October 1, 2022 Saturday

ഐഫോൺ നിർമ്മാണ ഫാക്ടറിയിൽ നടന്നത് അടിമവേല; വിസ്ട്രോൺ ഇന്ത്യ മേധാവിയെ നീക്കി

Janayugom Webdesk
ബംഗളൂരു
December 19, 2020 9:45 pm

സ്വന്തം ലേഖകൻ

തൊഴിൽ നിയമലംഘനങ്ങളുടെ പേരിൽ വിവാദത്തിലായ വിസ്ട്രോൺ കമ്പനിയുടെ ഇന്ത്യയിലെ മേധാവിയെ നീക്കി. തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും എല്ലാവർക്കും നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും തയ്‌വാൻ ആസ്ഥാനമായ ഐഫോൺ നിർമ്മാണ കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായി കേന്ദ്രസർക്കാർ ആഘോഷിച്ച വിസ്ട്രോൺ ഫാക്ടറിയിൽ യഥാർത്ഥത്തിൽ നടന്നത് അടിമവേലയാണെന്ന് കഴിഞ്ഞദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇത് അംഗീകരിച്ചുകൊണ്ടാണ് വിസ്ട്രോൺ കമ്പനി ഇന്ത്യയുടെ ചുമതലയുള്ള വൈസ് പ്രസിഡന്റിനെ നീക്കം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി തൊഴിലാളികൾ കമ്പനി അടിച്ചുതകർത്തതോടെയാണ് സംഭവം ദേശീയശ്രദ്ധ നേടിയത്.

മാസങ്ങളായി ശമ്പളം നൽകാതിരിക്കുക, അധികജോലിക്ക് പ്രതിഫലം നൽകാതിരിക്കുക ഉൾപ്പെടെയുള്ള തൊഴിലാളി ദ്രോഹ പ്രവർത്തനങ്ങൾ കമ്പനി നടത്തിയതായി കർണാടക തൊഴിൽവകുപ്പിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ജീവനക്കാരുടെ എണ്ണത്തിൽ സർക്കാരിന് നൽകിയ വിവരങ്ങളിൽ കമ്പനി കൃത്രിമം നടത്തിയിട്ടുണ്ട്. കുറച്ച് ജീവനക്കാരുടെ ശമ്പളവിതരണത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി കമ്പനി സമ്മതിക്കുകയും ചെയ്തു.

1500 ഓളം സ്ഥിരജീവനക്കാർ ഉൾപ്പെടെ 9000 ത്തിലേറെ തൊഴിലാളികളാണ് കമ്പനിയിലുള്ളത്. ശമ്പള, ഹാജർ വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും ഹാജർ സോഫ്റ്റ്‌വെയറിൽ കൃത്രിമം നടന്നതായും ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം റിക്രൂട്ടിങ് ഏജൻസികളുടെ പേരിലാണ് കമ്പനി കൂടുതൽ പഴിചുമത്തിയിട്ടുള്ളത്. അതേസമയം ഇന്ത്യയിലെ പ്രശ്നങ്ങൾ പരിഹരിക്കാതെ പുതിയ കരാറുകൾ വിസ്ട്രോണിന് നൽകേണ്ടതില്ലെന്ന നിലപാടിലാണ് ഐഫോൺ നിർമ്മാതാക്കളായ ആപ്പിൾ.

വിഷയത്തിൽ ആപ്പിള്‍ സ്വതന്ത്ര അന്വേഷണം നടത്തുന്നുണ്ട്. കമ്പനി അടിച്ചുതകർത്ത സംഭവത്തിൽ 437 കോടിരൂപയുടെ നഷ്ടമുണ്ടായതായി കമ്പനി അറിയിച്ചിരുന്നു. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി അസ്വസ്ഥനാണെന്ന് കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞിരുന്നു. ഇലക്ട്രോണിക് ഉപകരണ നിർമ്മാണരംഗത്ത് കൂടുതൽ നിക്ഷേപസാധ്യത തേടുന്ന കേന്ദ്രസർക്കാരിന് വൻ തിരിച്ചടിയായി സംഭവം മാറിയിട്ടുണ്ട്.

Eng­lish summary;Slavery took place in the iPhone man­u­fac­tur­ing factory

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.