മോഹന്‍ലാലിനെ നേരിടുമെന്ന് ശോഭനാ ജോര്‍ജ്

Web Desk
Posted on February 14, 2019, 4:56 pm

സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ 50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട നടന്‍ മോഹന്‍ലാലിനെ നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ്.  50 കോടി പോയിട്ട് 50 രൂപ പോലും നഷ്ടപരിഹാരം തരില്ലെന്ന് ശോഭനാ ജോര്‍ജ് പറഞ്ഞു. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി അഭിനയിച്ച ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഖാദി ബോര്‍ഡിന് മോഹന്‍ലാല്‍ നോട്ടീസ് അയച്ചത്.

ഖാദി ബോര്‍ഡ് പരസ്യമായി മാപ്പു പറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണ് ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹന്‍ലാല്‍ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്. ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയുടെ പരസ്യത്തിന്റെ ഭാഗമായി ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന രംഗത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സംസ്ഥാന ഖാദി ബോര്‍ഡ് മോഹന്‍ലാലിനും മുണ്ട് നിര്‍മ്മാണ കമ്പനിക്കും നോട്ടീസ് അയച്ചു.

മോഹന്‍ലാലിനെ പോലൊരു നടന്‍ ഇത്തരം പര്യസങ്ങളുടെ ഭാഗമാവുന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ ഇടയാക്കുമെന്ന വക്കീല്‍ നോട്ടീസിനെ തുടര്‍ന്ന് മോഹന്‍ലാല്‍ ചര്‍ക്ക നൂല്‍ക്കുന്ന പരസ്യം പിന്‍വലിക്കാന്‍ മുണ്ട് നിര്‍മ്മാണ കമ്പനി തയ്യാറായി. എന്നാല്‍ ശോഭനയുടെ പരാമര്‍ശങ്ങള്‍ തനിക്ക് വിഷമമായെന്നും തന്നെ അപമാനിക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു. ഇതാണ് നിയമനടപടി സ്വീകരിക്കാന്‍ കാരണം.

വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാ ജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോര്‍ഡിനും അയച്ച വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാലിന്റെ ആവശ്യം. തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോര്‍ജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു.

എന്നാല്‍, അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുന്‍പാണ് ശോഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന.