ജീവിതത്തിലൊരിക്കലും ആ നിമിഷം സോഫിയ നസ്രിയ ബാനു മറക്കില്ല. പിറന്ന് വീണ ഉടനെ കൺമണി ഗുരുതരമായ രോഗബാധിതയാകുക, അനേകം കാതങ്ങൾ അകലെയുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ വിട്ടുകൊടുക്കേണ്ടിവരിക, പിടയ്ക്കുന്ന നെഞ്ചോടെ വീട്ടിൽ കാത്തിരിക്കേണ്ടി വരിക, ഉള്ളിൽ തിരതല്ലുന്ന മാതൃവാത്സല്യത്തിൻ്റെ നോവറിയുക, പതിനഞ്ചു ദിനങ്ങൾക്ക് ശേഷം പൂർണ്ണ ആരോഗ്യത്തോടെ കൺമണിയെ കൈകളിൽ ഏറ്റുവാങ്ങാനാവുക ഏത് അമ്മയ്ക്ക് മറക്കാനാകും ഇതൊക്കെ? തൻ്റെ കൈയ്യിലിരുന്ന് പാൽപുഞ്ചിരി പൊഴിക്കുന്ന കുഞ്ഞു മുഖം കാണുമ്പോൾ ഈ അമ്മ പക്ഷേ അതൊന്നും ഓർമ്മിക്കുന്നേയില്ല. ചരുങ്ങിയ ദിനങ്ങൾ കൊണ്ട് ഒരായുസ്സിൻ്റെ ആകുലതകളിലൂടെയാണ് സോഫിയ കടന്ന് പോയത്.
ഏപ്രിൽ 14 ന് വിഷുദിനത്തിലാണ് നാഗർകോവിലിലെ ജയഹരൺ ആശുപത്രിയിൽ സോഫിയ തൻ്റെ രണ്ടാമത്തെ കുഞ്ഞിന് സിസേറിയനിലൂടെ ജന്മം നൽകിയത്. ജനിച്ച ഉടനെ കുഞ്ഞിൻ്റെ ശരീരത്തിൽ നീലനിറം വ്യാപിച്ചതിനെത്തുടർന്ന് ജയഹരണിലെ കാർഡിയോളജിസ്റ്റ് ഡോ വെങ്കിടേഷ് ലിസി ആശുപത്രിയിലെ കുട്ടികളുടെ ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. എഡ്‌വിൻ ഫ്രാൻസിസിനെ ബന്ധപ്പെട്ട് കുട്ടിയെ ലിസി ആശുപത്രിയിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു. ലോക്ക്ഡൗൺ ആയതിനാൽ ലിസി ആശുപത്രി അധികൃതർ യാത്രാസൗകര്യം ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് പെട്ടെന്നുള്ള സംസ്ഥാനാന്തരയാത്ര സാധ്യമാകുകയും ചെയ്തു. അന്ന് രാത്രി തന്നെ കുഞ്ഞിനെ നാഗർകോവിലിൽ നിന്ന് ലിസി ആശുപത്രിയിൽ എത്തിക്കുകയും പിറ്റേന്ന് രാവിലെ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു.
ശുദ്ധരക്തവും, അശുദ്ധരക്തവും വഹിക്കുന്ന കുഴലുകൾ പരസ്പരം മാറിപ്പോകുന്ന ‘ട്രാൻസ്‌പൊസിഷൻ ഓഫ് ഗ്രേറ്റ് ആർട്ടറീസ്’ എന്ന സങ്കീർണമായ രോഗമായിരുന്നു കുഞ്ഞിന്. രണ്ട് ധമനികളും മുറിച്ചെടുത്ത് പരസ്പരം മാറ്റിവച്ചതിനൊപ്പം മഹാധമനിയിൽ നിന്നും ആരംഭിക്കുന്ന ഒരു മില്ലിമീറ്റർ മാത്രം വ്യാസമുള്ള രക്തധമനികളെ ഇടത്തെ അറയിലേക്ക് മാറ്റുകയും ചെയ്തു.
അതിസങ്കീർണമായ ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഏകദേശം ഏഴു മണിക്കൂറെടുത്തു. കുട്ടികളുടെ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ ഡോ. ജി. എസ്. സുനിലിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. ഡോ. എഡ്‌വിൻ ഫ്രാൻസിസ്, ഡോ. ജസൺ ഹെൻട്രി, ഡോ. ഫിലിപ്പ് മാത്യു, ഡോ. അനു ജോസ്, ഡോ. ബിജേഷ് വി, ഡോ. ദിവ്യ ജേക്കബ് എന്നിവർ ശസ്ത്രക്രിയയിലും, തുടർചികിത്സയിലും പങ്കാളികളായി.
സർക്കാർ പ്രതിനിധിയായി എറണാകുളം ജില്ലാകളക്ടർ എസ്. സുഹാസ് കഴിഞ്ഞ ദിവസം കുഞ്ഞിനെ സന്ദർശിച്ചു ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞിരുന്നു. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചു ഹൃദ്യമായ യാത്രയയപ്പാണ് കുഞ്ഞിന് നൽകിയത്. എല്ലാവരുടെയും സാന്നിധ്യത്തിൽ കുഞ്ഞിൻ്റെ അച്ഛൻ മുഹമ്മദ് ഫൈസൽ ‘ഫസ്രിൻ ഫാത്തിമ’ എന്ന് കുഞ്ഞിന് പേരിടുകയും ചെയ്തു. ‘ദൈവത്തിൻ്റെ സമ്മാനം’ എന്നാണ് ഫസ്രിൻ എന്ന അറബി വാക്കിൻ്റെ അർത്ഥം. ഫാ. ജെറി ഞാളിയത്ത്, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോസഫ് മാക്കോതക്കാട്ട്, ഡോ. ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം എന്നിവരും കുഞ്ഞിനെ യാത്രയാക്കാൻ എത്തിയിരുന്നു.
ശസ്ത്രക്രിയ പൂർണ്ണ വിജയമായിരുന്നെന്നും, കുഞ്ഞിന് ഇനി മുതൽ സാധാരണ ജീവിതം നയിക്കാൻ സാധിക്കുമെന്നും ഡോ. ജി. എസ്. സുനിൽ പറഞ്ഞു. ആരോഗ്യസുരക്ഷ മുൻനിർത്തി തിരുവനന്തപുരം, കളിയിക്കാവിളയിൽ വച്ചു, സംസ്ഥാന അതിർത്തി കടക്കാതെയാണ് ലിസി ആശുപത്രിയിലെ നഴ്‌സ് റീത്താ ഗീതുവിൻ്റെ കൈയിൽ നിന്നും സോഫിയ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗത്തിലെ ഫിസിഷ്യൻ അസിസ്റ്റന്റ് എബിൻ എബ്രഹാമും ആംബുലൻസിൽ കുഞ്ഞിനെ അനുയാത്ര ചെയ്തിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.