Saturday
19 Oct 2019

ദുബായില്‍ അനാഥരായ കുട്ടിത്തേവാങ്കുകള്‍ക്ക് നിക്കാഹ്

By: Web Desk | Thursday 6 June 2019 10:35 PM IST


കുട്ടിത്തേവാങ്കുകള്‍

കെ രംഗനാഥ്

ദുബായ്: ആദ്യ ദര്‍ശനത്തില്‍ത്തന്നെ ലോണ്‍ലിയും അമലും പ്രണയാതുരര്‍. പിന്നീട് കണ്ണാടിക്കൂടിനുള്ളില്‍ അനൗപചാരിക നിക്കാഹ്. പരിസ്ഥിതി പ്രേമികളെ ഹരംകൊള്ളിച്ച ഈ കുട്ടിത്തേവാങ്കുകളുടെ കല്യാണത്തിന് ഒരു മലയാളിസ്പര്‍ശം കൂടിയായപ്പോള്‍ സര്‍വം ശുഭം.

വംശനാശം നേരിടുന്ന കുട്ടിത്തേവാങ്കുകള്‍ ഏഷ്യന്‍ വനങ്ങളില്‍ നിന്ന് അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ ദുബായില്‍ എത്തിയത് കാട്ടുജീവികളെ കള്ളക്കടത്തു നടത്തുന്നവര്‍ വഴിയാകാമെന്നാണ് ലോണ്‍ലിയുടെയും അമലിന്റെയും പുതിയ താവളമായ ഗ്രീന്‍ പ്ലാനറ്റിന്റെ മാനേജര്‍ വിക്‌ടോറിയ ലിന്‍ പറയുന്നത്. ഈയടുത്ത കാലത്താണ് ആണ്‍കുട്ടിത്തേവാങ്കായ ലോണ്‍ലിയെ ദുബായിലെ തെരുവില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഗ്രീന്‍ പ്ലാനറ്റിലേയ്ക്ക് കൊണ്ടുവന്ന അവര്‍ ഏകാന്തതയുടെ മഹാപര്‍വത്തിലായതിനാലാണ് അവന് ‘ലോണ്‍ലി’ എന്ന പേരിട്ടതെന്ന് വിക്‌ടോറിയ പറയുന്നു.
ഉമ്മല്‍ഖുവൈനിലെ തെരുവില്‍ നിന്നാണ് കഴിഞ്ഞ ദിവസം ഒരു പെണ്‍ കുട്ടിത്തേവാങ്കിനെ മലയാളികളായ അമല്‍ സുരേഷ്-നൈമാ സുരേഷ് ദമ്പതിമാര്‍ക്കു കിട്ടുന്നത്. ഏതാനും ദിവസം ഭക്ഷണം നല്‍കി വീട്ടില്‍ സംരക്ഷിച്ച ഈ കുട്ടിത്തേവാങ്കിനെ അവര്‍ ഗ്രീന്‍പ്ലാനറ്റിനു കൈമാറുകയായിരുന്നു. വിക്‌ടോറിയ അവള്‍ക്ക് ഒരു അറബി പേരുമിട്ടു.

പ്രത്യാശ എന്ന് അര്‍ഥം വരുന്ന അമല്‍ എന്ന്. തന്റെ ഭര്‍ത്താവിന്റെ പേരുതന്നെ യാദൃശ്ചികമായെങ്കിലും ഈ ജീവിക്കും കിട്ടിയത് ഒരു റംസാന്‍ സമ്മാനമായെന്ന് നൈമ ആഹ്ലാദത്തോടെ പറയുന്നു. ഗ്രീന്‍പ്ലാനറ്റിലെത്തിയ ഉടന്‍തന്നെ ആദ്യ ദര്‍ശനത്തില്‍ ഇരുവരും പ്രണയത്തിലായി. മൂക്കുകള്‍ തമ്മില്‍ ഉരസിയും ശബ്ദം പുറപ്പെടുവിച്ചും സ്‌നേഹാതിരേകം. മുട്ടിയുരുമ്മിയിരുന്നുതന്നെ ഭക്ഷണം. ദമ്പതികളാവാന്‍ പിറന്നവരെപോലെ പെരുമാറ്റം. കുട്ടിത്തേവാങ്കുകള്‍ ബന്ധനത്തിനിടെ സന്താനോല്‍പാദനം നടത്തിയ ചരിത്രമുള്ളതിനാല്‍ ലോണ്‍ലിക്കും അമലിനും ഇനി സന്തതി വര്‍ധനയുടെ നാളുകള്‍.

Related News