പുകവലിക്കാരില്‍ കോവിഡ് സാധ്യത കൂടുതലെന്ന് കേന്ദ്രം

Web Desk

ന്യൂഡല്‍ഹി

Posted on July 29, 2020, 4:52 pm

പുകവലിക്കുന്നവരുടെ കയ്യില്‍ നിന്നും വായിലേയ്ക്ക് കൊറോണ വൈറസ് പടരാനുള്ള സാധ്യത കൂടുതലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മൂലം ശ്വാസകോശസംന്ധമായ രോഗങ്ങള്‍ വരികയും കൊറോണ വൈറസ് ബാധ വളരെ വേഗം ഇവര്‍ക്ക് പിടിപെടാനുള്ള സാധ്യതയുണ്ടെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൊറോണ വൈറസ് ബാധിക്കുന്നത് ശ്വാസകോശത്തെയാകയാല്‍ പുകവലിക്കാരില്‍ കോവിഡ് ലക്ഷണങ്ങള്‍ രൂക്ഷമാകാനും കോവിഡ് ബാധിച്ച് മരണപ്പെടാനുമുള്ള സാധ്യത കൂടുതലാണെന്ന് ‘കോവിഡ് മഹാമാരിയും ഇന്ത്യയിലെ പുകയില ഉപയോഗവും’ എന്ന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പുകവലി ശ്വാസകോശത്തിന് കേടുപാടുകള്‍ സൃഷ്ടിക്കുന്നു. ഇതുമൂലം ശ്വാസകോശത്തിലെ രക്തക്കുഴലുകളിലേയ്ക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുന്നു. ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേയ്ക്ക് ശ്വാസം എത്തുന്നതിന് തടസ്സമാകുന്നു. അണുബാധയില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കുന്ന സുരക്ഷാപാളി നശിക്കുന്നതിലൂടെ പുകവലിക്കാരില്‍ രോഗബാധയുണ്ടായാല്‍ അത് ഗുരുതരമാകാൻ സാധ്യതയുണ്ട്. കോവിഡ്-19 പുകവലിക്കാരില്‍ മാരകമായേക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.

പ്രതിവര്‍ഷം 80 ലക്ഷത്തോളം പേര്‍ പുകവലി മൂലവും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നതു മൂലവും മരണപ്പെടുന്നുണ്ട്. പത്തു ലക്ഷത്തോളം പേരാണ് ഇന്ത്യയില്‍ ഇപ്രകാരം മരിക്കുന്നത്. 12 ലക്ഷത്തോളം പേര്‍ പാസ്സീവ് സ്‌മോക്കിങ് വഴിയും ലോകത്ത് മരണപ്പെടുന്നുണ്ട്. ഖൈനി, ഗുട്ട്ക, പാൻ, സര്‍ദ എന്നിങ്ങനെയുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ ചവയ്ക്കുന്നത് വഴി ഇവ തുപ്പേണ്ടി വരുകയും പൊതുസ്ഥലങ്ങളില്‍ തുപ്പുമ്പോള്‍ അത് വഴി രോഗം മറ്റുളളവരിലേയ്ക്ക് പടരാനുള്ള സാധ്യത കൂടുകയും ചെയ്യുന്നു.

Sub: smok­ers will be infect­ed with COVID more faster than oth­ers

You may like this video also