10 November 2025, Monday

Related news

November 9, 2025
November 8, 2025
November 7, 2025
November 7, 2025
November 7, 2025
November 6, 2025
November 5, 2025
November 5, 2025
November 5, 2025
November 4, 2025

സ്മൃതിക്ക് ഒന്നാം സ്ഥാനം നഷ്ടമായി; ലോറ വോള്‍വാര്‍ഡ് ഒന്നാം റാങ്കില്‍

Janayugom Webdesk
ദുബായ്
November 4, 2025 10:11 pm

വനിതാ ഏകദിന ലോകകപ്പിന് ശേഷം പുറത്തുവന്ന ഐസിസി ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സ്മൃതി മന്ദാനയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ലോറ വോള്‍വാര്‍ഡാണ് പുതിയ അവകാശി. ടൂര്‍ണമെന്റിന് മുമ്പ് മന്ദാനയായിരുന്നു ഒന്നാം സ്ഥാനത്ത്. ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനും മന്ദാനയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ ലോകകപ്പിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ വോള്‍വാര്‍ഡ് രണ്ട് സ്ഥാനം ഉയര്‍ന്നു.
ഒമ്പത് ഇന്നിങ്സില്‍ നിന്ന് 571 റണ്‍സാണ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറികളും ഉള്‍പ്പെടും. ഇംഗ്ലണ്ടിനെതിരെ നേടിയ 169 റണ്‍സാണ് വോള്‍വാര്‍ഡിന്റെ ടോപ് സ്‌കോര്‍. 71.37 ശരാശരിയും 98.78 സ്ട്രൈക്ക് റേറ്റും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ക്കുണ്ട്. ഏഴ് സിക്സും 73 ഫോറും വോള്‍വാര്‍ഡ് നേടി. സ്മൃതിയാണ് റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്ത്. ഒമ്പത് ഇന്നിങ്സില്‍ നിന്ന് നേടിയത് 434 റണ്‍സ്.

814 റേറ്റിങ് പോയിന്റാണ് വോള്‍വാര്‍ഡിന്. മന്ദാനയ്ക്ക് 811 പോയിന്റുണ്ട്. അതേസമയം, ജെമീമ റോഡ്രിഗസ് ആദ്യമായി ആദ്യ പത്തില്‍ ഇടം നേടി. ഒമ്പത് സ്ഥാനം മെച്ചപ്പെടുത്തിയ ജെമീമ പത്താം സ്ഥാനത്തേക്ക് കയറി. ആദ്യ പത്തില്‍ മറ്റു ഇന്ത്യന്‍ താരങ്ങളാരുമില്ല. ലോകകപ്പില്‍ റണ്‍വേട്ടയില്‍ ഏഴാം സ്ഥാനത്തായിരുന്നു ജെമീമ. എട്ട് മത്സരങ്ങള്‍ കളിച്ച ജെമീമ ഏഴ് ഇന്നിങ്സുകള്‍ കളിച്ചു. 292 റണ്‍സാണ് സമ്പാദ്യം. സെമി ഫൈനലില്‍ ഓസ്ട്രേലിയയ്ക്കെതിരെ പുറത്താവാതെ നേടിയ 127 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ലോകകപ്പിലെ പ്രകടനമാണ് ജെമീമയ്ക്ക് നേട്ടമായത്.
ആഷ്‌ലി ഗാര്‍ഡ്‌നര്‍ (ഓസ്‌ട്രേലിയ), നതാലി സ്‌കര്‍ ബ്രന്റ് (ഇംഗ്ലണ്ട്), ബേത് മൂണി (ഓസ്‌ട്രേലിയ), അലീസ ഹീലി (ഓസ്‌ട്രേലിയ), സോഫി ഡിവൈന്‍ (ന്യൂസിലാന്‍ഡ്), എല്ലിസ് പെറി (ഓസ്‌ട്രേലിയ), ഹെയ്‌ലി മാത്യൂസ് (വെസ്റ്റ് ഇന്‍ഡീസ്) എന്നിവരാണ് യഥാക്രമം മൂന്ന് മുതല്‍ ഒമ്പത് വരെയുള്ള സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ സോഫി എക്ലെസ്റ്റോണ്‍ ഒന്നാമത് തുടരുന്നു. ഇന്ത്യ ലോകകപ്പ് ഉയര്‍ത്തിയെങ്കിലും ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയ തന്നെയാണ് ഒന്നാമത്. ഇംഗ്ലണ്ടിന് പിന്നില്‍ മൂന്നാമതാണ് ഇന്ത്യ. റണ്ണേഴ്‌സ് അപ്പായ ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.