Tuesday
19 Feb 2019

പാമ്പുകള്‍

By: Web Desk | Tuesday 24 July 2018 6:19 PM IST

Chittar anandan

ചിറ്റാര്‍ ആനന്ദന്‍

പാമ്പുകള്‍ ഇഴജന്തുക്കളുടെ വിഭാഗത്തില്‍പ്പെടുന്ന ജീവിയാണ്. പല്ലികള്‍, കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയജീവികള്‍ എന്നിവയുമായി ഇവയ്ക്ക് അടുത്തബന്ധമാണുള്ളത്. ഭൂലോകത്താകമാനം ഏകദേശം 2700 ഇനം പാമ്പുകള്‍ ഉള്ളതില്‍ 275 ജാതികളെ ഭാരതത്തില്‍ കാണപ്പെടുന്നു. കേരളത്തില്‍ 110 ഇനം പാമ്പുകള്‍ ഉള്ളതില്‍ ഉഗ്രവിഷമുള്ളവ 25 ഉം നേരിയ വിഷമുള്ളവ 14ഉം വിഷമില്ലാത്തവ 71 ഉം എന്നാണ് ഗവേഷകരുടെ അഭിപ്രായം. ശംഖുവരയന്‍, രക്തഅണലി, കുഴിമണ്ഡലി, മൂര്‍ഖന്‍ എന്നിവ അത്യുഗ്രവിഷമുള്ള പാമ്പുകളാണ്. ഇവയെ ‘ഫോര്‍ബിഗേഴ്‌സ്’എന്ന് അറിയപ്പെടുന്നു.
ഏറ്റവും നീളം കൂടിയ പാമ്പായി കണക്കാക്കിയിട്ടുള്ളത് 33 അടി നീളമുള്ള പെരുമ്പാമ്പിനെയാണ്(Python Reticulatus) ഇതിനെ തെക്കു കിഴക്കന്‍ ഏഷ്യയിലാണ് സാധാരണ കണ്ടു വരുന്നത്. സൗത്ത് അമേരിക്കയില്‍ കാണുന്ന അനക്കൊണ്ടയാണ് ഏറ്റവും ഭാരവും വലിപ്പവുമുള്ള പാമ്പ് (Eunectes Murinus).കൂടുകൂട്ടി മുട്ടയിട്ട് അടയിരുന്ന് കുഞ്ഞുങ്ങളെ വിരിയിക്കുന്ന ഏകപാമ്പാണ് രാജവെമ്പാല. പാമ്പുകള്‍ ശീതരക്തമുള്ള ജീവികളാണ്. ഇവയുടെ ശരീര ഊഷ്മാവ് 25ം30ംര ആകുന്നു. ആയുസ്സ് ദൈര്‍ഘ്യം 20-25 വര്‍ഷമായി കണക്കാക്കുന്നു. എന്നാല്‍ വനത്തിനുള്ളില്‍ വസിക്കുന്ന പാമ്പിന്റ ആയുസ്സ് വ്യത്യസ്തമായിരിക്കും പാമ്പുകള്‍ വര്‍ഷത്തില്‍ മൂന്നു മുതല്‍ ആറുപ്രാവശ്യം വരെ പടം (അള) പൊഴിക്കാറുണ്ട്. ജനിച്ച് 50-60 ദിവസത്തിനുള്ളില്‍ തന്നെ ആദ്യത്തെ ചര്‍മ്മം ഊരാറുണ്ട്. ക്ഷയോന്മുഖമാകുന്ന ചര്‍മ്മത്തെ പുതുമയുള്ളതാക്കുന്നതിനും മാലിന്യങ്ങളെയും പരാന്നഭോജികളേയും കളയാനുമാണ് ഇപ്രകാരം ചെയ്യുന്നത്.

കാഴ്ചയും ശ്രവണവും
പാമ്പിനു കണ്‍പോളകളില്ലാത്തതിനാല്‍ കണ്ണിനെ നേരിയ ചര്‍മ്മം കൊണ്ടു മൂടി സംരക്ഷിക്കുന്നു. പൊതുവെ കാഴ്ചശക്തി കുറവാണ്. ശ്രവണശക്തിയില്ലാത്തതിനാല്‍ ഭൂമിയെ സ്പര്‍ശിച്ച് സഞ്ചരിക്കുമ്പോള്‍ അനുഭവവേദ്യമായ ശബ്ദ തരംഗങ്ങളിലൂടെയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ രണ്ടായി പിളര്‍ന്നിരിക്കുന്ന നാക്ക് പുറത്തേക്ക് നീട്ടി ഗന്ധമെടുത്തും കാഴ്ച്ചക്കുറവിന്റെയും ശ്രവണമില്ലായ്മയുടേയും കുറവ് പരിഹരിക്കുന്നു.

പാമ്പുവിഷം
പാമ്പുകള്‍ ഇരപിടിക്കുമ്പോഴും ഭയന്നും ഉപദ്രവം ഉണ്ടാകുമ്പോഴുമാണ് കടിക്കുന്നത്. നാക്ക് നീട്ടി ഇരയുടെ ശരീര ഊഷ്മാവ് എത്രയെന്നറിഞ്ഞ് ആയതിന് ആവശ്യമായ അളവില്‍ വിഷം വിഷപ്പല്ലുകളിലൂടെ സ്രവിപ്പിക്കുന്നു. പാമ്പുവിഷത്തിലെ പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീന്‍. ഇവയുടെ ദഹന പ്രക്രിയക്കും പ്രോട്ടീന്‍ സഹായകമാകുന്നു. വിഷം ഉല്പാദിപ്പിക്കുന്നതിന് ധാരാളം ഊര്‍ജ്ജം ആവശ്യമായതിനാല്‍ ഊര്‍ജ്ജ നഷ്ടം ഒഴിവാക്കാന്‍ ഇവ പരമാവധി ശ്രമിക്കാറുണ്ട്. ജൈവ വൈവിധ്യം നിലനിര്‍ത്തുന്നതിലും ജൈവ നിയന്ത്രണത്തിലും പാമ്പുകള്‍ നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. പാമ്പുവിഷം നിരവധി രോഗങ്ങള്‍ക്ക് ഔഷധമായും ഉപയോഗിക്കുന്നു. പാമ്പുകളുടെ സംരക്ഷണാര്‍ത്ഥം ജൂലൈ 16 ലോക പാമ്പ് ദിനമായി ആചരിച്ചു വരുന്നു. പാമ്പുകളും ഈ ഭൂമിയുടെ അവകാശികളാണ്. അവയെ നമുക്ക് കൊല്ലാതിരിക്കാം.

കടിച്ചത് വിഷമുള്ള പാമ്പാണോ എന്നറിയാന്‍
കടിയേറ്റ ഭാഗത്തു നീരും വേദനയും കുത്തിനോവും പുകച്ചിലും ചൊറിച്ചിലും മറ്റും ഉണ്ടായാല്‍ വിഷമുള്ള പാമ്പാണു കടിച്ചതെന്നു മനസ്സിലാക്കാം. വായില്‍ നിന്നും ഒരു തരം വെള്ളം ഊറിക്കൊണ്ടിരിക്കുന്നില്ലെങ്കില്‍ വിഷം കൃത്യമായ അളവില്‍ ഏറ്റിട്ടില്ലെന്നാണ് വിഷ വൈദ്യന്മാരുടെ അഭിപ്രായം.

പ്രഥമ ശുശ്രൂഷകള്‍
കടിയേറ്റ ഭാഗത്തിനു മുകളിലായി (ഒരു കൈപ്പത്തി നീളം) തുണിക്കഷ്ണമോ, ചരടോ ഉപയോഗിച്ച് രക്തസഞ്ചാരം തടസ്സപ്പെടാത്തവണ്ണം (അധികംമുറുക്കാതെ) കെട്ടുക. ഏതെങ്കിലും ആന്റിസെഫ്റ്റിക് കലര്‍ത്തിയ വെള്ളത്തിലോ ശുദ്ധ ജലത്തിലോ അമര്‍ത്തി കഴുകി മുറിവായിലെ രക്തം കളയുക. ഭയപ്പെടുകയോ ഓടുകയോ ചെയ്യാതെ എത്രയും വേഗം ശാസ്ത്രീയവും ഫലപ്രദവുമായ ചികിത്സ ലഭിക്കുന്ന ആശുപത്രിയില്‍ എത്തുക. പാമ്പുകടിയേല്‍ക്കാതിരിക്കാനും, ഇരുട്ടത്തു വെളിച്ചം ഉപയോഗിച്ചു സഞ്ചരിക്കാനും ശ്രദ്ധിക്കുക.

നഷ്ട പരിഹാരം:
വന്യമൃഗങ്ങളുടെ ആക്രമണത്തിനു വിധേയരായവര്‍ക്കുള്ള നഷ്ട പരിഹാരം 1980 (The Kerala rules For Payment of Compensation to Victim of Attack by Wild Animals,1980) ഭേദഗതി 2005 ഉത്തരവ് Go.Rt-No.41/2005/F& WLD dt. 20012005)പ്രകാരം പാമ്പുകടിയേറ്റവര്‍ക്ക് (വനത്തിനു പുറത്തുവച്ചായാലും) ചികിത്സാച്ചിലവും മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്കു നഷ്ടപരിഹാരവും നല്‍കും. വന്യജീവികളുടെ ആക്രമണത്തിനു വിധേയരായവര്‍, കൃഷി നഷ്ടപ്പട്ടവര്‍ അതാത് പ്രദേശത്തിന്റെ അധികാരമുള്ള ഡിവിഷണല്‍ ഫോറസ്റ്റ് ആഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഓണ്‍ലൈന്‍ വഴിയും അപേക്ഷിക്കാവുന്നതാണ്.

Related News