Web Desk

തിരുവനന്തപുരം

October 15, 2020, 8:50 pm

ഉദ്യോഗാർത്ഥികൾക്കുളള എസ്എംഎസ് സന്ദേശം: ആശയക്കുഴപ്പം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെന്ന് പിഎസ്‌സി

Janayugom Online

കേരള പബ്ലിക് സർവീസ് കമ്മിഷൻ ഓഫീസുകളിൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അയക്കുന്ന എസ് എംഎസ് സന്ദേശങ്ങളുമായി ബന്ധപ്പെട്ട ആശയക്കുഴപ്പം പരിഹരിക്കുന്നതിന് മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാണ കമ്പനികൾക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് പിഎസ്‌സി. ചില കമ്പനികളുടെ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അയച്ചസ്ഥാപനത്തിന്റെ വിശദാംശങ്ങൾ സൂചിപ്പിക്കുന്ന തലക്കെട്ടായി കേരള പബ്ലിക് സർവീസ് കമ്മിഷൻ എന്നതിനു പകരം കർണാടക പബ്ലിക് സർവീസ് കമ്മിഷൻ എന്ന് രേഖപ്പെടുത്തിക്കാണുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.

ഉദ്യോഗാർത്ഥികൾ ഉപയോഗിക്കുന്ന ഫോണുകളുടെ ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിൽ കെപിഎസ്‌സി എന്നതിനുപകരം കർണ്ണാടക പിഎസ്‌സി എന്ന് കോഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാലാണ് ഇത്തരത്തിൽ തെറ്റായി അറിയിപ്പ് ലഭിക്കുന്നത് എന്നാണ് വ്യക്തമാകുന്നത്.

ഇക്കാര്യത്തിൽ തിരുത്ത് വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മൊബൈൽ ഹാൻഡ്സെറ്റ് നിർമ്മാണ കമ്പനികൾക്ക് കത്ത് നൽകിയത്. കേരള പബ്ലിക് സർവീസ് കമ്മിഷനിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ എസ്എംഎസ് ലഭിച്ചാലുടൻ അവരവരുടെ പ്രൊഫൈൽ സന്ദേശങ്ങൾ/ഇ മെയിൽ എന്നിവ കൂടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു. വിവിധ തസ്തികകളുടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട അറിയിപ്പുകൾ മാത്രമാണ് എസ്എംഎസ്/പ്രൊഫൈൽ/ഇ മെയിൽ സന്ദേശങ്ങൾ മുഖേന ഉദ്യോഗാർത്ഥികളെ അറിയിക്കുന്നത്.

you may also like this video