അതിരുവിടുന്ന ജോളിഫിക്കേഷൻ തമാശകൾ, സോഷ്യൽ മീഡിയ സ്ത്രീവിരുദ്ധത ആഘോഷമാക്കുന്നു: ഇതാ കുറിക്കുകൊള്ളുന്ന ചില മറുപടികൾ

Web Desk
Posted on October 09, 2019, 12:08 pm

ഭാര്യ ‘ജോളി‘യായാൽ എല്ലാം തീരും, കൂടത്തായിയിലെ  ഞെട്ടിപ്പിക്കുന്ന  കൂട്ട കൊലപതാകത്തിന്റെ വിവരങ്ങൾ പുറത്തു വന്നതോടെ സോഷ്യൽ മീഡിയയിൽ ഒന്നാകെ ആഘോഷിക്കപ്പെടുന്ന  പ്രയോഗങ്ങളിൽ ഒന്നാണിത്.  കൊലപാതക പരമ്പരയെ അടിസ്ഥാനമാക്കിക്കൊണ്ട് ഒട്ടേറെ ട്രോളുകളും ‘തമാശ’കളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അവയൊന്നും ഒട്ടും നിഷ്കളങ്കമല്ല, പക്ഷേ സമൂഹം അവയെ തമാശയായിത്തന്നെ കണക്കാക്കുന്നു. പക്ഷെ എന്ത് കൊണ്ടോ സ്ത്രീകൾ ഉൾപ്പെടെ ഇത്തരം ട്രോളുകൾ പരസ്പ്പരം ഷെയർ ചെയ്യുന്നു.

സ്ത്രീയെ മോശമാക്കിക്കാണിക്കാന്‍ എന്നും പുരുഷന് ഒരു വ്യഗ്രതയുണ്ട് ആ വ്യഗ്രത മിക്ക ട്രോളുകളിലും നമുക്ക് കാണാൻ കഴിയും.  ജോളിയെന്ന സ്ത്രി തെറ്റ് ചെയ്തിട്ടുണ്ടെകില്‍ ശിക്ഷ അര്‍ഹിക്കുന്നു പക്ഷെ ഇത്തരം വലിയ കാര്യങ്ങള്‍ ട്രോള്‍ രൂപത്തില്‍ ആക്കി കണ്ടു ചിരിച്ചു തള്ളുന്നവരുടെ സന്തോഷത്തിനു വിയോജിപ്പ്  പ്രകടിപ്പിച്ചു കൊണ്ട് സന്ദീപ് ദാസ് എഴുതിയ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ ഇതിനോടകം തന്നെ രംഗത്ത് വന്നു കഴിഞ്ഞു.

ട്രോളുകളെ തമാശരൂപേണ ഒരു കൂട്ടം സ്ത്രീകൾ ഷെയർ ചെയ്തപ്പോൾ . ജോളിയുടെ സയനൈഡ് തമാശക്ക് കുറിക്കു കൊള്ളുന്ന മറുപടികളും  സ്ത്രീകളും സോഷ്യൽ മീഡിയ വഴി നൽകിയിട്ടുണ്ട്. സുനിത ദേവദാസിന്റെയും, ജിഷാ എലിസബത്തിന്റെയും മറുപടികൾ ഇതിൽ ശ്രദ്ധേയമാണ് ഭക്ഷണത്തില്‍ സയനൈഡ് ഉണ്ടാകുമോയെന്ന് ആശങ്കപ്പെടുന്നവരോട് എല്ല പെണ്ണുങ്ങളും ജോളിമാരാണോ എന്ന ചോദ്യമാണ് മാധ്യമപ്രവര്‍ത്തകയായ സുനിത ദേവദാസ് ചോദിക്കുന്നത്. ‘സ്വന്തമായി കഞ്ഞിയെങ്കിലും വെച്ച് കുടിക്കണമെന്നും അവര്‍ പറയുന്നു.‘വെച്ച് വിളമ്പി നിങ്ങടെയൊന്നും അണ്ണാക്കില്‍ തള്ളുന്നത് പെണ്ണുങ്ങളുടെ ജോലിയൊന്നും അല്ല. അവര്‍ ചെയ്തു തരുന്ന ഔദാര്യമാണ്. വല്യ ആശങ്കയുള്ളവര്‍ വച്ചുവിളമ്പി തിന്ന്… ബാക്കിയുണ്ടെങ്കില്‍ കെട്ട്യോള്‍ക്കും കൊടുക്ക്’ സുനിത ഫേസ്ബുക്കില്‍ കുറിച്ചു.