ശോഭാസുരേന്ദ്രന്‍ കടുത്ത നിലപാടിലേക്ക്

ഒരു വിഭാഗം സംസ്ഥാന നേതാക്കളും ഒപ്പം
കെ രംഗനാഥ്

തിരുവനന്തപുരം:

Posted on November 21, 2020, 10:49 pm

കെ രംഗനാഥ്

ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവും സംസ്ഥാന വെെസ് പ്രസിഡന്റുമായ ശോഭാ സുരേന്ദ്രന്‍ കടുത്ത നിലപാടിലേക്ക് എന്ന് സൂചന. ഒരുവിഭാഗം സംസ്ഥാന നേതാക്കളും അവരോടൊപ്പം ഉറച്ചുനില്ക്കുന്നുണ്ട്. പാര്‍ട്ടിയില്‍ കേരളത്തിന്റെ ചുമതലയുള്ള സി പി രാധാകൃഷ്ണന്‍ നേരിട്ട് ടെലിഫോണിലൂടെ അഭ്യര്‍ത്ഥിച്ചുവെങ്കിലും വെള്ളിയാഴ്ച നടന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റിയോഗം ശോഭാ സുരേന്ദ്രന്‍ ബഹിഷ്കരിക്കുകയായിരുന്നു. 53 അംഗ കോര്‍കമ്മിറ്റിയില്‍ പത്തോളം പേര്‍ സംബന്ധിക്കാത്തതും ശ്രദ്ധേയമായി.

ശോഭാ സുരേന്ദ്രനെ ഒറ്റപ്പെടുത്തിയും പ്രകോപിപ്പിച്ചും പുറത്തേക്കുള്ള വഴിയൊരുക്കാന്‍ കേന്ദ്രമന്ത്രി വി മുരളീധരനും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും ശ്രമിക്കുന്നവെന്ന് പാര്‍ട്ടിയിലെ വിമതപക്ഷത്തിന്റെ ആരോപണം കനക്കുന്നതിനിടെയാണ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തിലാകട്ടെ പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള മഹാഭൂരിപക്ഷം വരുന്ന വിമതപക്ഷം ഔദ്യോഗിക നേതൃത്വത്തെ നിര്‍ത്തിപ്പൊരിക്കുകയും ചെയ്തു. ഭാരവാഹികളായും സ്ഥാനാര്‍ത്ഥികളായും സ്വന്തക്കാരെ പ്രതിഷ്ഠിച്ചതുമൂലം സംസ്ഥാനത്തുടനീളം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ റിബലുകളുടെ മഹാവേലിയേറ്റം തന്നെയുണ്ടായതിന് മുരളീധരനും സുരേന്ദ്രനും മറുപടി നല്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ബിജെപിയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് കാത്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. കാലുമാറ്റം കലയും ബിസിനസുമാക്കിയ എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ വെെസ് പ്രസിഡന്റാക്കാന്‍ ഡല്‍ഹിയിലിരുന്നു ചരടുവലിച്ച കേന്ദ്രമന്ത്രി വി മുരളീധരനാണ് കേരളത്തില്‍ പാര്‍ട്ടിയുടെ അടിവേരു തോണ്ടിയ വിഭാഗീയതയ്ക്കു തിരികൊളുത്തിയതെന്ന് കണ്ണൂരില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവ് ആഞ്ഞടിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശോഭാ സുരേന്ദ്രന് പുറത്തേക്കുള്ള വഴി തുറന്നിടുന്ന വര്‍ത്തമാനമാണ് കോര്‍കമ്മിറ്റി യോഗത്തില്‍ സുരേന്ദ്രന്‍ നടത്തിയതെന്നായിരുന്നു മറ്റൊരു സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ആരോപണം. കോര്‍കമ്മിറ്റി യോഗത്തിനു മുമ്പും ഇന്നലെയും ശോഭാസുരേന്ദ്രന്‍ സംസ്ഥാന നേതൃത്വത്തിലെ വിമതനേതാക്കളുമായി ചര്‍ച്ചകള്‍ നടത്തിയെന്നുമറിയുന്നു. രണ്ടു ജനറല്‍ സെക്രട്ടറിമാരും ശോഭയുടെ പക്ഷത്തേക്ക് ചാഞ്ഞിട്ടുണ്ട്. ഒപ്പം പാര്‍ട്ടി വക്താവ് സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട അഭിഭാഷകനായ യുവനേതാവും ശോഭയോടൊപ്പമുണ്ട്.

പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയെ കണ്ട് പാര്‍ട്ടി വിടുന്ന കാര്യം ശോഭയും കൂടെയുള്ളവരും അറിയിക്കുമെന്ന് ശോഭാ സുരേന്ദ്രനുമായി അടുത്തവൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. അതിനുമുമ്പ് ഇന്നലെ ചെന്നെെയിലുണ്ടായിരുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കാന്‍ ശോഭയുടെ മേല്‍ കൂടെയുള്ളവര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ അമിത്ഷായെ കണ്ടാല്‍ പ്രശ്നത്തിന് അടിയന്തര പരിഹാരമുണ്ടാക്കാതെ കാര്യങ്ങള്‍ വലിച്ചുനീട്ടിക്കൊണ്ടു പോകുമെന്നതിനാല്‍ അതു വേണ്ടെന്ന് ശോഭാ സുരേന്ദ്രന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. അതായത് പുറത്തേക്കുള്ള വഴി എത്രയും വേഗം തന്നെ തുറന്നുകിട്ടണമെന്നാണ് ശോഭാ സുരേന്ദ്രന്റെ ഉള്ളിലിരിപ്പ്. ഇതിനിടെ ശോഭയെ പരമാവധി പ്രകോപിപ്പിക്കാനുള്ള നീക്കങ്ങള്‍ മുരളി-സുരേന്ദ്രന്‍ അച്ചുതണ്ടില്‍ നിന്നും വരുംനാളുകളിലുണ്ടാകുമെന്നും ഉറപ്പ്.

നഡ്ഡയുമായുള്ള കൂടിക്കാഴ്ച നടക്കുന്നതിനു മുമ്പുതന്നെ ശോഭയെ പുകച്ചു പുറത്തുചാടിക്കാനുള്ള തന്ത്രങ്ങളാവും ഔദ്യോഗികപക്ഷം എടുത്തുപയറ്റുക. സംഗതികള്‍ കൂടുതല്‍ വഷളാക്കിയാല്‍ ശിഥിലമായ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ കുമ്മനം, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, സി കെ പത്മനാഭന്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയവരടങ്ങുന്ന നീണ്ടനിര പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തില്‍ പരസ്യമായ കലാപത്തിനിറങ്ങുമെന്നും വിമതപക്ഷത്തോടടുത്ത കേന്ദ്രങ്ങള്‍ പറയുന്നു.

ENGLISH SUMMARY: SOBHA SURENDRAN BJP MORE UPDATES

YOU MAY ALSO LIKE THIS VIDEO