24 April 2024, Wednesday

മാലിന്യ നിർമ്മാർജ്ജനത്തിന് സ്മാർട്ട് ഗാർബേജ് ആപ്പ് പദ്ധതി

Janayugom Webdesk
തിരുവനന്തപുരം
November 17, 2021 9:59 pm

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങള്‍ എത്രയെന്നും അവ എങ്ങനെ സംസ്കരിക്കുന്നുവെന്നും മറ്റുമുള്ള വിവരങ്ങള്‍ ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ഹരിത കർമ്മസേനകളുടെ അജൈവ പാഴ്‌വസ്തു ശേഖരണ പ്രക്രിയ ഊർജ്ജിതമാക്കാനും മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ കാര്യക്ഷമവും കുറ്റമറ്റതുമാക്കാനും ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തിൽ സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി നടപ്പിലാക്കാനൊരുങ്ങുകയാണ് തദ്ദേശ സ്വയംഭരണ വകുപ്പ്. വാർഡുകളിൽ ഓരോ വീട്ടിൽ നിന്നും ശേഖരിച്ച ജൈവ‑അജൈവ പാഴ്‌വസ്തുക്കൾ എത്രയെന്നും, അവയുടെ സംസ്കരണം എങ്ങനെയെന്നുമടക്കമുള്ള വിശദാംശങ്ങൾ മൊബൈൽ ആപ്ലിക്കേഷനിലൂടെ മനസിലാക്കാനും കൈകാര്യം ചെയ്യാനും സാധിക്കും.
മൊബൈൽ ആപ്ലിക്കേഷന് ആവശ്യമായ വെബ് ബേസ്ഡ് പ്രോഗ്രാം തയാറാക്കി മോണിറ്റർ ചെയ്യുന്നത് കെൽട്രോണാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 300 ഗ്രാമപഞ്ചായത്തുകളിലും ആറ് കോർപ്പറേഷനുകളിലും 70 മുനിസിപ്പാലിറ്റികളിലുമാണ് മൊബൈൽ ആപ്പ് സജ്ജമാക്കുന്നത്. മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് വീടുകൾക്ക് നൽകുന്ന ക്യൂആർ കോഡുകളുടെ സഹായത്തോടെയാണ് വിവരങ്ങൾ ശേഖരിക്കുക. ഓരോ സ്ഥലത്തു നിന്നും ശേഖരിച്ച മാലിന്യങ്ങളുടെ അളവും അവ സംസ്കരിച്ചതിന്റെ കണക്കുകളും ആപ്പിൽ ലഭ്യമാകുന്നതിലൂടെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ട സംസ്ഥാന, ജില്ലാതല സംവിധാനങ്ങൾക്കും മാലിന്യ ശേഖരണ, സംസ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി മനസിലാക്കാൻ സാധിക്കും.
സ്മാർട്ട് ഗാർബേജ് മൊബൈൽ ആപ്പ് പദ്ധതി പൂർണമായും പ്രവർത്തന സജ്ജമായാൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. ഹരിതകർമ്മ സേനകൾക്ക് സ്മാർട്ട്ഫോൺ, ഓഫീസ് ആവശ്യത്തിനുള്ള ലാപ്‌ടോപ് തുടങ്ങിയവ ലഭ്യമാക്കാനും കെൽട്രോണിനുള്ള സർവീസ് ചാർജ്ജ് നൽകുന്നതിനും ഫണ്ട് അനുവദിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകുമെന്നും മന്ത്രി കൂട്ടിചേർത്തു.
Eng­lish sum­ma­ry; Smart Garbage App Project for Waste Disposal

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.