ദുരിതകാലത്തിന് വിട: സ്മിതയും കുട്ടികളും പുതുജീവിതത്തിലേക്ക്

Web Desk
Posted on June 18, 2019, 3:35 pm

കൊച്ചി : സുമനസ്സുകള്‍ക്ക് നന്ദി. സ്മിത റെനിയും നാല് കുട്ടികളും തങ്ങളുടെ സൗകര്യങ്ങള്‍ നിറഞ്ഞ സ്വന്തം വീട്ടില്‍ പുതു ജീവിതം ആരംഭിക്കും. അമ്മയുടെ സുഹൃത്തിന്റെ ആസിഡ് ആക്രമണത്തില്‍ സാരമായി പരിക്കേറ്റ എട്ടാം ക്ലാസുകാരി സ്മിന സി.എസിനും അനിയത്തിമാര്‍ക്കും പുതിയ വീടിന്റെ താക്കോല്‍ നല്‍കി നന്നായി പഠിക്കണമെന്ന ഉപദേശവും നല്‍കിയാണ് ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ. സഫീറുള്ള യാത്രയായത്.

ആദ്യ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന് പിറവം കോട്ടപ്പുറത്തെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന സമയത്താണ് സ്മിത റെനിയ്ക്കും നാല് കുട്ടികള്‍ക്കും ഒപ്പം താമസിച്ചിരുന്ന സുഹൃത്തില്‍ നിന്നും കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നത്. ഇവരുടെ ദുരിതം അറിഞ്ഞ പൊതുപ്രവര്‍ത്തകരും സുമനസുകളും സഹായ ഹസ്തവുമായി എത്തുകയായിരുന്നു. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിലെ എന്‍.സി.സി അധ്യാപകന്‍ പി.പി. ബാബു, അന്നത്തെ രാമമംഗലം സബ് ഇന്‍സ്‌പെക്ടര്‍ എന്‍.ബി. എബി, പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം എന്നിവരുടെ നേതൃത്വത്തിലാണ് കുട്ടികളുടെയും അമ്മയുടെയും പുനരധിവാസത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത്.

നിര്‍ധന കുടുംബത്തിന് അടച്ചുറപ്പുള്ള വീടിനായുള്ള ശ്രമത്തില്‍ നിരവധിപേര്‍ ഉദാരമായി സംഭാവന നല്‍കി. കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തെ തുടര്‍ന്ന് തുടര്‍ സഹായം എത്തിക്കുന്നതില്‍ തടസം നേരിട്ട സമയത്താണ് ഇവരെ സഹായിക്കാന്‍ ജില്ലാ കളക്ടര്‍ എത്തുന്നത്.പൂര്‍ത്തിയാകാത്ത വീടിന്റെ നിര്‍മ്മാണം കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി.പി വേള്‍ഡ് അവരുടെ സാമൂഹ്യ പ്രതിബദ്ധത പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി എന്ന അന്താരാഷ്ട്ര എന്‍.ജി.ഒയാണ് പൂര്‍ത്തിയാക്കിയത്. 750 സ്‌ക്വയര്‍ ഫീറ്റിലാണ് മൂന്ന് മുറികളോട് കൂടി ഉന്നത ഗുണനിലവാരത്തില്‍ ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

രാവിലെ 10.30 ന് നടന്ന ലളിതമായ ചടങ്ങില്‍ ജില്ലാ കളക്ടര്‍ വീടിന്റെ താക്കോല്‍ അമ്മയ്ക്കും കുട്ടികള്‍ക്കും കൈമാറി. ജില്ലാ വിമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ദീപ എം.എസ്, ഡി.പി വേള്‍ഡ് പ്രതിനിധികളായ ഗിരീഷ് സി. മേനോന്‍, സുധീര്‍ കുമാര്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി പ്രതിനിധി പ്രവീണ്‍ പോള്‍, പിറവം നഗരസഭാ കൗണ്‍സിലര്‍ ജില്‍സ് പെരിയപുറം തുടങ്ങിയവര്‍ പങ്കെടുത്തു.