Web Desk

തിരുവനന്തപുരം

February 03, 2021, 5:41 pm

ശോഭാ സുരേന്ദ്രന്‍ ബഹിഷ്കരണം തുടരുന്നു; ജെ പി നന്ദയെ സ്വീകരിക്കാന്‍ എത്തിയില്ല

Janayugom Online

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നന്ദയെ സ്വീകരിക്കാനോ,കാണാനോ ശോഭാ സുരേന്ദ്രൻ തിരുവനന്തപുരത്ത് എത്തിയില്ല. തൃശൂരിൽ നടക്കുന്ന പൊതുയോഗത്തിലും ശോഭാ സുരേന്ദ്രന്‍ പങ്കെടുക്കാന്‍ തയ്യാറാകില്ലെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.ശോഭാ സുരേന്ദ്രൻ സംസ്ഥാന നേതൃയോഗങ്ങളിൽ ഒന്നും പങ്കെടുക്കുന്നില്ല. നദ്ദയെ കാണാനായി ശോഭ ഡൽഹിയിൽ എത്തിയിരുന്നു. എന്നാൽ കാണാൻ പറ്റിയില്ല. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തുകയും ചെയ്തു. താൻ ഉന്നയിച്ച വിഷയത്തിൽ പരിഹാരം ഉണ്ടായില്ലെന്നതാണ് ശോഭയുടെ മാറി നിൽക്കലിന് കാരണം. കോർ കമ്മറ്റിയിൽ ഇനിയും തന്നെ ഉൾപ്പെടുത്തിയില്ല. ഈ സാഹചര്യത്തിൽ നദ്ദയുടെ യോഗങ്ങളിൽ കാഴ്ചക്കാരിയാകാൻ ഇല്ലെന്ന നിലപാടിലാണ് ശോഭാ സുരേന്ദ്രൻ.

ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നത് നാണക്കേടാകുമെന്ന വിലയിരുത്തൽ സംസ്ഥാന നേതൃത്വത്തിനുണ്ട്. ഈ സാഹചര്യത്തിൽ തൃശൂരിലെ പരിപാടിയിൽ അവരെ എത്തിക്കാൻ സമ്മർദ്ദവും ശക്തമാണ്. ബിജെപിയിലെ ചില മുതിർന്ന നേതാക്കൾ ഇതിന് ശ്രമം നടത്തുന്നുണ്ട്. മത്സരിക്കാൻ ശോഭയ്ക്ക് മികച്ച സീറ്റടക്കം നൽകാനാണ് ധാരണ. എന്നാൽ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടാകണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് അവർ. അതുകൊണ്ട് തന്നെ തൃശൂരിൽ അവർ എത്തുമോ എന്ന് ആർക്കും പറയാനാകാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തനായാണ് നദ്ദ കേരളത്തിൽ എത്തുന്നത്.

കോർകമ്മറ്റിയോഗത്തിലും സംസ്ഥാന കമ്മറ്റി യോഗത്തിലും ജെപി നദ്ദ പങ്കെടുക്കും. രാത്രി എൻഡിഎ യോഗത്തിൽ പങ്കെടുക്കുന്ന നദ്ദ നാളെ രാവിലെ തൃശൂരിലേക്ക് തിരിക്കും. കലഹം തീർക്കാൻ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ വേണമെന്ന ആവശ്യവും പാർട്ടിയിൽ ശക്തമാണ് മിഷൻ കേരള പ്രാവർത്തികമാക്കാൻ ബിജെപി ദേശീയ നേതൃത്വം നേരിട്ട് കളത്തിലിറങ്ങുകയാണ് . പദ്ധതികളും തന്ത്രങ്ങളും എല്ലാം ആവിഷ്‌കരിക്കുക ഇനി ദേശീയ നേതൃത്വം തന്നെയാകും. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ സാധ്യത കണക്കാക്കിയ എ ക്ലാസ് മണ്ഡലങ്ങളിലെയടക്കം മുന്നൊരുക്കങ്ങൾ ദേശീയ അധ്യക്ഷൻ നേരിട്ട് വിലയിരുത്തും. എന്നാല്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിലെ ഗ്രൂുപ്പ് പോര് പാര്‍ട്ടി നേതൃത്വത്തെ ഏറെയല്ല അസ്വസ്ഥമാക്കിയിരിക്കുന്നത്.ആര്‍എസ്എസ് ‑ബിജെപി കോര്‍ കമ്മിറ്റിയില്‍ പോലും പങ്കെടുക്കാതെ ശോഭ സുരേന്ദ്രന്‍ ബഹിഷ്കരിക്കുകയായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ബിജെപി ദേശിയ പ്രഡിഡന്‍റിന്‍റെ കേരള സന്ദര്‍ശനവും. നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം പാര്‍ട്ടി അധ്യക്ഷന്‍ നല്‍കിയിട്ടുണ്ട്.

ജെപിനന്ദ ബിജെപി നേതാക്കൾക്ക് പുറമേ എൻഡിഎ ഘടകക്ഷികളുമായും ചർച്ച നടത്തും . പ്രമുഖ വ്യക്തികളും സാമൂദായിക നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ആദ്യ ദിനത്തിലെ പ്രധാന പരിപാടികളിൽ ഉൾപ്പെടുന്നു. സംസ്ഥാന കോർകമ്മറ്റിയിലും ജെപി നദ്ദ പങ്കെടുക്കും. സംസ്ഥാന കമ്മറ്റിയിൽ പങ്കെടുക്കേണ്ട വ്യക്തിയാണ് ശോഭാ സുരേന്ദ്രൻ. വി.മുരളീധരൻ പക്ഷവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ശീതസമരത്തിൽ തുടരുന്ന ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ശോഭാ സുരേന്ദ്രനോട് അടിയന്തിരമായ പൊതുരംഗത്ത് സജീവമാകാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിർദ്ദേശം എത്തിയിരുന്നു. ബിജെപിയോട് ആഭിമുഖ്യം പുലർത്തുകയും ബിജെപി പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും ചെയ്യുന്ന വനിതകളെ പിന്നോട്ടടിപ്പിക്കാൻ വിവാദം ഇടവരുത്തിയേക്കും എന്ന വിലയിരുത്തലിനെ തുടർന്നാണ് ശോഭാ സുരേന്ദ്രനെ നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തനങ്ങളിൽ സജീവമാകാൻ അമിത് ഷാ നിർദ്ദേശം നൽകിയത്. പക്ഷേ ഇതും ശോഭ അംഗീകരിച്ചില്ല.

ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖയായ ശോഭാ സുരേന്ദ്രൻ മാറി നിൽക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്നു കേന്ദ്ര നേതൃത്വം മുൻപ് തന്നെ വിലയിരുത്തിയിരുന്നു. പക്ഷെ ഇപ്പോഴത്തെ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഈ വിട്ടു നിൽക്കൽ സംഘടനാ പരമായ അടിത്തറയെ തന്നെ ബാധിക്കും എന്ന തിരിച്ചറിവിൽ നിന്നാണ് ശോഭയോട് സജീവമാകാൻ അമിത് ഷാ ആവശ്യപ്പെട്ടത്. വി.മുരളീധരൻ ഗ്രൂപ്പുമായി ഇടഞ്ഞതോടെയാണ് ശോഭ ശീതസമരം തുടങ്ങിയത്. തുടർന്ന് പൊതുരംഗത്ത് നിന്നും ശോഭ നിഷ്‌ക്രമിക്കുകയായിരുന്നു.ശോഭയുടെ അസാന്നിധ്യത്തിൽ ഗ്രൂപ്പ് പോരുകൾ ശക്തമാവുകയും ശോഭയോട് അടുപ്പമുള്ള നേതാക്കൾ വേറെ ഗ്രൂപ്പ് യോഗം ചേർന്നതായി വാർത്തകൾ വരുകയും ചെയ്തിരുന്നു. ഈ ഘട്ടത്തിൽ തന്നെയാണ് വി.മുരളീധരൻ സ്മിതാ മേനോൻ വിവാദം കയറി കത്തിയത്.

കെ.സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറിയായ ശോഭയെ വൈസ് പ്രസിഡന്റ് ആയി മാറ്റിയിരുന്നു. സംസ്ഥാന പ്രസിഡന്റ് പദവി പ്രതീക്ഷിച്ചിരുന്ന ശോഭയെ സംബന്ധിച്ചിടത്തോളം ഈ നീക്കങ്ങൾ അപ്രതീക്ഷിതമായിരുന്നു. ഇതോടെയാണ് പൊതുരംഗത്ത് നിന്നും ചാനൽ ചർച്ചകളിൽ നിന്നും പിൻവലിഞ്ഞു നേതൃത്വത്തിന്നെതിരെ ശീതസമരവുമായി ശോഭ രംഗത്ത് വന്നത്. സംസ്ഥാന ബിജെപി ഘടകത്തിലെ മുരളീധരന്‍-കൃഷ്ണദാസ് പക്ഷ ഗ്രൂപ്പ് സജീവമായിരിക്കുന്നു. കൃഷ്ണദാസ് പക്ഷത്തിന് പിന്തുണയും ശോഭാ സുരേന്ദ്രന് ലഭിക്കുന്നുണ്ട്.

ENGLISH SUMMARY: Sob­ha Suren­dran boy­cott continues

YOU MAY ALSO LIKE THIS VIDEO