Web Desk

ചങ്ങനാശേരി

November 14, 2020, 6:56 pm

രക്തദൗർലഭ്യത്തിന് പരിഹാരം; സ്നേഹവാഹിനി യാത്ര തുടങ്ങി

Janayugom Online
സ്നേഹവാഹിനിയുടെ ആദ്യ യാത്ര ചങ്ങനാശേരി ഡിവൈ എസ് പി വി.ജെ.ജോഫി ഫ്ലാഗ് ഓഫ് ചെയ്യുന്നു

കോവിഡ് ഭീഷണി മൂലം കടുത്ത രക്തദൗർലഭ്യം നേരിടുന്ന കോട്ടയം മെഡിക്കൽ കോളേജിലേക്ക് രക്തദാതാക്കളെ എത്തിക്കുന്നതിന് വേണ്ടി ബ്ലഡ് ഡൊണേഴ്സ് കേരളയുടെ കോട്ടയം യൂണിറ്റും കെ എൽ 33 ചങ്ങനാശേരി ഫേസ്ബുക്ക് കൂട്ടായ്മയും സംയുക്തമായി പ്രവർത്തിച്ചു കൊണ്ട് നടപ്പാക്കുന്ന സ്നേഹവാഹിനി മിഷന് ചങ്ങനാശേരിയിൽ തുടക്കം കുറിച്ചു. പായിപ്പാട് നിന്ന് നിന്ന് തുടങ്ങിയ ആദ്യ യാത്രയിൽ കുന്നുംപുറം, നാലുകോടി, മാടപ്പള്ളി, തെങ്ങണ മുതലായ സ്ഥലങ്ങളിൽ നിന്ന് രക്തദാതാക്കളെ അവരുടെ സ്റ്റോപ്പുകളിൽ നിന്ന് സ്വീകരിച്ച് തുടർന്ന് ചങ്ങനാശേരി പെരുന്ന ബസ് സ്റ്റാൻഡിൽ എത്തിയ ആദ്യ യാത്രയ്ക്ക് ചങ്ങനാശേരി ഡിവൈഎസ്പി വിജെ ജോഫി ഫ്ലാഗ് ഓഫ് കർമ്മം നിർവ്വഹിച്ചു. സന്നദ്ധരക്തദാനമുൾപ്പെടയുള്ള സാമൂഹിക സേവനരംഗത്ത് ബി. ഡി. കെയുടേയും, കെഎൽ 33 ഫേസ്ബുക്ക് കൂട്ടായ്മയുടെയും സാന്നിധ്യം മാതൃകാപരവും, അഭിനന്ദനിയവുമാണെന്നും വിജെ ജോഫി പറഞ്ഞു

രക്തദൗർലഭ്യം മൂലം നിരവധി രോഗികൾക്ക് സർജറി ഉൾപ്പെടെയുള്ള ചികിത്സകൾക്ക് കാലതാമസം നേരിടുന്ന സാഹചര്യത്തിലാണ് ബിഡികെ ഉൾപ്പെടെയുള്ള രക്തദാനസംഘടനകൾ രക്തദാതാക്കളെ ആശുപത്രികളിലെത്തിക്കാൻ പ്രതിജ്ഞാബദ്ധമായി പ്രവർത്തിക്കുന്നത്. എന്നാൽ യാത്രസൗകര്യങ്ങളുടെ കുറവ് മൂലം പലപ്പോഴും രക്തദാതാക്കൾക്ക് സമയത്ത് എത്താൻ കഴിയാതെ വരുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തുന്നതിന്റെ തുടക്കമാണ് ഈ മിഷൻ.

നിലവിൽ എല്ലാ ശനിയാഴ്ചയും ചങ്ങനാശേരി ഭാഗത്ത് നിന്ന് രാവിലെ 8 ന് പുറപ്പെട്ട് രക്തദാനത്തിന് ശേഷം ഉച്ചക്ക് ഒന്നോടെ തിരികെയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിട്ടുള്ളത്. കൂടുതൽ ദിവസങ്ങളിലേക്കും, ജില്ലയുടെ കൂടുതൽ ഭാഗങ്ങളിൽ നിന്നും രക്തദാതാക്കൾക്ക് സൗജന്യ യാത്ര നടപ്പിലാക്കി സന്നദ്ധരക്തദാനത്തിന് പരമാവധി പ്രോത്സാഹനം നൽകുന്നതിന് മറ്റ് സാമൂഹിക സംഘടനകളുടെയും, സ്ഥാപനങ്ങളുടെയും സഹായവും തേടുന്നുണ്ടെന്നും സംഘാടകർ അറിയിച്ചു. സ്നേഹവാഹിനി മിഷന്റെ ആദ്യയാത്രയിൽ 19 രക്തദാതാക്കൾ പങ്കാളികളായി.

കെ എൽ 33 ഫേസ്ബുക്ക് കൂട്ടായ്മയുടെ അഡ്മിൻമാരായ ബാലു, മോബിൻ, ബ്ലഡ് ഡൊണേഴ്സ് കേരള യുടെ സംസ്ഥാന അധ്യക്ഷൻ വിനോദ് ഭാസ്കർ, ബി. ഡി. കെ കോഓർഡിനേറ്റർമാരായ സച്ചിൻ, ജിനു, സാമൂഹിക പ്രവർത്തകൻ കലേഷ് ചങ്ങനാശേരി എന്നിവർ പങ്കെടുത്തു.

സ്നേഹവാഹിനി മിഷൻ: 919074082258,919562895079, 919585121403,9197447 84314.

Eng­lish sum­ma­ry: Sne­havahi­ni mis­sion in Kottayam