Web Desk

ശ്രീനഗർ

January 15, 2020, 8:35 pm

കശ്മീരിൽ സാമൂഹ്യമാധ്യമങ്ങൾക്ക് നിരോധനം തുടരും:ഏതാനും വെബ്സൈറ്റുകൾ ലഭ്യമാക്കി കേന്ദ്രം

Janayugom Online

കശ്മീർ താഴ്‌വരയിലെ വിവിധ സ്ഥാപനങ്ങളിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സംവിധാനം പുനഃസ്ഥാപിക്കാനുള്ള നടപടികൾ തുടങ്ങി. ഘട്ടം ഘട്ടമായാകും സേവനങ്ങൾ പുനഃസ്ഥാപിക്കുക. അതേസമയം, സാമൂഹ്യമാധ്യമങ്ങൾക്കു മേലുള്ള നിയന്ത്രണങ്ങൾ നീക്കില്ലെന്ന് വിഷയവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഉത്തരവ് വ്യക്തമാക്കുന്നു. സർക്കാർ വെബ്സൈറ്റുകൾ, അടിയന്തര സേവനങ്ങളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകൾ, ഇ ബാങ്കിങ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക. ഇന്റർനെറ്റ് സൗകര്യം ഒരുതരത്തിലും ദുരുപയോഗം ചെയ്യുന്നില്ലെന്ന കാര്യം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഈ സ്ഥാപനങ്ങൾക്കു തന്നെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനു പിന്നാലെ കഴിഞ്ഞ ഓഗസ്റ്റിലാണ് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചത്. ശ്രീനഗർ ഉൾപ്പെടെയുള്ള മധ്യ കശ്മീരിലാണ് ഇന്റർനെറ്റ് സേവനങ്ങൾ ആദ്യം പുനഃസ്ഥാപിക്കുക. തുടർന്ന് രണ്ടുദിവസത്തിനു ശേഷം വടക്കൻ കശ്മീരി (കുപ്വാര, ബന്ദിപ്പോര, ബാരമുള്ള)ലും ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കും. ഇതിനു പിന്നാലെ രണ്ടുദിവസത്തിനു ശേഷം പുൽവാമ, കുൽഗാം, ഷോപ്പിയാൻ തുടങ്ങിയവ ഉൾപ്പെട്ട ദക്ഷിണ കശ്മീരിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ അറിയിച്ചു.

 

Eng­lish sum­ma­ry: Social media ban con­tin­ues in Kashmir

You may also like this video