“മീന്‍മണമേറ്റാല്‍ ഓക്കാനിക്കും”: ശശി തരൂരിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡീയ

Web Desk
Posted on March 29, 2019, 9:00 pm

തിരുവനന്തപുരം: നിത്യവൃത്തിക്കായി വിയര്‍പ്പൊഴുക്കി പണിയെടുക്കുന്ന മത്സ്യത്തൊഴിലാളികളും കൂലിപ്പണിക്കാരും സാധാരണ ജനങ്ങളോടും ഇടപഴകുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് ചതുര്‍ത്ഥി. ജയിക്കാന്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വോട്ട് വേണം. എന്നാല്‍, അവര്‍ ഒരു തീണ്ടാപ്പാടകലെ നില്‍ക്കണമെന്ന ശശി തരൂരിന്റെ പൂച്ച് പുറത്തായി.

മീന്‍മണമേറ്റാല്‍ ഓക്കാനിക്കുന്ന തരത്തിലുള്ള വെജിറ്റേറിയന്‍ ബോധമാണ് തനിക്കുള്ളതെന്ന് ട്വീറ്റ് ചെയ്താണ് ശശി തരൂര്‍ അടിസ്ഥാന വര്‍ഗത്തെ ഒന്നാകെ ലോക ജനങ്ങള്‍ക്ക് മുന്നില്‍ അപമാനിച്ചത്. പ്രളയത്തില്‍ കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ അപമാനിക്കുന്ന തരത്തിലുള്ള തരൂരിന്റെ ട്വീറ്റ് എന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയിലടക്കം ഉയരുന്നത്.

തിരുവനന്തപുരത്തെ മത്സ്യ മാര്‍ക്കറ്റ് സന്ദര്‍ശിച്ച് വോട്ട് ചോദിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ച് വിവരിക്കുമ്പോള്‍ തരൂര്‍ ഉപയോഗിച്ച ‘Found a lot of enthu­si­asm at the fish mar­ket, even for a squea­mish­ly veg­e­tar­i­an MP’ Fhc­nIfnse ‘squea­mish­ly v‑vegetarian’ എന്ന പ്രയോഗമാണ് വിവാദമായത്.
ശശി തരൂര്‍ ഉപയോഗിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ ഈ വാക്കിന് ഓക്കാനമുണ്ടാക്കുന്ന, മനംപുരട്ടലുണ്ടാക്കുന്ന എന്നൊക്കെയാണ് അര്‍ത്ഥം വരികയെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. മീന്‍മണം തനിക്ക് മനംപുരട്ടലുണ്ടാക്കുമെങ്കിലും ചന്തയിലെ ആരവങ്ങള്‍ തന്നെ ഉത്സാഹഭരിതനാക്കി എന്നാണ് ശശി തരൂര്‍ ട്വീറ്റില്‍ പറഞ്ഞിരിക്കുന്നത്.
പത്തു വര്‍ഷക്കാലം തിരുവനന്തപുരത്തെ എംപിയായി പ്രവര്‍ത്തിക്കുമ്പോഴും മനസുകൊണ്ട് ശശി തരൂര്‍ മാറ്റി നിര്‍ത്തപ്പെട്ട സമൂഹമാണ് കേരളത്തിന്റെ സ്വന്തം സൈനമെന്ന് അറിയപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍. തെരഞ്ഞെടുപ്പ് അടുത്തതോടെ വാട്ട് അഭ്യര്‍ത്ഥനയുമായി മത്സ്യമാര്‍ക്കറ്റില്‍ പോകണമെന്ന യുഡിഎഫ് നേതാക്കളുടെ നിര്‍ബന്ധപ്രകാരമാണ് അദ്ദേഹം മത്സ്യ മാര്‍ക്കറ്റിലെത്തിയത്.

കേരളത്തിലെ ഭൂരിഭാഗം ജനങ്ങളും കഴിക്കുന്ന ഒരു ഭക്ഷണത്തെക്കുറിച്ചാണ് തിരുവനന്തപുരം എംപിയായി പത്തുകൊല്ലം കഴിഞ്ഞയാള്‍ ഇങ്ങനെ പറയുന്നതെന്ന് സമൂഹ മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത്. മേല്‍ജാതി ബോധമുള്ള പ്രസ്താവനയാണ് തരൂര്‍ നടത്തിയിരിക്കുന്നതെന്നാണ് ആരോപണം. വോട്ട് ചെയ്യാന്‍ മത്സ്യത്തൊഴിലാളികള്‍ വേണം, പ്രളയത്തില്‍ നിന്ന് കേരളത്തെ രക്ഷിക്കാനും അവര്‍ വേണം. പക്ഷേ മീന്‍ മണമേറ്റാല്‍ എന്തുകൊണ്ട് തരൂര്‍ മാറിനില്‍ക്കുന്നുവെന്നാണ് വിമര്‍ശകരുടെ ചോദ്യം. കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും മീന്‍കഴിക്കുന്നവരാണ്.

മീന്‍മണം ഓക്കാനമുണ്ടാക്കുന്ന വരേണ്യരല്ല അവരൊന്നും. തരൂരിന്റെ നിയോജക മണ്ഡലത്തിലെ വലിയൊരു പങ്ക് ജനങ്ങള്‍ മീന്‍ പിടിച്ചു ജീവിക്കുന്നവരാണ്. അവര്‍ക്ക് മീന്‍ മണത്തില്‍ ജീവിക്കുകയല്ലാതെ വഴിയില്ലെന്നും ഇവര്‍ തരൂരിനെ ഓര്‍മിപ്പിക്കുന്നു. മീന്‍നാറ്റം ഓക്കാനമുണ്ടാക്കും എന്ന പ്രസ്താവന വ്യക്തിപരമായ അഭിരുചിയേയോ ശീലത്തെയോ അല്ല സൂചിപ്പിക്കുന്നത്. ഈ മേല്‍ജാതിബോധമുള്ള പ്രസ്താവനയിലൂടെ തരൂര്‍ അവരെ അപമാനിക്കുകയാണെന്ന് ചെയ്തത്.