയിലേക്ക് കുതിക്കുകയാണ്. നിരവധി റസിഡന്‍ഷ്യല്‍ കെട്ടിട സമുച്ചയങ്ങള്‍ ഇപ്പോള്‍ ഇവിടെ ഉയരുന്നുണ്ട്.