ആന്‍ ജോര്‍ജ്ജ്

September 28, 2021, 9:18 pm

സ്മരണ

Janayugom Online

പൂമുഖത്തെ ചാരുകസേരയിൽ

നിന്നുയർന്ന ദീർഘനിശ്വാസത്തിനു

ആയുസ്സിന്റെ ദൈർഘ്യമുണ്ടായിരുന്നു.

വെളുത്ത സായിപ്പിൽ നിന്നും

കറുത്ത സായിപ്പിലേക്കുള്ള

നീണ്ട യാത്രയുടെ ഓർമചൂടിൽ ബീഡിക്കറയുള്ള ചുണ്ടുകൾ വലതുവശത്തേക്ക് കോടുന്നു.

തെരുവുകളിലെയാഘോഷത്തിമിർപ്പിൽ

കോരനും കൊച്ചിക്കയും വിയർത്തു.

ചിന്തിയ രക്തത്തിന്റെ കൂലിയായി

ചെങ്കോൽ കൈമാറിയരങ്ങൊഴിഞ്ഞു

മടങ്ങും മുമ്പൊരു രാജാവ് പാകിയ

വിത്തുകൾ വീതിച്ചെടുത്തൊരു

വർഗ്ഗീയ കൂറയിൽ രണ്ടായി

പൊതിഞ്ഞെടുത്തു സൂത്രശാലികൾ.

ഹിറോഹിതോയുടെ കണ്ണുകൾ

വിധേയത്വത്തിൽ കൂമ്പിയതിന്റെ

യോർമ്മയിലൊരു രാജാവ്

രണ്ട് തിരികൾ ഊതിക്കെടുത്തുമ്പോൾ,

സ്വന്തം പേരുകൾ പോലും മറന്ന്

രാവ് വളരുന്നതറിയാതെ

വീഥിയിൽ ഇരുണ്ട നിഴലുകളന്നു

നൃത്തം ചവിട്ടുന്നുണ്ടായിരുന്നു.

കൈമോശം വന്നൊരു ആത്മാവ്

പൊരുതി നേടിയതിന്നലയൊലികളും

പുതിയ രാജാക്കന്മാരുടെ ചിരികളും

കതിനകളുടെ ശബ്ദത്തിലലിഞ്ഞു.

നൃത്തത്തിൽ മതിമറന്നൊരു കോരന്റെ കഞ്ഞിയെപ്പോഴേ തണുത്തുറഞ്ഞിരുന്നു.

മുൻപിലേക്ക്
സമാഹാരം
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ