June 27, 2022 Monday

Latest News

June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022
June 27, 2022

തനിക്ക് ഏറെ കാര്യങ്ങൾ പറയാനുണ്ട്; പരസ്യമായി പോർമുഖം തുറന്ന് ശോഭാ സുരേന്ദ്രൻ

By Janayugom Webdesk
November 11, 2020

കെ കെ ജയേഷ്

തനിക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെന്നും സമയമാകുമ്പോൾ അതെല്ലാം തുറന്നുപറയുമെന്നും വ്യക്തമാക്കി ശോഭാ സുരേന്ദ്രൻ. മിസോറാം ഗവർണറും ബി ജെ പി മുൻ സംസ്ഥാന അധ്യക്ഷനുമായ പി എസ് ശ്രീധരൻ പിള്ളയുമായി കോഴിക്കോട്ട് കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു ശോഭാ സുരേന്ദ്രന്റെ പ്രതികരണം. ഒന്നര മണിക്കൂറോളം ഇരുവരുടെയും കൂടിക്കാഴ്ച നീണ്ടു നിന്നു. സുരേന്ദ്രനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും വെളിപ്പെടുത്താനുണ്ടെന്നാണ് കോഴിക്കോട്ട് മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലൂടെ ശോഭാ സുരേന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. പാർട്ടിയിൽ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ കലാപക്കൊടി ഉയർത്തിയ ശോഭാ സുരേന്ദ്രൻ ഒരു തവണ മാത്രമാണ് പരസ്യ പ്രതികരണവുമായി രംഗത്തുവന്നത്. തന്റെ രാഷ്ട്രീയ ജീവിതം തന്നെ ഇല്ലാതാക്കാൻ നടത്തുന്ന നീക്കങ്ങൾക്കെതിരെ കേന്ദ്ര നേതൃത്വത്തിന് ഉൾപ്പെടെ പരാതി നൽകിയ ശോഭ സുരേന്ദ്രൻ കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് വീണ്ടും പരസ്യപ്രതികരണവുമായി രംഗത്തെത്തുമ്പോൾ കേരളത്തിലെ ബി ജെ പിയിൽ വരും ദിവസങ്ങളിൽ വലിയ പൊട്ടിത്തെറികൾ നടക്കുമെന്നുറപ്പായിക്കഴിഞ്ഞു.

വളച്ചുകെട്ടി പറയാൻ ഇഷ്ടമില്ലാത്ത ആളാണ് താൻ. പറയാനുള്ളതെല്ലാം വെളിപ്പെടുത്താൻ വേറൊരു സ്ഥലത്ത് വേറൊരു സമയത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ താനെത്തുമെന്നും ചോദ്യങ്ങളെ അഭിമുഖീകരിക്കാനും ശരിയായ ഉത്തരം നൽകാനും തനിക്കറിയാമെന്നും ശോഭാ സുരേന്ദ്രൻ ഇന്നലെ വ്യക്തമാക്കി. ശോഭാ സുരേന്ദ്രൻ അധികാരമോഹിയാണെന്ന സുരേന്ദ്രൻ വിഭാഗത്തിന്റെ പ്രചരണത്തിനെതിരെയും അവർ മറുപടി നൽകി. അധികാര മോഹിയായിരുന്നെങ്കിൽ ബി ജെപിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി ജെ പിക്ക് ഒരു വാര്‍ഡ് മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ് പാർട്ടിയിലെത്തിയത്. സ്ഥാനമോഹം ഉണ്ടായിരുന്നെങ്കിൽ നീണ്ട 33 വർഷം ഈ പാർട്ടിയിൽ നിൽക്കില്ലായിരുന്നു. തന്നെ പാർട്ടിയിൽ നേതൃനിരയിലേക്ക് ഉയർത്തിയ നേതാവാണ് പി എസ് ശ്രീധരൻ പിള്ള. മുതിർന്ന നേതാവായ അദ്ദേഹം തനിക്ക് നൽകിയ ഉപദേശം സ്വീകരിച്ചു മുന്നോട്ടുപോകും. സമയമാകുമ്പോൾ എല്ലാ ചോദ്യങ്ങൾക്കും താൻ ഉത്തരം നൽകുമെന്നും അവർ വ്യക്തമാക്കി.

കെ സുരേന്ദ്രനോട് ശക്തമായ എതിർപ്പ് സൂക്ഷിക്കുന്ന നേതാവാണ് അഡ്വ. പി എസ് ശ്രീധരൻ പിള്ള. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ കാണാൻ പോലും അന്ന് സംസ്ഥാന അധ്യക്ഷനായിരുന്ന പി എസ് ശ്രീധരൻ പിള്ള തയ്യാറായിരുന്നില്ല. പ്രവർത്തകരുടെ പ്രതിഷേധം ശക്തമായപ്പോൾ മാത്രമാണ് അദ്ദേഹം ജയിലിലെത്തി സുരേന്ദ്രനെ കണ്ടത്. ഇതെല്ലാം തിരിച്ചറിഞ്ഞുകൊണ്ടാണ് ശോഭാ സുരേന്ദ്രൻ ശ്രീധരൻ പിള്ളയെ കണ്ട് പിന്തുണ ഉറപ്പാക്കുന്നത്. നേരത്തെ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന പി കെ വേലായുധനും ശ്രീധരൻ പിള്ളയെ സന്ദർശിച്ചിരുന്നു.

ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിൽ ദിവസങ്ങൾക്ക് മുമ്പ് മലമ്പുഴയിലെ ഒരു വീട്ടിൽ രഹസ്യയോഗം ചേർന്നിരുന്നു. വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രന് പുറമെ സംസ്ഥാന ട്രഷറർ ജെ ആർ പത്മകുമാർ, ദേശീയ കൗൺസിൽ അംഗങ്ങളായ പി എം വേലായുധൻ, കെ പി ശ്രീശൻ, മധ്യമേഖലാ പ്രസിഡന്റ് എ കെ നസീർ തുടങ്ങിയവരെല്ലാം നേരിട്ടും ഓൺലൈൻ വഴിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പാർട്ടി വിടണമെന്ന അഭിപ്രായം പോലും ഇവരിൽ പലരും ഉയർത്തുകയും ചെയ്തിരുന്നു. എന്നാൽ പാർട്ടി വിടരുതെന്ന നിർദ്ദേശമാണ് ശ്രീധരൻ പിള്ള ശോഭയ്ക്ക് നൽകിയത് എന്നാണ് അറിയുന്നത്. പാർട്ടി വിട്ടുപോകുന്നത് സുരേന്ദ്രന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാണെന്നും ഇത്രയും കാലം പാർട്ടിയിൽ പ്രവർത്തിച്ച ശേഷം കീഴടങ്ങി കളം വിട്ടുപോകുന്നത് ശരിയല്ലെന്നും അദ്ദേഹം ധരിപ്പിച്ചതായാണ് അറിയുന്നത്. എന്നാല്‍ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പാർട്ടി വിട്ടുപോകണമെന്ന് തന്നെയാണ് കെ സുരേന്ദ്രനും ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെയും വി മുരളീധരനെയും എതിർക്കുന്ന എല്ലാവരുടെയും പിന്തുണ ഉറപ്പാക്കി പോർമുഖം തുറക്കാനാണ് ശോഭാ സുരേന്ദ്രൻ നീക്കം നടത്തുന്നത്. പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്യാൻ ശോഭാ സുരേന്ദ്രനെ ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിപ്പിച്ചേക്കുമെന്നും അറിയുന്നുണ്ട്.

ശോഭയുടെ നീക്കത്തെ തടയാൻ എല്ലാവിധ തയ്യാറെടുപ്പുകളും സുരേന്ദ്രൻ വിഭാഗവും നടത്തുന്നുണ്ട്. നേതൃത്വവുമായി ഇടഞ്ഞ് മാസങ്ങളോളം മൗനം പാലിച്ച ശോഭാ സുരേന്ദ്രൻ ഇപ്പോൾ പരസ്യ പ്രതികരണവുമായി രംഗത്തുവരുന്നത് മറ്റെന്തൊക്കെയോ ലക്ഷ്യം വെച്ചുകൊണ്ടാണെന്നാണ് ഇവർ പ്രചരിപ്പിക്കുന്നത്. സ്ഥാനം മാത്രം ലക്ഷ്യമിട്ടാണ് ശോഭാ സുരേന്ദ്രൻ പാർട്ടിയിൽ പ്രവർത്തിക്കുന്നതെന്നും ഇവർ പ്രചരിപ്പിക്കുന്നുണ്ട്. പി എസ് ശ്രീധരൻ പിള്ളയുമായി ചേർന്ന് ആക്രമിക്കാനാണ് ഭാവമെങ്കിൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിക്കാനാണ് സുരേന്ദ്രൻ വിഭാഗത്തിന്റെ തീരുമാനം. ശോഭയ്ക്ക് വെളിപ്പെടുത്താനുള്ളത് സുരേന്ദ്രനുമായി ബന്ധപ്പെട്ട കാര്യങ്ങളാണെങ്കിൽ അവർക്കെതിരെ പല കാര്യങ്ങളും തങ്ങൾക്കും വെളിപ്പെടുത്താനുണ്ടെന്ന് ഇവരും വ്യക്തമാക്കുന്നുണ്ട്. അതേസമയം ബി ജെ പിയിൽ ഇടഞ്ഞു നിൽക്കുന്ന നേതാക്കളെ പൂർണ്ണമായി അവഗണിച്ച് മുന്നോട്ട് പോകാൻ തന്നെയാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും കേന്ദ്ര മന്ത്രി വി മുരളീധരനും ഉൾക്കൊള്ളുന്ന കൂട്ടുകെട്ടിന്റെ തീരുമാനം.

പരാതികൾ അവഗണിക്കുന്നതിനൊപ്പം വ്യക്തിഹത്യയും

തങ്ങളുടെ പരാതികൾ അവഗണിക്കുന്നതിനേക്കാൾ സമൂഹമാധ്യമങ്ങളിലും സംഘപരിവാർ ഗ്രൂപ്പുകളിലും വലിയ തോതിൽ തങ്ങൾക്കെതിരെ വ്യാജ പ്രചരണം നടത്തുന്നതാണ് വിമത ശബ്ദമുയർത്തിയ ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കളെ പ്രയാസപ്പെടുത്തുന്നത്. സുരേന്ദ്രൻ അനുകൂലികളാണ് ശോഭാ സുരേന്ദ്രനും പി എം വേലായുധനും ഉൾപ്പെടെയുള്ള നേതാക്കളെ വ്യക്തിഹത്യ നടത്തുന്നത്.

ഇരുപത് വർഷം മുമ്പ് ബി ജെ പി നടത്തിയ കേരള യാത്രയിൽ വെച്ച് താനൂരിൽ വെച്ച് ഗത്യന്തരമില്ലാതെ രണ്ടു നേതാക്കളെ ഇറക്കിവിടേണ്ടിവന്നുവെന്നാണ് ഇതിലൊരു പ്രചരണം. ഇന്ന് പരസ്യമായി പാർട്ടിക്കെതിരെ രംഗത്തുവന്ന ശോഭാ സുരേന്ദ്രനെയും പി എം വേലായുധനെയുമായിരുന്നു അന്ന് പി പി മുകുന്ദൻ യാത്രയിൽ നിന്നും പാതിവഴി ഇറക്കിവിട്ടത്. മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ച യാത്രയിൽ എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും പരസ്പരം പുകഴ്ത്തി മുന്നേറുകയായിരുന്നു ഇരുവരും. മറ്റു നേതാക്കൾക്കൊന്നും അവസരം നൽകാതെ പരസ്പരം പുറം ചൊറിഞ്ഞും വിവരക്കേടുകൾ പ്രസംഗിച്ചും ഇരുവരും മുന്നോട്ട് പോയപ്പോഴാണ് സഹികെട്ട് ഇരുവരെയും ഇറക്കിവിട്ടതെന്നുമാണ് പ്രചരണം. അന്ന് തേങ്ങി കരഞ്ഞാണ് രണ്ടുപേരും മടങ്ങിയത്. പക്ഷെ സുരേന്ദ്രനെതിരെ പരസ്യമായി പ്രതികരിച്ച പോലെ പി പി മുകുന്ദനെതിരെ മിണ്ടിയില്ല. പിന്നെ പാർട്ടിയിൽ കാണില്ലെന്ന് നന്നായറിയാവുന്നതുകൊണ്ടാണ് മൗനം പാലിച്ചത്. ഇപ്പോൾ സുരേന്ദ്രനായപ്പോൾ എന്തും വിളിച്ചുപറയാമെന്ന നിലയിലാണ് ഇവരെല്ലാമുള്ളതെന്നും കുറ്റപ്പെടുത്തുന്നു.

എൻ വാസുദേവൻ എന്ന പഴയകാല പ്രവർത്തകന്റെ കത്ത് പ്രചരിപ്പിച്ചും പി എം വേലായുധനെ അവഹേളിക്കാൻ സുരേന്ദ്രൻ വിഭാഗം നീക്കം നടത്തുന്നുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസം അനുഷ്ഠിച്ച പി എം വേലായുധൻ പിന്നീട് രാഷ്ട്രീയത്തിൽ സജീവമായി. എല്ലാ തിരഞ്ഞെടുപ്പുകളിലും ഏതെങ്കിലും ഒരുനിയോജക മണ്ഡലത്തിൽ അദ്ദേഹം സ്ഥാനാർത്ഥിയായിരുന്നു. മറ്റു പ്രധാന രാഷ്ട്രീയ പാർട്ടികൾ സംവരണ മണ്ഡലങ്ങളിൽ മാത്രം ദലിതരെ സ്ഥാനാർത്ഥികളാക്കുമ്പോൾ വേലായുധൻ മത്സരിച്ച ഭൂരിഭാഗം സീറ്റുകളും ജനറൽ മണ്ഡലങ്ങളായിരുന്നു. എന്നിട്ടും ഇപ്പോൾ പദവി കിട്ടിയില്ല എന്ന കാരണം പറഞ്ഞ് വികാരാധീനനാകുന്നത് കണ്ടപ്പോൾ ശരിക്കും ലജ്ജ തോന്നി. അന്ന് സമരത്തിൽ പങ്കെടുത്തവരിൽ പലരും ഗുരുതരമായ രോഗങ്ങൾ ബാധിച്ചാണ് മരിച്ചത്. പൊലീസ് മർദ്ദനവും അതിന് കാരണമായി. അവരൊന്നും തങ്ങളുടെ യാതനകളുടെ കണക്കു പറഞ്ഞ് രാഷ്ട്രീയ നേതൃത്വത്തോട് കലഹിക്കാൻ പോയിട്ടില്ല. എന്നാൽ അർഹിക്കുന്നതിലും അധികം പരിഗണനകളും പദവികളും കിട്ടിയിട്ടും പാർട്ടിയ പൊതുജന മധ്യത്തിൽ അപമാനിക്കുകയാണ് പി എം വേലായുധൻ എന്ന തരത്തിലാണ് എൻ വാസുദേവൻ എന്ന പ്രവർത്തകന്റെ പേരിലുള്ള കത്ത് പ്രചരിപ്പിക്കുന്നത്.

ENGLISH SUMMARY: sob­ha suren­dran meet sreed­ha­ran pillai

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.