Saturday
16 Nov 2019

ഡെന്മാര്‍ക്കില്‍ സോഷ്യല്‍ ഡെമോക്രാറ്റുകളുടെ വിജയം

By: Web Desk | Saturday 8 June 2019 8:00 AM IST


ഡെന്മാര്‍ക്കില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായപ്പോള്‍ മധ്യ ഇടതുപക്ഷമായ സോഷ്യല്‍ ഡെമോക്രാറ്റുകള്‍ അധികാരത്തിലെത്തി. തീവ്രവലതുപക്ഷ കക്ഷികളെ പരാജയപ്പെടുത്തിയാണ് മാനവിക ഇടതുപക്ഷമെന്ന് ആഗോളമാധ്യമങ്ങള്‍ വിശേഷിപ്പിച്ച മധ്യ ഇടതുപക്ഷം അധികാരത്തിലെത്തുന്നത്. ഇതോടെ ഈ മേഖലയില്‍ അധികാരത്തിലെത്തുന്ന മൂന്നാമത്തെ ഇടതുപക്ഷ സര്‍ക്കാരാവുകയാണ് ഡെന്മാര്‍ക്കിലേത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഇടതുപക്ഷ കക്ഷികള്‍ അധികാരത്തിലെത്തിയിരുന്നു. പ്രസ്തുത പാത പിന്തുടര്‍ന്നാണ് കഴിഞ്ഞ നാലുവര്‍ഷമായി പാര്‍ലമെന്റില്‍ പ്രതിപക്ഷമായി പ്രവര്‍ത്തിക്കുന്ന ഇടതുസഖ്യം അധികാരത്തിലെത്തിയത്.
179 സീറ്റുകളുള്ള പാര്‍ലമെന്റില്‍ 91 സീറ്റ് നേടിയാണ് മധ്യ ഇടതുപക്ഷം വിജയിച്ചത്. മെറ്റെ ഫെഡറിക്‌സണ്‍ എന്ന നാല്‍പത്തിയൊന്നുകാരി നയിച്ച സോഷ്യല്‍ ഡെമോക്രാറ്റുകളുടെ സഖ്യമായ റെഡ് ബ്ലോക്ക് 25.9 ശതമാനം വോട്ടാണ് കരസ്ഥമാക്കിയത്.

ഡെന്മാര്‍ക്കിന്റെ പരിഗണനാ വിഷയങ്ങളുടെ കേന്ദ്രസ്ഥാനത്തേയ്ക്ക് ക്ഷേമപ്രവര്‍ത്തനങ്ങളെ കൊണ്ടുവരുമെന്നും അഭയാര്‍ഥികളുടെയും രക്ഷാകേന്ദ്രങ്ങള്‍ തേടുന്നവരുടെയും കാര്യത്തില്‍ കര്‍ശന നിയന്ത്രണം പാലിക്കുമെന്നുമുള്ള സുപ്രധാനമായ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഉന്നയിച്ചായിരുന്നു മെറ്റെ തന്റെ മുന്നണിയെ നയിച്ചത്. അഭയാര്‍ഥി പ്രശ്‌നം തന്നെയായിരുന്നു ഡെന്മാര്‍ക്ക് തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയം. അതോടൊപ്പം നിലവിലുള്ള സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ വരുത്തിയ വെട്ടിക്കുറയ്ക്കലും കാലാവസ്ഥാ വ്യതിയാനവും പ്രധാന ചര്‍ച്ചാ വിഷയമായി. എന്നാല്‍ ഇവയ്‌ക്കെല്ലാമൊപ്പം വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന പ്രശ്‌നങ്ങളും പ്രതിരോധമേഖലയ്ക്കായി നീക്കിവയ്ക്കുന്ന വന്‍ ബജറ്റ് വിഹിതവുമെല്ലാം മെറ്റെ ചര്‍ച്ചാ വിഷയമാക്കിയപ്പോള്‍ പാര്‍ലമെന്റില്‍ കൂടുതല്‍ സീറ്റുകളില്‍ റെഡ് ബ്ലോക്കിനെ വിജയിപ്പിക്കാന്‍ അവര്‍ക്കായി. ‘നാമെല്ലാവരും ചേര്‍ന്ന് ഡെന്മാര്‍ക്കിനെ മാറ്റിത്തീര്‍ക്കാമെന്ന് പ്രതീക്ഷ സൃഷ്ടിച്ചു. അതുകൊണ്ട് തന്നെ നമുക്ക് ഡെന്മാര്‍ക്കിനെ മെച്ചപ്പെടുത്തേണ്ടതുണ്ട്’ എന്നായിരുന്നു വിജയത്തിന്റെ ആദ്യ മണിക്കൂറുകളില്‍ മെറ്റെ നടത്തിയ പ്രതികരണം. യോജിക്കാവുന്ന എല്ലാവരുമായി ചേര്‍ന്ന് സുസ്ഥിരസര്‍ക്കാര്‍ ഉണ്ടാക്കുമെന്നും ഡെന്മാര്‍ക്കിന് നല്ലൊരു ഭാവി നല്‍കുെമന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വലതുപക്ഷ സര്‍ക്കാരുകള്‍ ക്ഷേമപ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്മാറുന്നുവെന്നത് ആഗോളതലത്തിലുള്ള അനുഭവമാണ്. ഇവിടെയാണ് മെറ്റെ നിലപാടുകളിലൂടെ വ്യത്യസ്തയാവുന്നത്. ക്ഷേമപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് അതിസമ്പന്നര്‍ക്ക് കൂടുതല്‍ നികുതിയെന്ന ആശയം അവര്‍ മുന്നോട്ടുവച്ചിട്ടുണ്ട്. അത് ഇടത്തരക്കാര്‍ക്കും സാധാരണക്കാര്‍ക്കും പ്രതീക്ഷ നല്‍കുന്ന ആശയമാണ്. പാവപ്പെട്ടവരുടെ ക്ഷേമത്തിനായി അതിസമ്പന്നരുടെ ആസ്തിയില്‍ കൈവയ്ക്കുകയെന്നത് ഇടതുപക്ഷ ആശയമാണ്. അതിനാണ് മെറ്റെ ഒരുങ്ങുന്നത്.

ഡെന്മാര്‍ക്കിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് മെറ്റെ. തെരഞ്ഞെടുപ്പില്‍ ലഭ്യമായ കുറഞ്ഞ വോട്ടിംഗ് ശതമാനവും അഭയാര്‍ഥികളുടെ കാര്യത്തില്‍ റെഡ്‌ ബ്ലോക്കിനകത്തു തന്നെയുള്ള അഭിപ്രായ ഐക്യമില്ലായ്മയും മെറ്റെ ഭരണത്തിന് വെല്ലുവിളിയാകുമെങ്കിലും ഡെന്മാര്‍ക്കിന്റെ ചരിത്രത്തെ തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ അവരുടെ ഭാഗത്തുനിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. കഴിഞ്ഞ നാലു വര്‍ഷത്തെ പ്രതിപക്ഷമെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് അതില്‍ മുതല്‍കൂട്ടാകുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ആഗോളമാധ്യമങ്ങളില്‍ ഒന്നില്‍ പ്രസിദ്ധീകരിക്കപ്പെട്ടതും മറ്റു വലതുപക്ഷ മാധ്യമങ്ങള്‍ കൊണ്ടാടിയതുമായ ഒരു ലേഖനത്തില്‍ യൂറോപ്പില്‍ ഇടതുപക്ഷം മരിച്ചുകൊണ്ടിരിക്കുന്നുവെന്ന് സ്ഥാപിക്കാനാണ് ശ്രമിച്ചിരുന്നത്. അതേസമയം ചില രാജ്യങ്ങളില്‍ പിന്നോട്ട് പോക്കുണ്ടെങ്കിലും ഇടതുപക്ഷത്തിന് തിരിച്ചുവരാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നും അതിന് മറുകുറിപ്പുണ്ടായിരുന്നു. ഇടതുപക്ഷത്തെ പൂര്‍ണമായി എഴുതിത്തള്ളാനായിട്ടില്ലെന്നാണ് മൂന്നാമത്തെ നോര്‍ഡിക് രാജ്യമായ ഡെന്മാര്‍ക്കില്‍ ഇടതുപക്ഷത്തിന് മുന്‍കയ്യുള്ള ഭരണമുണ്ടാകുന്നതിലൂടെ വ്യക്തമാകുന്നത്.

സ്വീഡന്‍, ഫിന്‍ലാന്‍ഡ് എന്നിവയ്ക്കു പിന്നാലെ ഡെന്മാര്‍ക്ക് കൂടി ഇടതുപക്ഷ ചായ്‌വ് പ്രകടമാക്കുമ്പോള്‍ ഈ രാജ്യങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളി വര്‍ധിക്കുകയാണ്. തെക്കേ അമേരിക്കയില്‍ ഇടത് ആഭിമുഖ്യം കാട്ടുന്ന രാജ്യങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാനുള്ള ശ്രമങ്ങള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്നു. എത്ര പ്രതിരോധമുയര്‍ത്തിയിട്ടും തകരാതെ നില്‍ക്കുന്ന വെനസ്വേലയും ക്യൂബയുമുള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ അതിനുദാഹരണമാണ്. ജനാധിപത്യത്തെക്കാള്‍ ഏകാധിപത്യത്തിനും കുത്തിത്തിരിപ്പുകള്‍ക്കും പ്രാമുഖ്യം നല്‍കുന്നവരില്‍ നിന്ന് മറിച്ചൊരു പ്രതീക്ഷയ്ക്ക് വകയില്ലതാനും.
ഇതിന് സമാനമായി ഇനി അവരുടെ ശ്രദ്ധ പതിയാന്‍ പോകുന്നത് നോര്‍ഡിക് രാജ്യങ്ങളുടെ മേല്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല. ലോകപൊലീസ് ചമയാന്‍ ശ്രമിക്കുന്ന അമേരിക്കയ്ക്ക് ഇതിന് കൂട്ടായി യൂറോപ്യന്‍ രാജ്യങ്ങളും ചേരുകയും ചെയ്യും. അതുകൊണ്ടുതന്നെ അകത്തുനിന്നും പുറത്തുനിന്നുമുള്ള വെല്ലുവിളികളെ നേരിട്ടുവേണം മെറ്റെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് മുന്നോട്ടുപോകാന്‍.