വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത്: നാല് ജീവനക്കാരും ഏജന്റും പിടിയില്‍

Web Desk
Posted on April 13, 2019, 10:47 pm

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം ഉള്‍പ്പെടെ കള്ളക്കടത്തു നടത്തിയ നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയില്‍. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്റ്‌സ്(ഡിആര്‍ഐ) ആണ് അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലെ എയര്‍ ഇന്ത്യസാറ്റ്‌സ് ജീവനക്കാരായ കായംകുളം സ്വദേശി ഫൈസല്‍, പത്തനംതിട്ട സ്വദേശി റോണി, ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ഏജന്‍സിയായ ഭദ്രയുടെ ജീവനക്കാരായ എറണാകുളം സ്വദേശി മെബിന്‍ ജോസഫ്, ആറ്റിങ്ങല്‍ സ്വദേശി നബീല്‍ എന്നിവരും ഇടനിലക്കാരനും തകരപ്പറമ്പില്‍ മൊബൈല്‍ ഷോപ് ഉടമയുമായ ഉവൈസ് എന്നിവരാണ് അറസ്റ്റിലായത്. എല്ലാവരെയും റിമാന്‍ഡ് ചെയ്തതായി ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ ആറുമാസത്തിനിടെ 100 കിലോഗ്രാം സ്വര്‍ണം തിരുവനന്തപുരം വഴി കടത്തിയിട്ടുണ്ടെന്നും കണ്ടെത്തി. വിദേശത്തു നിന്നു കൊണ്ടുവരുന്ന സ്വര്‍ണം കസ്റ്റംസിന്റെ കണ്ണില്‍പ്പെടാതെ പുറത്തെത്തിച്ചിരുന്നത് അറസ്റ്റിലായ ജീവനക്കാരായിരുന്നു. ഒരു കിലോഗ്രാം സ്വര്‍ണം പുറത്തെത്തിച്ചാല്‍ 60,000 രൂപയാണ് കമ്മിഷന്‍. പുലര്‍ച്ചെ എത്തിച്ചേരുന്ന വിമാനങ്ങളിലാണു പതിവായി സ്വര്‍ണം കടത്തിയിരുന്നത്. ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ എയ്‌റോ ബ്രിഡ്ജില്‍ എത്താറില്ല. ദൂരെയുള്ള ടാക്‌സിവേയില്‍ എത്തുന്ന വിമാനങ്ങളില്‍ നിന്ന് എയര്‍പോര്‍ട്ടിലെ ബസിലാണ് യാത്രക്കാരെ ടെര്‍മിനലില്‍ എത്തിക്കുക. ഈ സമയത്താണു ജീവനക്കാര്‍ക്കു സ്വര്‍ണം കൈമാറുക.
സ്വര്‍ണം കൊണ്ടുവരുന്ന യാത്രക്കാരുടെയും ജീവനക്കാരുടെയും ചിത്രങ്ങള്‍ വാട്‌സാപ്പിലൂടെ കൈമാറും. കസ്റ്റംസിന്റെ സാന്നിധ്യം എല്ലായിടങ്ങളിലും ഉണ്ടെങ്കില്‍ ടോയ്‌ലെറ്റില്‍ സ്വര്‍ണം ഉപേക്ഷിക്കുകയും ജീവനക്കാര്‍ കണ്ടെത്തി കൈമാറുകയുമാണ് പതിവായി നടക്കുക. സ്റ്റാഫ് ഗേറ്റിലൂടെ പുറത്തു പോകുന്ന ജീവനക്കാര്‍ക്ക് കാര്യമായ പരിശോധനയുണ്ടാവാറില്ല. ഇതു മുതലെടുത്താണ് സ്വര്‍ണ കടത്തു സംഘങ്ങള്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞയാഴ്ച 50 കിലോഗ്രാം സ്വര്‍ണവുമായി പിടിയിലായ കാസര്‍കോഡ് സ്വദേശി മന്‍സൂര്‍, എറണാകുളം സ്വദേശി കണ്ണന്‍ എന്നിവര്‍ക്ക് സഹായം ചെയ്തു നല്‍കിയ മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരന്‍ അറസ്റ്റിലായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇപ്പോഴത്തെ അറസ്റ്റ്. ഇടനിലക്കാരന്റെ കൈയില്‍ നിന്ന് അക്കൗണ്ട് വഴി പാരിതോഷികം കൈപ്പറ്റിയ ജീവനക്കാരെ പിരിച്ചു വിടണമെന്നും ഡിആര്‍ഐ ശുപാര്‍ശ ചെയ്തിട്ടുണ്ട്.