Web Desk

തിരുവനന്തപുരം

January 28, 2020, 9:15 pm

ജനങ്ങൾക്കെതിരായുള്ളതിനെ അംഗീകരിക്കാനാവില്ല; എസ് എം വിജയാനന്ദ്

Janayugom Online

ജനങ്ങൾക്കെതിരായുള്ളതിനെ അംഗീകരിക്കാനാവില്ലെന്ന് ഗാന്ധിയൻ ദർശനങ്ങൾ പറഞ്ഞിരുന്നതായി കേരളാ മുൻ ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ്. മുൻ കാലങ്ങളേക്കാൾ ഗാന്ധി ദർശനങ്ങൾ ഏറെ പ്രസക്തമാകുന്നത് ഇക്കാലത്താണ്. ജനങ്ങളെ സേവിക്കുന്നത് കർത്തവ്യമായി കരുതിയാണ് ഭരണകർത്താക്കൾ രാജ്യത്ത് നിയമം നടപ്പാക്കേണ്ടത്. ഇതിൽ നിന്നും വിഭിന്നമായി ഭരണകര്‍ത്താക്കൾ ഒരു വിഭാഗത്തിന്റെ മാത്രം പ്രതിനിധികളായി മാറുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കും. പരിസ്ഥിതി, സുസ്ഥിരത എന്നിവ ഗാന്ധിയൻ മാർഗ്ഗങ്ങളിലെ ഇന്നും പ്രസക്തമായ ഭാഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ നിന്ന് നാം തുരത്തിയ ബ്രിട്ടീഷുകാർക്കുപോലും മനസാക്ഷിയുണ്ടായിരുന്നുവെന്ന് ജെഎൻയു മുൻ ചെയർമാൻ പ്രൊഫ. ബി വിവേകാനന്ദൻ പറഞ്ഞു. അഹിംസയിൽ വിശ്വസിച്ച ഗാന്ധിയൻ ദർശനങ്ങൾ അക്കാലത്ത് ഫലം കണ്ടിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. കർമ്മം ചെയ്യുക എന്നതിലൂന്നിയതാണ് ഗാന്ധി ദർശനങ്ങളെന്ന് കേരള സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ. ബാലമോഹൻ തമ്പി പറഞ്ഞു. ഗാന്ധിയൻ ആദർശങ്ങളെ പിന്തുടരാൻ മടിക്കുന്നവർപോലും ഗാന്ധി ജയന്തി ആഘോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എല്ലാ മതങ്ങളും മനുഷ്യനിർമ്മിതമാണെന്നും അതിനാൽ എല്ലാ മതങ്ങൾക്കും ന്യൂനതകളുണ്ടെന്നും ഗാന്ധി പീസ് ഫൗണ്ടേഷന്റെ ചെയർമാൻ കുമാർ പ്രശാന്ത് പറഞ്ഞു. എല്ലാ മതങ്ങളും നല്ല മനുഷ്യനാക്കാനാണ് പഠിപ്പിക്കുന്നത്. എന്നാൽ ഇക്കാലത്ത് പ്രതിഷേധിക്കുന്നതിനാണ് മതങ്ങളെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ഭരണഘടനയ്ക്കും പൗരത്വം നിഷധിക്കാനുള്ള അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിയൻ ദർശനങ്ങളിൽ ഏറ്റവും പ്രമുഖമായ അധികാര വികേന്ദ്രീകരണം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള സംസ്ഥാനം കേരളമാണെന്ന് കില മേധാവി ജോയ് ഇളമൺ പറഞ്ഞു. തദ്ദേശ ഭരണത്തിൽ ഗാന്ധിയൻ ദർശനങ്ങളിലെ അധികാര വികേന്ദ്രീകരണവുമായി ബന്ധപ്പെട്ട 13 സുപ്രധാന കാര്യങ്ങളും കേരളം മികച്ച രീതിയിൽ ഉൾക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി.

you may also like this video;