June 5, 2023 Monday

ഇനി മുതൽ സ്മാർട്ട് ലൈസൻസുകൾ: വ്യാജന്മാർക്ക് പിടിവീഴും

Janayugom Webdesk
January 2, 2020 10:22 pm

പി ആർ റിസിയ

തൃശൂർ: സംസ്ഥാനത്ത് പുതുവർഷം മുതൽ നൽകുന്നത് സ്മാർട്ട് ഡ്രൈവിങ് ലൈസൻസുകൾ. മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ മുഴുവൻ ഡ്രൈവിങ് ലൈസൻസുകളും പ്ലാസ്റ്റിക് കാർഡ് രൂപത്തിലാക്കുന്ന പദ്ധതിക്ക് മുഴുവൻ ആർടിഒ ഓഫീസുകളിലും തുടക്കംകുറിച്ചു കഴിഞ്ഞു. ഇതിനായി 18 ആർടിഒ ഓഫീസുകളിലും 61 സബ് ആർടിഒ ഓഫീസുകളിലും പുതിയ സോഫ്റ്റ് വെയർ സംവിധാനം ഒരുങ്ങി. ഇനി മുതൽ അപേക്ഷകർക്ക് പുതിയ സംവിധാനംവഴി സ്മാർട്ട് ലൈസൻസുകൾ ലഭിച്ചു തുടങ്ങും. സ്മാർട്ട് ലൈസൻസുകൾ വ്യാപകമായാൽ വ്യാജലൈസൻസുകാർക്ക് പിടിവീഴും. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ ലൈസൻസ് എടുത്ത് കേരളത്തിലുൾപ്പെടെ ഉപയോഗിക്കുന്ന രീതി ഇതിലൂടെ തടയാനാവുമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു. പുതിയ ഡ്രൈവിംഗ് ലൈസൻസിൽ ക്യൂ ആർ കോഡ്, സർക്കാർ ഹോളോഗ്രാം, മൈക്രോലൈൻ, മൈക്രോ ടെക്സ്റ്റ്, യുവി എംബ്ലം, ഗൈല്ലോച്ച പാറ്റേൺ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളുമുണ്ടാവും. ഇളം മഞ്ഞ, പച്ച, വയലറ്റ് നിറങ്ങൾ കൂടിച്ചേർന്ന നിറത്തിലാണ് കാർഡ് രൂപപ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ മുദ്ര, ഹോളോഗ്രാം, വ്യക്തിയുടെ ചിത്രം, രക്തഗ്രൂപ്പ് എന്നിവ മുൻവശത്ത് തന്നെയാണ്. പിറകുവശത്താണ് ക്യു ആർ കോഡ്. ഇത് സ്കാൻ ചെയ്താൽ ലൈസൻസ് ഉടമയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകും. മാത്രമല്ല, ലൈസൻസ് നമ്പർ, മോട്ടോർ വാഹനവകുപ്പിന്റെ മുദ്ര എന്നിവയും കാർഡിന്റെ ഇരുവശങ്ങളിലും ഉണ്ടാകും. മറ്റു സംസ്ഥാനങ്ങളിലെ ഡ്രൈവിങ് ലൈസൻസിന്റെ ആധികാരികതയും പുതിയ സംവിധാനം വഴി പരിശോധിക്കാനാകും. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസൻസ് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവതരിപ്പിച്ച സാരഥി പദ്ധതിയുടെ ഭാഗമായാണ് മാറ്റം. നിലവിൽ ‘സ്മാർട്ട് മൂവ്’ എന്ന സോഫ്റ്റ് വെയർ വഴിയാണ് ലൈസൻസുകൾ നൽകിവരുന്നത്. ഈ സംവിധാനത്തിൽ ഒരു ഓഫീസിലെ രേഖകൾ മറ്റ് ഓഫീസുകളിൽ ലഭ്യമാകില്ല. കൂടാതെ ലൈസൻസ് മറ്റൊരിടത്തേക്ക് മാറ്റണമെങ്കിൽ മൈഗ്രേഷൻ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കണം.

ഇതുവഴി വ്യാജ ലൈസൻസ് കണ്ടെത്തുന്നതിനും ഏറെ ബുദ്ധിമുട്ടായിരുന്നു. എന്നാൽ ഓൺലൈൻ ലൈസൻസ് നടപടികളിലെ ക്രമക്കേടുകൾ തടയാനും സുരക്ഷ ഉറപ്പാക്കി മികച്ച സേവനം ലഭ്യമാക്കാനും ഏകീകൃത വെബ് അധിഷ്ഠിത സോഫ്റ്റ്വേയറിലൂടെ സാധിക്കും. ഇതുവഴി നൽകുന്ന ഡ്രൈവിങ് ലൈസൻസുകൾക്ക് കേന്ദ്രീകൃത നമ്പർ സംവിധാനവും ഉണ്ടാകും. ഇവ രാജ്യത്തെ എല്ലാ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലും ലഭ്യമാകും. ലൈസൻസ് ഉടമയുടെ രക്ത ഗ്രൂപ്പും അവയവദാനത്തിനുള്ള താൽപര്യവുമെല്ലാം പുതിയ സ്മാർട്ട് കാർഡിൽ നിന്ന് അറിയാൻ സാധിക്കും. ഇത് അപകടമുണ്ടാവുമ്പോഴുള്ള സാധ്യതകളെ മുന്നിൽ കണ്ടാണെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ആർടിഒ ഓഫീസുകളിൽ സാരഥി ഉപയോഗിക്കുന്നവർക്കുള്ള പരിശീലനം പൂർത്തിയായികഴിഞ്ഞു. ഇനി നിലവിലുള്ള ഡ്രൈവിങ് ലൈസൻസുകൾ ഘട്ടംഘട്ടമായി പുതിയ പുതിയ സംവിധാനത്തിലേക്ക് മാറ്റിയെടുക്കേണ്ടതുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.