പ്രത്യേക ലേഖകൻ

ന്യൂഡൽഹി

June 02, 2020, 10:18 pm

ആത്മനിർഭർ പാക്കേജ്: ചെറുകിട- ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു

Janayugom Online

കൊറോണ വ്യാപനത്തെ തുടർന്നുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് മോഡി സർക്കാർ പ്രഖ്യാപിച്ച ആത്മനിർഭർ പാക്കേജ് കേവലം വായാടിത്തം മാത്രമാണെന്ന് വ്യക്തമാക്കി രാജ്യത്തെ ചെറുകിട- ഇടത്തരം (എംഎസ്എംഇ) വ്യവസായ സ്ഥാപനങ്ങൾ അടച്ചുപൂട്ടുന്നു.  ആത്മനിർഭർ പാക്കേജിലൂടെ ഒന്നും ലഭിക്കില്ലെന്ന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് സ്ഥാപനങ്ങൾ അടച്ചുപൂട്ടിയത്.

പാക്കേജ് പ്രഖ്യാപിച്ച ശേഷം രാജ്യത്തെ 35 ശതമാനം എംഎസ്എംഇകളും 37 ശതമാനം സ്വയം സംരംഭക സ്ഥാപനങ്ങളുമാണ് അടച്ചുപൂട്ടിയതെന്ന് ആൾ ഇന്ത്യാ മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ നടത്തിയ സർവേ സൂചിപ്പിക്കുന്നു.  മെയ് 24 നും 30 നുമിടയിലാണ് സർവേ നടത്തിയത്. 46,425 സ്വയംസംരംഭകർ, എംഎസ്എംഇ ഉടമകൾ, കോർപ്പറേറ്റ് തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവരാണ് സർവേയിൽ പങ്കെടുത്തത്. ഇപ്പോഴുള്ള പ്രതിസന്ധി മറികടക്കാനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിഭാഗം പേരും പറ‌ഞ്ഞത്.

പ്രത്യേക സാമ്പത്തിക പാക്കേജിൽ 3.5 ലക്ഷം കോടി രൂപയുടെ വായ്പാ സഹായമാണ് എംഎസ്എംഇകൾക്കായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.  ഇപ്പോഴത്തെ സാഹചര്യത്തിൽ ആറുമാസംകൊണ്ടുപോലും നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയില്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ച വായ്പാ സഹായം തങ്ങളെ കൂടുതൽ കടക്കെണിയിലാക്കുമെന്നുമാണ് സർവേയിൽ പങ്കെടുത്ത 32 ശതമാനം എംഎസ്എംഇ ഉടമകളും 26 ശതമാനം കോർപ്പറേറ്റുകളും പറഞ്ഞത്. ഇപ്പോഴത്തെ സ്ഥിതിയിൽ ഈമേഖലയിൽ കൂടുതൽ തൊഴിൽ നഷ്ടമുണ്ടാകാനാണ് സാധ്യതയെന്നും സർവേ പറയുന്നു.

ENGLISH SUMMARY: Small and Medi­um Enter­pris­es are being shut down, Atmanirb­har Package
You may also like this video