Web Desk

February 21, 2020, 8:55 pm

സുന്ദരിയായ ആഫ്രിക്കക്കാരി,പണിയെടുക്കുന്ന നേപ്പാളി- പെൺകുട്ടികളെ അടിമകച്ചവടം ചെയ്യുന്നത് ഓൺലൈൻ ആപ്ലിക്കേഷൻ വഴി- വീഡിയോ

Janayugom Online

നൂറ്റാണ്ടുകൾ പഴക്കമുള്ള അടിമച്ചന്തകളെ ഓർമിപ്പിക്കുന്ന തരത്തിലാണ് ഗൾഫ് രാജ്യങ്ങളിൽ പെൺകുട്ടികളെ വിൽക്കുന്നത്. ഓൺലൈൻ ആപ്പ് വഴി പെൺകുട്ടികളെ വിൽക്കുന്നതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തു വിട്ടിരിക്കുന്നത് ബിബിസിയുടെ അറബ് വാർത്താ വിഭാഗമാണ്. അറബ് രാജ്യങ്ങളിൽ വീട്ടുജോലിക്ക് മനുഷ്യരെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിന് ഗൂഗിള്‍, ആപ്പിള്‍ ആപ്ലിക്കേഷനുകളും ഫെയ്സ്ബുക്കും ഉപയോഗിക്കുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.ബിബിസി അന്വേഷണത്തില്‍ അടിമ കച്ചവടത്തിന് ഉപയോഗിക്കുന്ന സജീവമായ ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് കണ്ടെത്തി. ഫെയ്സ്ബുക് ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യ സന്ദേശങ്ങള്‍ വഴിയാണ് കച്ചവടങ്ങള്‍ നടക്കുന്നത്.


കടപ്പാട് ബിബിസി ന്യൂസ്

വാര്‍ത്ത വിവാദമായതോടെ തങ്ങളുമായി ബന്ധമുള്ള ആപ്ലിക്കേഷനുകള്‍ വഴിയുള്ള അടിമ കച്ചവടം നിര്‍ത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ഗൂഗിളും ആപ്പിളുമെല്ലാം അറിയിച്ചു കഴിഞ്ഞു. മാത്രമല്ല തങ്ങളുടെ നയങ്ങള്‍ക്ക് വിരുദ്ധമാണ് ഇത്തരം പ്രവര്‍ത്തികളെന്നും ടെക് കമ്പനികള്‍ വ്യക്തമാക്കി കഴിഞ്ഞു. നിരവധി സ്മാര്‍ട് ഫോണ്‍ ആപ്ലിക്കേഷനുകളാണ് ഓണ്‍ലൈന്‍ അടിമ വ്യാപാരത്തില്‍ സജീവമായിരിക്കുന്നത്. ഈ ആപ്ലിക്കേഷനുകള്‍ വഴി 3000 പൗണ്ട് മുടക്കി (ഏകദേശം 2.73 ലക്ഷം രൂപ) സ്ത്രീകളെ വാങ്ങാനാകും. ഓണ്‍ലൈനില്‍ അടിമ വ്യാപാരം പ്രോത്സാഹിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നതെന്ന് അടിമത്വത്തിനെതിരായ യുഎന്‍ പ്രത്യേക വക്താവ് ഉര്‍മ്മിള ഫൂലെ പറഞ്ഞു.

ഗൂഗിളും ആപ്പിളും ഫെയ്സ്ബുക്കും പോലുള്ള കമ്പനികളെ ഉപയോഗിച്ച് ആരെങ്കിലും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നുണ്ടെങ്കില്‍ ആ കമ്പനികള്‍ക്കും ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനാകില്ലെന്നും ഇവർ പറഞ്ഞു.ഭൂരിഭാഗം ഗള്‍ഫ് രാജ്യങ്ങളിലും വീട്ടുജോലിക്കാരെ ഏജന്‍സികള്‍ വഴിയാണ് ആദ്യഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഈ ഏജന്‍സികളാണ് വീട്ടുകാര്‍ക്ക് ജോലിക്കാരെ നല്‍കുന്നത്. ഈ വേലക്കാര്‍ക്ക് ഉടമയുടെ സമ്മതമില്ലാതെ ജോലിയില്‍ നിന്നും രാജിവെക്കാനോ രാജ്യം വിട്ടുപോകാനോ യാതൊരു അവസരവുമുണ്ടാകില്ല. വിവിധ രാജ്യങ്ങളിൽ നിന്നും ദാരിദ്ര്യം മൂലവും നല്ലജോലി വാഗ്ദാനത്തിൽ വീണുമെല്ലാമാണ് മിക്ക പെൺകുട്ടികളും ഇങ്ങനെയുള്ള ഏജന്റുമാരുടെ കയ്യിലെത്തിപ്പെടുന്നത്. പിന്നീട് ഈ പെൺകുട്ടികൾക്ക് ഒരിക്കലും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയാണ്.

Eng­lish Sum­ma­ry: slave mar­ket found on online apps