മരണത്തോട് പ്രണയം; യുവാക്കളെ മാടിവിളിച്ച് സോഷ്യല്‍ മീഡിയ: ആത്മഹത്യ ചെയ്തത് രണ്ടുപേര്‍

Web Desk
Posted on November 03, 2018, 10:30 pm

കല്‍പറ്റ: അടുത്തിടെ വയനാട്ടിലെ സഹപാഠികളായ രണ്ടു വിദ്യാര്‍ഥികള്‍ സമാനമായ രീതിയില്‍ ആത്മഹത്യ ചെയ്തത് സമൂഹമാധ്യമങ്ങളുടെ സ്വാധീന വലയത്തില്‍പ്പെട്ടെന്ന് സൂചന.സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു.

കമ്പളക്കാട്, കണിയാമ്പറ്റ സ്വദേശികളായ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഒരുമാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്തത്. രണ്ടുപേരും ഉച്ചത്തില്‍ പാട്ടുവെച്ചാണ് തൂങ്ങി മരിച്ചത്. ഒരു വിദ്യാര്‍ഥി മരിക്കുന്നതിനു മുമ്പ് സുഹൃത്തുക്കള്‍ക്ക് ‘ട്രീറ്റ്’ നല്‍കി. ആത്മഹത്യക്കു മുമ്പ് രണ്ട് പേരും മരണത്തെക്കുറിച്ചുള്ള സൂചനകളും പ്രണയം പോലെ മരണചിന്ത തലക്ക് പിടിച്ചതിന്റെ സൂചനകളും സഹപാഠികള്‍ക്ക് പങ്കുവെച്ചിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പിന്തുടര്‍ന്നിരുന്ന ഒരു ഗ്രൂപ്പ് ഏകാന്തത, വിഷാദം, മരണം, ഭീകരത തുടങ്ങിയ വിഷയങ്ങളാണ് പങ്കുവെക്കുന്നതെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. മരണത്തെ പ്രണയിച്ചു തുടങ്ങിയെന്നാണ് വിദ്യാര്‍ഥികള്‍ സമൂഹമാധ്യമങ്ങളിലൂടെ സൂചിപ്പിച്ചത്. ഇവരുടെ മറ്റൊരു സുഹൃത്ത് രണ്ടാമത്തെയാളുടെ മരണം കഴിഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മരണത്തെ സൂചിപ്പിക്കുന്ന ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ അപ്‌ലോഡ് ചെയ്തിരുന്നു. രാത്രി 11ഓടെയായിരുന്നു ഈ കുട്ടിയുടെ പോസ്റ്റ്.

എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിറ്റേന്ന് രാവിലെ കുട്ടിയെയും കൂട്ടി രക്ഷിതാക്കള്‍ കമ്പളക്കാട് പൊലീസ് സ്‌റ്റേഷനിലെത്തി. സ്‌റ്റേഷനില്‍ വച്ച് പൊലീസ് കുട്ടിയെ കാര്യങ്ങളുടെ ഗൗരവം പറഞ്ഞ് മനസിലാക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മനസ് മാറുകയായിരുന്നു. തന്റെ ഏറ്റവും അടുത്ത രണ്ട് സുഹൃത്തുക്കളുടെ മരണത്തിലുണ്ടായ ആഘാതമാണ് ഇത്തരത്തില്‍ ഒരു പോസ്റ്റിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

വയനാട്ടില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളിലായി നടന്ന ആത്മഹത്യകളും ഇരുചക്ര വാഹന അപകടങ്ങളും സംബന്ധിച്ച് വ്യക്തണായ അന്വേഷണം വേണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം. ഒപ്പം കൗമരാക്കാരായ കുട്ടികള്‍ക്ക് കൃത്യമായ കൗണ്‍സിലിംഗുകള്‍ നല്‍കി അവരെ ഈ അപകടത്തില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജില്ലയിലെ ഓരോ മേഖലയിലും നടക്കണമെന്ന ആവശ്യവും ശക്തമാണ്.