Saturday
14 Dec 2019

സമൂഹ മാധ്യമത്തിലെ വ്യാജ പ്രചാരണം: പരാതി നല്‍കി

By: Web Desk | Thursday 18 April 2019 5:11 PM IST


പത്തനാട്: തന്‍റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം വ്യാജമായി നിര്‍മ്മിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയെ പൊതു സമുഹത്തില്‍ അവഹേളിക്കുന്ന തരത്തില്‍ വ്യാജ പ്രചരണം നടത്തുന്നതിനെതിരെ എസ് എഫ് ഐ വാഴൂര്‍ ഏരിയാ കമ്മിറ്റിയംഗം പൊലീസില്‍ പരാതി നല്‍കി.

എസ് എഫ് ഐ വാഴൂര്‍ ഏരിയാ കമ്മിറ്റിയംഗം കങ്ങഴ ഇടയിരിക്കപ്പുഴ ഗണപതിച്ചിറ വിഷ്ണു ജയകുമാറാണ് കറുകച്ചാല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറിനു ഇന്നലെ രാത്രി പരാതി നല്‍കിയത്.
പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥിയുടെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി കങ്ങഴ പഞ്ചായത്തില്‍ പര്യടനം നടത്തിയപ്പോള്‍ വീണാ ജോര്‍ജിന് സ്വീകരണം നല്‍കുന്ന ഫോട്ടോ വിഷ്ണു ജയകുമാര്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഈ ഫോട്ടോ ചിലതല്‍പ്പരകക്ഷികള്‍ ദുരുപയോഗിച്ച് ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് അങ്ങേയറ്റം അപലപനീയമായ രീതിയിലുള്ള പ്രചരണമാണ് നടത്തുന്നത്. ഈ പ്രചരണം പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെ വ്യക്തിപരമായി അവഹേളിക്കുന്നതും ജാതി സ്പര്‍ദ്ധ വളര്‍ത്തുന്നതുമാണ്. മാത്രമല്ല, ഈ പ്രചാരണം തനിക്ക് മാനഹാനിയും മനോവേദനയും ഉണ്ടായിക്കിയതായും പരാതിക്കാരന്‍ പറയുന്നു. ഇതിനെതിരേയാണ് വിഷ്ണു ജയകുമാര്‍ കറുകച്ചാല്‍ പൊലീസില്‍ പരാതി നല്‍കിയത്. വ്യാജ പോസ്റ്റുണ്ടാക്കി പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയതെന്ന് വിഷ്ണു ജയകുമാര്‍ കോട്ടയത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Related News