വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ ചോർന്നത് സ്മാർട് ടിവി വഴിയാണെങ്കില്‍ ഇനി പണി വരാൻ പോകുന്നത് കണ്ണാടി വഴി

Web Desk
Posted on October 18, 2019, 6:32 pm

ആമസോണ്‍ ഇറക്കിയിരിക്കുന്ന 180 ഡോളര്‍ രൂപ വില വരുന്ന പുതിയ സ്മാര്‍ട് ഗ്ലാസാണ് എക്കോ ഫ്രെയിംസ്.  ഇന്ത്യൻ വിപണിയിൽ 20, 000 രൂുപ വരെ വില വരും എക്കോ ഫ്രെയിംസിന്. ഉപയോഗിക്കുന്നയാള്‍ക്ക് സ്മാർട് ഗ്ലാസിനോട് സംസാരിക്കാം എന്നതാണ് പ്രധാന സവിശേഷത. കുടാതെ നിങ്ങളുടെ ഫോണുമായി ബന്ധപ്പെടുത്താവുന്ന സ്മാര്‍ട് ഗ്ലാസിലെ അലക്സയോട് ഫോണ്‍ വിളിക്കാന്‍ ആവശ്യപ്പെടാം, റിമൈന്‍ഡറുകള്‍ വയ്ക്കാന്‍ പറയാം, പോഡ്കാസ്റ്റുകള്‍ കേള്‍പ്പിക്കാന്‍ പറയാം. അങ്ങനെ പല കാര്യങ്ങളും ചെയ്യിക്കാവുന്ന കണ്ണടയാണ് ആമസോണിന്റെ എക്കോ ഫ്രെയിംസ്.  നിങ്ങളുടെ ചെവിക്കു നേരെയിരിക്കുന്ന നാലു കുഞ്ഞു സ്പീക്കറുകളിലൂടെയാണ് അലക്സ സംസാരിക്കുക. ഇതാകട്ടെ ഉപയോഗിക്കുന്നാളിനു മാത്രമെ കേൾക്കാനാകൂ എന്നും ആമസോണ്‍ പറയുന്നു. ഇനി അതു പോരെന്നാണെങ്കില്‍ ഞൊടിയിടയില്‍ തന്നെ സ്പീക്കര്‍ ഓഫ് ചെയ്യാനുള്ള സൗകര്യവും ഓരുക്കിയിട്ടുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.  മുൻപിറങ്ങിയിട്ടുള്ള ചില സ്മാര്‍ട് ഗ്ലാസുകളെ പോലെ എക്കോ ഫ്രെയിംസിന് വിഡിയോയോ, ഫോട്ടോയോ എടുക്കാനായി ക്യാമറ ഇല്ല. 2013ല്‍ ഇറക്കിയ 1500 ഡോളര്‍ വിലയുള്ള കുപ്രസിദ്ധമായ ഗൂഗിള്‍ ഗ്ലാസും ധരിച്ച് ആരെങ്കിലും കടന്നുവന്നാല്‍ ആളുകള്‍ അസ്വസ്ഥരാകുമായിരുന്നത്രെ. കാരണം അയാള്‍ തങ്ങളുടെ വിഡിയോയോ ഫോട്ടോയോ പകര്‍ത്തുകയാണോ എന്ന് ഉറപ്പാക്കാനുള്ള ഒരു സൂചന പോലും ഗ്ലാസില്‍ ഉണ്ടായിരുന്നില്ല.

എന്നാല്‍, അത്തരം ഭീഷണിയൊന്നുമില്ലാത്ത ഒരു ഉപകരണമാണമായതിനാല്‍ ഇതു ധരിച്ച് നിങ്ങള്‍ക്ക് എവിടെയും കയറിച്ചെല്ലാമെന്നാണ് ആമസോണ്‍ പറയുന്നത്. ക്യാമറയുടെ ലെന്‍സും ബാറ്ററിയും അനുബന്ധ സജ്ജീകരണങ്ങളും ഇല്ലാത്തതിനാല്‍ ഗ്ലാസിന്റെ ഭാരവും നന്നേ കുറവാണെന്നും അവര്‍ എടുത്തുപറയുന്നു. ഏകദേശം 28. 3 ഗ്രാമാണ് ഭാരം. എന്നാല്‍, സ്വകാര്യതാ വാദികള്‍ പറയുന്നത് അലക്സയുടെ റെക്കോഡിങ് ശേഷി ഇപ്പോള്‍ മുറികള്‍ വിട്ട് നിരത്തിലേക്കിറങ്ങുകയാണ് എന്നാണ്. ആമസോണിന്റേതടക്കമുള്ള സ്മാര്‍ട് സ്പീക്കറുകള്‍ ഇപ്പോള്‍ സംശയത്തിന്റെ മുനയിലാണെന്നറിയാമല്ലോ. ചില ഉപയോക്താക്കളുടെ സ്വകാര്യ സംഭാഷണം അലക്സ റെക്കോഡു ചെയ്ത് കൂട്ടുകാര്‍ക്ക് അയച്ചു കൊടുത്തു എന്നൊരു ആരോപണം കഴിഞ്ഞ ഏപ്രിലില്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്നു വന്ന മറ്റൊരു ആരോപണത്തില്‍ ബ്ലൂംബര്‍ഗ് കണ്ടെത്തിയത് ആമസോണിന്റെ ചില ജോലിക്കാര്‍ അലക്സയിലൂടെ ഉപയോക്താക്കള്‍ നടക്കുന്ന ചില സംഭാഷണങ്ങള്‍ കേട്ടശേഷം അവരെ കളിയാക്കിയെന്നും പറയുന്നു. തുടര്‍ന്നാണ് ആമസോണ്‍ ഉപയോക്താക്കള്‍ക്ക് തങ്ങളുടെ റെക്കോഡിങ്സ് ഡിലീറ്റു ചെയ്യാനുള്ള ഓപ്ഷന്‍ കൊണ്ടുവന്നത്.

ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യതാവാദികളുടെ സംഘടനയായ ബിഗ് ബ്രദര്‍ വാച് പറയുന്നത് എക്കോ ഫ്രെയിംസ് ഇറക്കുന്നതിനു മുൻപ് സ്വകാര്യതയെ മാനിക്കുന്ന കാര്യത്തില്‍ ആമസോണിന്റെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ അത്ര മെച്ചമൊന്നുമല്ല എന്നാണ്. ഈ സംഘടനയുടെ ഡയറക്ടറായ സില്‍ക്കി കാര്‍ലോ പറയുന്നത് ആളുകളുടെ സ്വകാര്യത മാനിക്കുന്ന കാര്യത്തില്‍ ആമസോണിന്റെ പൂര്‍വ ചരിത്രം തീരെ മോശമാണെന്നാണ്. എന്നിട്ടും അവരിങ്ങനെ തുടരെ തുടരെ സ്മാര്‍ട് ഉപകരണങ്ങള്‍ ഇറക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. ഇത്തരം ഉപകരണങ്ങള്‍ വീട്ടില്‍ ഉപയോഗിക്കാമെന്നു പറയുന്നതും അവ നിരത്തില്‍ ഉപയോഗിക്കാമെന്നു പറയുന്നതും രണ്ടും രണ്ടാണെന്നും അദ്ദേഹം ആരോപിക്കുന്നു. ആമസോണിന്റെ ഗ്ലാസ് യൂറോപ്യന്‍ യൂണിയന്റെ സ്വകാര്യതാ നയമായ ജിഡിപിആറിന്റെ ലംഘനമായിരിക്കുമോ എന്ന ചോദ്യത്തിന് കാര്‍ലോ വ്യക്തമായ മറുപടി നല്‍കിയില്ല. ജിഡിപിആര്‍ പ്രകാരം ഒരാളുടെ ഡേറ്റ ഉപയോഗിക്കണമെങ്കില്‍ അയാളുടെ സമ്മതം വേണം. അത് മുന്‍കൂട്ടി പറയാനാവില്ല. ആമസോണിന്റെ പോളിസിയെക്കുറിച്ചും മറ്റും അറിയാതെ അതു പറയാനാവില്ല. എന്തായാലും അത് ഉത്കണ്ഠയുളവാക്കുന്നതാണ് എന്നാണ് തനിക്കു തോന്നുന്നത് എന്നാണ് അദ്ദേഹം പറയുന്നത്.