ബേബി ആലുവ

കൊച്ചി

June 28, 2020, 9:45 pm

നാട്ടിലേക്കു മടങ്ങുന്ന പ്രവാസികളെ ഉന്നമിട്ടു കള്ളക്കടത്തുസംഘങ്ങൾ

Janayugom Online

കോവിഡിന്റെ ദുരിതത്തിൽപ്പെട്ട് നാട്ടിലേക്കു മടങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികളെ പ്രലോഭിപ്പിച്ചു വലയിലാക്കാൻ കള്ളക്കത്തു സംഘങ്ങൾ ആസൂത്രിത നീക്കം നടത്തുന്നതായി കസ്റ്റംസിനു വിവരം. ഇത്തരം റാക്കറ്റിനെതിനെ ജാഗ്രത പുലർത്താൻ അധികൃതർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. സമീപ ദിവസങ്ങളിൽ വന്ദേഭാരത് ചാർട്ടേഡ് വിമാനങ്ങളിൽ വിദേശത്തു നിന്നെത്തിയ പ്രവാസികളിൽ നിന്നായി തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ തീരുവ അടയ്ക്കാതെ കടത്തിക്കൊണ്ടു വന്ന ഒന്നരക്കോടിയോളം രൂപയുടെ സ്വർണ്ണം പിടിച്ചെടുത്തിരുന്നു.

ലോക്ക് ഡൗണിലും കള്ളക്കടത്ത് സജീവമായി തുടരുന്നത് അധികൃതരെ അമ്പരപ്പിച്ചിരിക്കുകയാണ്. വിശദമായി നടത്തിയ അന്വേഷണത്തിലാണ്, കോവിഡിന്റെ സാഹചര്യത്തിൽ വിദേശത്ത് കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികളെ ആകർഷകമായ പ്രതിഫലം വാഗ്ദാനം ചെയ്തു സ്വർണ്ണക്കടത്ത് റാക്കറ്റ് കുടുക്കുന്നതായി വ്യക്തമായത്.
കോവിഡ് പിടിമുറുക്കുകയും ലോക്ക് ഡൗൺ നിലവിൽ വരുകയും ചെയ്തതോടെ തൊഴിൽ നഷ്ടപ്പെട്ട് വരുമാനമില്ലാതായ, നിസ്സാര വരുമാനക്കാരായ പ്രവാസി മലയാളികളിലാണ് കള്ളക്കടത്ത് റാക്കറ്റിന്റെ കണ്ണ്.

യാത്രക്കൂലിക്കും നാട്ടിലെത്തിയാലുള്ള ചെലവുകൾക്കും നിർവാഹമില്ലാത്തവരെ കണ്ടെത്തി യാത്രക്കൂലിയും പണവും നൽകി, കോവിഡിന്റെ സാഹചര്യമായതിനാൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ കാര്യമായ പരിശോധനയില്ലെന്നു വിശ്വസിപ്പിച്ചാണ് റാക്കറ്റ് കെണിയിൽപ്പെട്ടുത്തുന്നത്. പ്രലോഭനങ്ങളിൽപ്പെട്ട്, റാക്കറ്റ് ഏൽപ്പിക്കുന്ന കള്ള സ്വർണ്ണവുമായി വിമാനത്തിലെത്തുന്നവരാണ് പിടിയിലാകുന്നത്. വിമാനത്തിലെത്തുന്ന യാത്രക്കാർ സാധാരണയിലും കൂടുതലായുള്ള കർശന പരിശോധനകൾക്ക് ഇപ്പോൾ വിധേയരാക്കേണ്ടി വരുമെന്നുമാണ് കസ്റ്റംസ് നൽകുന്ന അറിയിപ്പ്.

സാധാരണ സമയങ്ങളിൽ വിമാനമിറങ്ങുന്നവർ കൂട്ടം കൂടി വന്നിരുന്നതിനാൽ ദേഹപരിശോധന കാര്യക്ഷമമായിരുന്നില്ല. എന്നാൽ ഇപ്പോൾ വിശദ പരിശോധനയാണ് നടക്കുന്നത്. തിരക്ക് കുറവായതിനാൽ പലപ്പോഴും രണ്ട് ഉദ്യോഗസ്ഥരെയാണ് യാത്രക്കാരുടെ ദേഹപരിശോധനയ്ക്കായി നിയോഗിക്കുന്നത്. സുരക്ഷയുടെ ഭാഗമായി യാത്രക്കാരുടെ പിപി ഇ കിറ്റുകളും പരിശോധിക്കുന്നുണ്ട്.

ENGLISH SUMMARY:smuggling gangs looks for expa­tri­ate those who return back home
You may also like this video