രാജ്യത്ത് കോവിഡ് 19 സാമൂഹിക വ്യാപന ഘട്ടത്തിലേക്ക് നീങ്ങുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യം നിലവിൽ പ്രാദേശിക വ്യാപനത്തിലും, പരിമിതമായ സാമൂഹിക വ്യാപന ഘട്ടത്തിലുമാണെന്ന് ആരോഗ്യ മന്ത്രാലയ രേഖ വ്യക്തമാക്കുന്നു. കോവിഡ് ‑19 കേസുകൾ കൈമാറുന്നതിനായി സാധാരണ പ്രവർത്തന പ്രക്രിയ (എസ്ഒപി)യെക്കുറിച്ച് വിവരിക്കുന്ന ഒരു രേഖ ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം കഴിഞ്ഞദിവസം വൈകുന്നേരം പുറത്തിറക്കിയിരുന്നു. ഇതിലാണ് നിലവിലെ സാഹചര്യത്തെ പരിമിതമായ സാമൂഹിക വ്യാപന ഘട്ടം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്. രോഗബാധിതനുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ സമ്പര്‍ക്കം പുലര്‍ത്തിയ ആളുമായി ബന്ധപ്പെടുകയോ ചെയ്യുന്നതിലൂടെ രോഗാണുക്കള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് നേരിട്ടെത്തുന്ന അവസ്ഥയാണ് പ്രാദേശിക വ്യാപനം. ഒരു പ്രദേശം മുഴുവന്‍ കൊറോണയുടെ പിടിയിലാകുന്ന അവസ്ഥയാണ് സമൂഹ വ്യാപനം.
കോവിഡ് വ്യാപനം രണ്ടാമത്തെ അവസ്ഥയിലേക്കു മാറിയാല്‍ അത് മറികടക്കാന്‍ യാതൊരു സംവിധാനവും ആസൂത്രണവും മതിയാകില്ല എന്നത് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളെ ആശങ്കപ്പെടുത്തുന്നതാണ്. എന്നാൽ പ്രാദേശിക വ്യാപനം മാത്രമാണ് ഇതുവരെ സംഭവിച്ചിട്ടുള്ളതെന്നാണ് കേന്ദ്ര സര്‍ക്കാർ അറിയിച്ചത്. നിലവില്‍ കോവിഡ് ബാധ സംബന്ധിച്ച് ആശങ്കകള്‍ക്ക് സ്ഥാനമില്ലെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വ്വാള്‍ വ്യക്തമാക്കി. ഇന്ത്യയിലെ ജനസംഖ്യ കണക്കിലെടുത്താല്‍ രോഗവ്യാപനം പരിമിതമാണ്. രാജ്യത്തെ കോവിഡ് കേസുകളുടെ എണ്ണം നിലവില്‍ 1071 ആണ്. നാലു മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കൂടാതെ 92 പുതിയ കോവിഡ് കേസുകളും. ആകെ കോവിഡ് മരണങ്ങള് 29 എണ്ണവും. സാമൂഹ്യ അകലം പാലിക്കുക എന്നതിലാണ് മന്ത്രാലയം ഊന്നല്‍ നല്‍കുന്നതെന്നും അഗര്‍വ്വാള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ കോവിഡ് കേസുകള്‍ ആയിരം എണ്ണത്തില്‍ അധികമാകാന്‍ 12 ദിവസം വേണ്ടിവന്നു. എന്നാല്‍ വികസിത രാജ്യങ്ങളില്‍ ഈ സംഖ്യ 3000–4000 എന്ന ക്രമത്തിലാണ്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിതരുടെ സംഖ്യയില്‍ വര്‍ദ്ധനവുണ്ട്. സാങ്കേതികമായി പറഞ്ഞാല്‍ ഇന്ത്യയില്‍ രോഗം പകരുന്ന സ്ഥിതിയാണ് ഇപ്പോഴും നിലനില്‍ക്കുന്നത്. എന്നാല്‍ അത് സാമൂഹ്യ വ്യാപനമല്ല ഇതുവരെ ഉണ്ടായിട്ടുള്ളതെന്നും അഗര്‍വ്വാള്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം തടയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങളുമായി എല്ലാവരും സഹകരിക്കണമെന്ന് അഗര്‍വ്വാള്‍ അഭ്യര്‍ത്ഥിച്ചു. ലോക്ഡൗണ്‍ ജനങ്ങള്‍ക്കു ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെങ്കിലും ദീര്‍ഘകാലത്തേക്കുള്ള പോംവഴിയാണിത്. രാജ്യത്തെ സ്ഥിതി അനുകൂലമെങ്കിലും സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ഒരാള്‍ ലംഘിച്ചാല്‍ സ്ഥിതിഗതികള്‍ മോശമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ 200 പേർക്ക് കോവിഡ് 19 ബാധയെന്ന് സംശയം. ആയിരണക്കിനാളുകൾ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം ക്വാറന്റൈൻ ചെയ്തു. നിസാമുദ്ദീൻ മർകസ് മോസ്കിലെ കൂട്ടായ്മ ചടങ്ങില്‍ പങ്കെടുത്ത ഒരാള്‍ മരിക്കുകയും ഏഴുപേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പ്രദേശം ഒരുമിച്ച് ക്വാറന്റൈനിലാക്കിയിരിക്കുന്നത്.
മലേഷ്യ, ഇന്തോനീഷ്യ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഈ പള്ളി സന്ദര്‍ശിച്ചിരുന്നു. പ്രദേശമാകെ അടച്ചിട്ട് ജനങ്ങള്‍ പുറത്തിറങ്ങുന്നില്ലെന്ന് ഉറപ്പിക്കാന്‍ ഡ്രോണ്‍ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ പൊലീസ് ഉപയോഗിക്കുന്നുണ്ട്. നിസാമുദ്ദീനിലെ 175 പേര് കഴിഞ്ഞ ദിവസം കൊറോണ പരിശോധനയ്ക്ക് വിധേയരായിരുന്നു.
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.