Malappuram Bureau

നിലമ്പൂർ

October 22, 2021, 6:25 pm

ആഢ്യൻപാറക്ക് നക്ഷത്രത്തിളക്കം

Janayugom Online

മലപ്പുറം ജില്ലയിലെ ഏക ചെറുകിട ജല വൈദ്യുത പദ്ധതിയായ ആ‍‍‍ഢ്യൻപാറ 2021- 22 കാലയളവിൽ പ്രതിവർഷ ഉൽപ്പാദന ലക്ഷ്യമായ തൊണ്ണൂറ് ലക്ഷത്തി പതിനായിരം യുണിറ്റ് (9.01MU) ആറ് മാസത്തിനുള്ളിൽ ഉത്പ്പാദിപ്പിച്ച് ചരിത്രനേട്ടത്തിലെത്തി. 2015 സെപ്റ്റംബർ മൂന്നിന് കമ്മീഷൻ ചെയ്ത ഈ പദ്ധതി ശൈശവദശയിലെ പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ മഹാപ്രളയങ്ങളിൽ ജനറേറ്റിംഗ് സ്റ്റേഷനിലേക്ക് വെള്ളം വരുന്ന തുരങ്ക മുഖവും, മൂന്ന് ജനറേറ്ററുകളും മണ്ണിനിടയിൽ പെട്ട് പോയിട്ടും കഠിനാധ്വാനം ചെയ്താണ് മുൻകാല ജീവനക്കാരും ഉദ്യോഗസ്ഥരും ഈ പവർ സ്റ്റേഷനെ ജീവസുറ്റതാക്കിയത്. ഈ വർഷത്തെ അനുകൂല കാലാവസ്ഥയും സാഹചര്യങ്ങളെ ഉപയോഗപ്പെടുത്താനുള്ള ആസൂത്രണവും, സമയാസമയങ്ങളിലെ അറ്റകുറ്റപ്പണികളും, വാർഷിക ഉത്പാദന ലക്ഷ്യം വേഗത്തിൽ സാക്ഷാൽകരിക്കാൻ സഹായാകമായിട്ടുണ്ട്. എന്ന് അസി. എഞ്ചിനീയർ പി ആർ ഗണദീപൻ അറിയിച്ചു. ചാലിയാറിന്റെ കൈവരി പുഴയായ കാഞ്ഞിരപ്പുഴക്ക് കുറകെ ഒരു ചെക്ക്ഡാം നിർമ്മിച്ച് ഒരു കിലോമീറ്റർ തുരങ്കത്തിലൂടെ വെള്ളം കടത്തിവിട്ട് പെൻസ്റ്റോക്ക് പൈപ്പിലൂടെ പവർ ഹൗസിലെത്തിച്ച് ജനറേഷനു ശേഷം ഈ വെള്ളം ആഢ്യൻപാറ ടൂറിസ്റ്റ് കേന്ദ്രമായ വാട്ടർ ഫാൾസിലേക്ക് തിരിച്ചുവിടുന്നത് വിനോദ സഞ്ചാരികൾക്ക് നയന മനോഹരമായ കാഴ്ച്ച കൂടിയാണ്. ചെറുകിട ജലവൈദ്യുത പദ്ധതികൾ കാര്യക്ഷമവും, ലാഭകരവുമാണെന്ന് തെളിയിക്കുന്നതാണ് മൂന്നര മെഗാവാട്ട് ശേഷി മാത്രമുള്ള ആഢ്യൻപാറ പദ്ധതിയുടെ ഈ സുവർണ്ണ നേട്ടം.