വ്യാജവാറ്റ്: സൗദിയില്‍ പിടിയിലായവരില്‍ ഏറെയും മലയാളികള്‍

Web Desk
Posted on July 15, 2019, 9:18 pm

കെ രംഗനാഥ്

ദമ്മാം: സൗദി അറേബ്യയിലെ ജയിലുകള്‍ ഇന്ത്യാക്കാരെ കൊണ്ടുനിറയുന്നു. ദമ്മാം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നവരില്‍ മാത്രം 216 ഇന്ത്യാക്കാര്‍. വ്യാജവാറ്റ്, കള്ളച്ചാരായ കച്ചവടം എന്നീ മേഖലകളില്‍ ‘പ്രതിഭ’ തെളിയിച്ച് അറസ്റ്റിലായ നൂറില്‍പരം പേരില്‍ അറുപതിലേറെയും മലയാളികള്‍. തീവ്ര സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിവിധ കുറ്റങ്ങള്‍ക്കായി പിടികൂടി നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന നൂറുകണക്കിന് ഇന്ത്യാക്കാരില്‍ നല്ലൊരു പങ്കും മലയാളികളാണ്. സൗദി ബഹ്‌റൈന്‍ കടല്‍പ്പാലത്തില്‍ നിന്നു പിടിക്കപ്പെട്ടവരാണ് മദ്യക്കടത്ത്, വ്യാജവാറ്റ് കേസുകളിലെ മലയാളികളില്‍ നല്ലൊരു പങ്കും.

ദമ്മാമിലേയ്ക്ക് കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ്, ജൂബൈല്‍, ഇഖ്ബ ജയിലുകളിലുള്ള ഇന്ത്യാക്കാരെയും മാറ്റിക്കൊണ്ടിരിക്കുന്നു. ‘നവയുഗം’ സാംസ്‌കാരിക വേദിയുടെ സൗദിയിലെ സാരഥികളിലൊരാളും ഇന്ത്യന്‍ ദേശീയ നാരീപുരസ്‌കാര ജേതാവുമായ മഞ്ജുമണിക്കുട്ടന്റെ നേത്യത്വത്തില്‍ ദമ്മാം ജയില്‍ സന്ദര്‍ശിച്ചപ്പോഴാണ് ജയിലില്‍ ഇന്ത്യാക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നുവെന്ന് ബോധ്യമായത്. ഇന്ത്യന്‍ എംബസിയിലെ ക്ഷേമകാര്യ വിഭാഗം സെക്രട്ടറി വിജയകുമാര്‍ സിങ്, സാമൂഹ്യ പ്രവര്‍ത്തകനായ ഷാജിവയനാട് എന്നിവരും സംഘത്തിലുണ്ടായിരുന്നു. സൗദിയില്‍ വരാനിരിക്കുന്ന പൊതുമാപ്പിനു മുന്നോടിയായി പരമാവധി ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് മൂന്നുദിവസം നീണ്ടുനിന്ന ജയില്‍ സന്ദര്‍ശനമെന്ന് മഞ്ജുമണിക്കുട്ടന്‍ അറിയിച്ചു.

ഇന്ത്യന്‍ തടവുകാരില്‍ അഞ്ചുപേര്‍ കൊലക്കേസില്‍ പ്രതികളാണ്. അന്വേഷണം പൂര്‍ത്തിയായ രണ്ടുകേസുകളില്‍ ഒരാള്‍ക്കു വധശിക്ഷ വിധിച്ചുകഴിഞ്ഞു. കഴിഞ്ഞ റംസാന്‍ കാലത്ത് സൗദിരാജാവ് പ്രഖ്യാപിച്ച ശിക്ഷാ ഇളവിനര്‍ഹരായ പകുതിപ്പേരെ നാട്ടിലെത്തിച്ചു കഴിഞ്ഞു. നൂറുകണക്കിന് ഇന്ത്യന്‍ തടവുകാരില്‍ 850 പേരെ ഉടന്‍ മോചിപ്പിക്കാമെന്ന് സൗദി കിരീടാവകാശി സല്‍മാന്‍ രാജകുമാരന്‍ ഫെബ്രുവരിയില്‍ ഇന്ത്യക്ക് ഉറപ്പു നല്‍കിയിരുന്നു.

you may also like this video