മനു അഖില

തിരുവനന്തപുരം

May 04, 2021, 9:54 pm

യുഡിഎഫിനും ബിജെപിക്കും കച്ചോടം പൂട്ടിയപ്പോ വട്ടായിപ്പോയോ!

ഇടതു തരംഗം ആഘോഷമാക്കി നവമാധ്യമങ്ങൾ
Janayugom Online

മനു അഖില

ഏറെ നാളത്തെ ചരിത്രം തിരുത്തിയ ഭരണത്തുടർച്ച മാത്രമല്ല, അതോടൊപ്പം ചേർത്തു വയ്ക്കേണ്ട മറ്റൊന്നു കൂടിയുണ്ട് പ്രതിപക്ഷ തുടർച്ച. ഇക്കാര്യം ഓർമിപ്പിക്കുന്നത് ആരെന്നല്ലേ, കേരളത്തിലെ നവമാധ്യമങ്ങൾ തന്നെ. സംസ്ഥാനത്തെ ഇടതുതരംഗം അക്ഷരാർത്ഥത്തിൽ ആഘോഷമാക്കുകയാണ് നവമാധ്യമക്കൂട്ടായ്മകൾ. ആവനാഴിയിലെ അവസാനത്തെ അടവുകളിലും അടിപതറിയ ബിജെപിക്കും യുഡിഎഫിനും സോഷ്യൽ മീഡിയാ ട്രോളുകളും ഇടിത്തീയാവുകയാണ്. പരാജയത്തിന് മുന്നിൽ ഇനിയൊന്നും പ്രതിപക്ഷ നേതാവിനും കൂട്ടർക്കും നിരത്താനുമില്ല. ഇരട്ടവോട്ട് തുടങ്ങിയ ആരോപണങ്ങളെല്ലാം ആദ്യമേ ഉപയോഗിച്ചു. ഉയർത്തിക്കൊണ്ടുവന്ന വിവാദങ്ങളെല്ലാം ‘ബൂമറാംഗ്’ പോലെ തിരിച്ച് പതിച്ചതിനാൽ അവർ ആദ്യം മുതലേ സ്വയം പരിഹാസ്യരുമായിരുന്നു.

ഇടതു സർക്കാരിന്റെ ജനകീയതയെ തകർക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പ്രതിപക്ഷത്തിന് സാധിച്ചിരുന്നില്ല. സംസ്ഥാനത്തെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം സർക്കാർ നടത്തിയ ചിട്ടയായ പ്രവർത്തനങ്ങളോട് നിസഹകരണം മാത്രമല്ല, അവയുടെ താളം തെറ്റിക്കുന്ന ചെയ്തികളും പ്രതിപക്ഷം പുറത്തെടുത്തു. ഒന്നിലും രക്ഷയില്ലെന്ന് കണ്ടപ്പോൾ വ്യക്തിഹത്യയിലേക്കും വിവാദ ഫാക്ടറിയായുള്ള പ്രവർത്തനങ്ങളിലേക്കും യുഡിഎഫ് മാറി. ഭരണപക്ഷ വിരുദ്ധത ആളിക്കത്തിക്കാൻ ബിജെപിയും യുഡിഎഫിനൊപ്പം കൂടി. എന്നാൽ ഇവയെല്ലാം മറികടന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതു തരംഗം ആഞ്ഞടിച്ചപ്പോൾ പ്രതിപക്ഷത്തിന്റെ സമനില തെറ്റി. വിവാദങ്ങളും ടോപ് ഗിയറിലായി. പറയുന്നത് ഏറ്റു പറയാനും അദൃശ്യമായ സഹായങ്ങളൊരുക്കാനും ഒക്കച്ചങ്ങായിമാരും റെഡിയായി. പിന്നീട് നടന്ന പുകിലുകളെല്ലാം കേരളത്തിന്റെ അനുഭവത്തിലുള്ളതാണ്.

ഒന്നിലും ക്ലച്ച് പിടിക്കാതെ വന്നപ്പോൾ വോട്ടുകച്ചവടത്തിനായി ഇരു മുന്നണികളും കൈകോർത്തു. 2016‑ലെ നേമം മോഡൽ ഇത്തവണയും ആവർത്തിക്കുമെന്നത് കേരളീയ ജനത തിരിച്ചറിഞ്ഞതുമാണ്. എന്നാൽ അതിന്റെ ആക്കം എത്രത്തോളമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയുണ്ടായി. ബിജെപി യുഡിഎഫിന് വോട്ടു വിറ്റുവെന്ന കള്ളി വെളിച്ചത്തായി. യുഡിഎഫിന്റെ അമിത ആത്മവിശ്വാസത്തിന്റെ വേരുകൾ ചികഞ്ഞാൽ ആർക്കുമത് മനസിലാകും. അഞ്ച് ലക്ഷത്തോളം വോട്ടുകൾ ബിജെപിക്ക് ചോർന്നത് ഇതിനെ അടിവരയിടുന്നു. പക്ഷേ മതനിരപേക്ഷ കേരളം ഈ കച്ചവടം പൂട്ടിച്ച് കേരളത്തെ ഭദ്രമായ കരങ്ങളിൽ തന്നെ എത്തിച്ചു. സന്ദേശം എന്ന മലയാള ചിത്രത്തിൽ തോൽവി അവലോകനം ചെയ്യുന്ന രാഷ്ട്രീയ വിശകലന യോഗത്തിന്റെ ഒരു രംഗമുണ്ട്. “വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍.…” എന്ന സംഭാഷണ ശകലവും മലയാളിക്ക് സുപരിചിതമാണ്.

സാധാരണക്കാരന്റെ പ്രശ്‌നങ്ങളില്‍ നിന്ന് അകന്നുപോകുന്ന രാഷ്ട്രീയധാരകളെ വിമര്‍ശിക്കുന്ന ഈ സംഭാഷണം ചിരിബോധത്തോടൊപ്പം സമകാല രാഷ്ട്രീയത്തിലും ചേർത്ത് വായിക്കാവുന്നതാണ്. ലാഭക്കച്ചവടത്തിനായി ഒത്തു ചേരുന്നവർക്ക് സിനിമയുടെ ഭാഷയിൽ തന്നെ ജനം വിധിയെഴുതി. എന്തുകൊണ്ട് അവിശുദ്ധ കൂട്ടുകെട്ടുകൾ തോറ്റുവെന്നുള്ളത് ലളിതമായിട്ടങ്ങു പറയാം. അതായത്, വര്‍ഗീയതയും രാഷ്ട്രീയ കച്ചവട ചിന്താസരണികളും..റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസിലായോ! വലിയ പ്രതീക്ഷകളായിരുന്നു ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയും പ്രകടിപ്പിച്ചിരുന്നത്. ഇത്തവണ 10 സീറ്റുകളെങ്കിലും പിടിക്കുമെന്ന് വീമ്പും മുഴക്കി. 35 സീറ്റുകൾ നേടി അധികാരത്തിലെത്താനുള്ള അടവുകൾ വരെ അവർ ചർച്ച ചെയ്തു. എന്നാൽ കാര്യത്തോടടുത്തപ്പോൾ കഥ മാറി. ലീഡ് നില മാറിമറിഞ്ഞ പാലക്കാട്ട് ഫലപ്രഖ്യാപനത്തിന് മുന്നേ തുറന്ന ഓഫീസാണേൽ പൂട്ടി. നേമത്ത് കഴിഞ്ഞ തവണ ട്രാൻസ്ഫറിലൂടെ തുറന്ന അക്കൗണ്ട് മിനിമം ബാലൻസില്ലാത്തതിനാൽ നഷ്ടപ്പെട്ടു. തൃശൂർ എടുത്തിട്ട് പൊങ്ങിയുമില്ല.

അവസാന റൗണ്ടുകളിൽ രണ്ടിടത്ത് ലീഡ് ചെയ്ത് പ്രതീക്ഷയോടെ തോറ്റതിന്റെയും സീറ്റുകളുടെ എണ്ണം രണ്ടക്കം കടക്കുമെന്ന് നേരത്തെ പറഞ്ഞതിന്റെയും ഓർമ്മപ്പെടുത്തലാണ് ടിവി സ്ക്രീനുകളില്‍ ദൃശ്യമായ രണ്ട് പൂജ്യങ്ങളെന്നും ട്രോളന്മാർ വിലയിരുത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇത്തവണ രണ്ട് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. രണ്ട് മണ്ഡലങ്ങളിലായി പറന്നു നടന്നുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഹെലികോപ്റ്റർ പ്രചരണം തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രവർത്തകർക്കിടയിൽ തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്നെങ്കിൽ ഒരിടത്ത് മാത്രമല്ലേ തോൽക്കുമായിരുന്നുള്ളൂവെന്നാണ് ബിജെപി പ്രവർത്തകർ പോലും പറയുന്നത്. മിസോറാം ഗവർണർ സ്​ഥാനവും ട്രോളുകളിൽ തിരിച്ചുവന്നിട്ടുണ്ട്​. അടുത്തത് കേരളം എന്ന സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയ ട്രോളന്മാർ അടുത്തത് മിസോറാം എന്ന് തിരുത്തുന്നുണ്ട്. ബ്രായ്ക്കറ്റിൽ എയറിൽ നിന്ന് ഇറങ്ങിയിട്ട് എന്ന് ചേർക്കാനും മറന്നിട്ടില്ല. ഒന്നുകിൽ ഞങ്ങൾ ഭരിക്കും അല്ലങ്കിൽ ആര് ഭരിക്കുമെന്ന് തീരുമാനിക്കുമെന്ന പ്രസ്താവനയോട് എന്താണ് തീരുമാനമെന്ന് ട്രോളന്മാർ ചോദിക്കുന്നുണ്ട്. കോവിഡ് വൈറസ് വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ മിസോറം ലോക്ഡൗണിലേക്ക് പോയെന്നും പുറത്തുനിന്ന് ആർക്കും പ്രവേശനമില്ലെന്ന വാർത്ത വന്നതും ബിജെപിക്ക് മേലുള്ള ട്രോളാധിപത്യമായി മാറി.

തെക്ക് എന്നും പ്രതീക്ഷയുടെ തുരുത്തായി നിലനിൽക്കും

ബിജെപിയെ മാത്രമല്ല യുഡിഎഫിനെയും സാമൂഹ്യ മാധ്യമങ്ങൾ നന്നായി അലക്കുന്നുണ്ട്. ഒടുവിൽ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ വിജയമാണെന്ന് ട്രോളന്മാർ പറയുന്നു. കോവിഡ് കാലത്ത് പ്രതിപക്ഷത്തിന്റെ വികൃതികളും തകൃതിയായി ട്രോളുകളിൽ നിറയുന്നുണ്ട്. ‘ദാറ്റ് ഈസ് എ ഹൈപ്പോതെറ്റിക്കൽ ക്വസ്റ്റ്യൻ’ എന്നുള്ള കെപിസിസി പ്രസിഡന്റിന്റെ വാചകവും ചിരി പടർത്തുന്നു. വർഗീയ വിഷം ചീറ്റലും വോട്ടു കച്ചവടവും വിട്ട് മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇനിയെങ്കിലും ഇടപെടണമെന്ന് സാമൂഹ്യ മാധ്യമങ്ങൾ ഇരു മുന്നണികളെയും തിരുത്തുന്നുമുണ്ട്. ഗെയിം ഓഫ് ത്രോൺസെന്ന പ്രശസ്തമായൊരു ഇംഗ്ലീഷ് ടെലിവിഷൻ പരമ്പരയിൽ പറയുന്ന ഒരു വാചകമാണ് കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമ സ്റ്റാറ്റസുകളിൽ ഏറെ നിറഞ്ഞത്. ബിജെപി തിരിച്ചറിഞ്ഞതും അതാണ് ‘തെക്ക് എന്നും പ്രതീക്ഷയുടെ തുരുത്തായി തന്നെ നിലനിൽക്കും’.

ഇമ്മിണ ബല്യ പൂജ്യം

പൂജ്യം കണ്ടു പിടിച്ചത് ഇന്ത്യക്കാരെന്ന് പറയുന്നുണ്ട് … പക്ഷേ പൂജ്യം ശരിക്ക് ഉപയോഗിച്ചത് കേരളമാണ് …” കഴിഞ്ഞ ദിവസങ്ങളിൽ തുടങ്ങി കേരളമാകെ ചർച്ച ചെയ്യുന്നത് പൂജ്യത്തെക്കുറിച്ചാണ്. പൂജ്യത്തിന് വിലയില്ലെന്ന സിദ്ധാന്തം കേരളം അല്പമൊന്ന് തിരുത്തി. ഇവിടെ പൂജ്യം എന്നത് പത്തരമാറ്റ് വിജയം തന്നെയാണ്. കോവിഡിനോടൊപ്പം തന്നെ വർഗീയ വൈറസുകളെയും പ്രതിരോധിക്കാൻ കേരളമേറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയതിന്റെ ചാരിതാർത്ഥ്യമാണ് സൈബറിടങ്ങളിലെ വാക്കുകളിൽ പ്രതിഫലിക്കുന്നതും. കോവിഡ് കാലത്ത് ഇത്തവണ സൈബറിടങ്ങളിലാണ് ചർച്ച ചൂടുപിടിച്ചത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ ബിജെപി മൂന്നിടത്ത് ലീഡ് ചെയ്യുന്നുവെന്ന വാർത്ത വന്നതോടെ താമരയുടെ രണ്ടാം വരവിന്റെ താളം സമൂഹ മാധ്യമങ്ങളിൽ മുഴങ്ങി. എന്നാൽ അല്പ സമയം കഴിഞ്ഞ് സംപൂജ്യരും സംതൃപ്തരുമായപ്പോൾ പോസ്റ്റ് മുക്കലിന്റെ അവസ്ഥാന്തരങ്ങളിലേക്കും കാര്യമെത്തി. ഇതെല്ലാം കണ്ട മലയാളി ട്രോളന്മാർക്കാണേലോ ആഘോഷത്തിനും വകയൊരുങ്ങി. ആകാശത്തോളം സ്വപ്നം കണ്ടവർ ഇന്ന് ആകാശത്താണ്. ന്യൂജൻ സൈബർ ഭാഷയിൽ പറഞ്ഞാൽ ‘ഓൺ എയർ’.

Eng­lish summary;Social media cel­e­brat­ing LDF victory

You may also like this video;