October 6, 2022 Thursday

സാമൂഹ്യ മാധ്യമങ്ങളുടെ മേൽക്കൈ

Janayugom Webdesk
November 26, 2020 5:00 am

വർത്തമാനം

കുരീപ്പുഴ ശ്രീകുമാർ

സാംസ്ക്കാരിക രാഷ്ട്രീയ മേഖലകൾ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെ സജീവമാണ്. കോവിഡ് എന്ന മഹാരോഗമാണ് ഓൺലൈൻ മേൽക്കൈക്ക് കാരണമായത്. അസംഖ്യം യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരിക്കുന്നു. ലഘു പ്രഭാഷണങ്ങൾ ചാനലുകളിൽ നിറഞ്ഞൊഴുകുന്നു. എം എൻ കാരശ്ശേരിയും സജീവൻ അന്തിക്കാടും മറ്റും നടത്തുന്ന ലളിതവും എന്നാൽ വിജ്ഞാനപ്രദവുമായ ലഘുപ്രഭാഷണങ്ങൾ നിരവധി ആളുകളെ ആകർഷിക്കുന്നുണ്ട്. ഹ്രസ്വചിത്രങ്ങളുടെ വേലിയേറ്റം തന്നെ സമൂഹമാധ്യമങ്ങളിൽ ഉണ്ടായിട്ടുണ്ട്. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമ ബോറാണെങ്കിൽ മാന്യതയ്ക്ക് വേണ്ടിയെങ്കിൽ പോലും നമ്മൾ തിയേറ്ററിൽ ഇരിക്കും. ഓൺ ലൈൻ സ്ക്രീനിൽ ആണെങ്കിൽ നമുക്ക് അപ്പോൾ നിറുത്താം. ദൈർഘ്യം കുറവായതിനാൽ കാണാവുന്നതെയുള്ളൂ. നിറുത്താനുള്ള ബട്ടൺ നമ്മുടെ വിരൽത്തുമ്പിലാണ്. അതിനാൽ ബോറുപടങ്ങൾ ആദ്യദിവസം തന്നെ പിൻവലിക്കപ്പെടും.

രാ പ്രസാദിന്റെ കുറ്റാന്വേഷണ ലഘുസിനിമകളും ഷിബു മുത്താട്ടിന്റെയും മറ്റും രചനകളും നന്നായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. ലഘു നാടകങ്ങളും ഏകപാത്ര അവതരണങ്ങളും നമ്മുടെ ഏകാന്തതയിലേക്ക് എത്തിയിരിക്കുന്നു. പ്രസിദ്ധിയുടെ അരങ്ങുകളിലേക്ക് പ്രവേശനം നിഷേധിച്ചിരുന്ന നല്ല പാട്ടുകാർക്ക് ഓൺ ലൈൻ വേദികൾ വലിയ സാധ്യതയാണ്. നാടൻ പാട്ടുകളും കവിതകളും ധാരാളമായി ശ്രദ്ധിക്കപ്പെടുന്നുണ്ട്. പത്താം വർഷത്തിന്റെ അനുഭവ ചരിത്രമുള്ള ഇന്ന് വായിച്ച കവിത ഇപ്പൊഴും നന്നായി വായിക്കപ്പെടുന്നു. ജനയുഗം വാരാന്തമടക്കമുള്ള പ്രസിദ്ധീകരണങ്ങളിൽ വരുന്ന കവിതകൾ ഇന്ന് വായിച്ച കവിതയിൽ വായനക്ക് സമർപ്പിക്കുന്നുണ്ട്. ഇരുനൂറിലധികം വായനക്കാർ പ്രതിദിനം കവിത വായിക്കുന്നുണ്ട്. ഓരോ ദിവസവും കവിത പോസ്റ്റു ചെയ്യുന്ന നിരവധി കാവ്യസ്നേഹികളുണ്ട്. എല്ലാ പോസ്റ്റിലും കൂടി എണ്ണൂറിലധികം ആളുകൾ കവിത വായിക്കുന്നുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ വായനക്കാരുള്ള സാഹിത്യ രൂപം കവിതയാണ്.

കഴിഞ്ഞ കർക്കിടകത്തിൽ യുവകലാസാഹിതി സംഘടിപ്പിച്ച ഓൺലൈൻ പ്രഭാഷണപരമ്പര ഏറെ ശ്രദ്ധിക്കപ്പെട്ടു. രാമായണത്തിന്റെ ബഹുസ്വരതയായിരുന്നു വിഷയം. ഒന്നും രണ്ടുമല്ല അനവധി നിരവധി രാമകഥകളെക്കുറിച്ചു ധാരണയുണ്ടാക്കാൻ ആ പ്രഭാഷണ പരമ്പര സഹായിച്ചു. രാമായണം കുറത്തിപ്പാട്ടും വയനാടൻ രാമായണവും മാപ്പിള രാമായണവും ബാലിരാമായണവുമൊക്കെ ആ വേദിയിൽ പരാമർശിക്കപ്പെട്ടു. പുരോഗമന കലാസാഹിത്യ സംഘം പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പ്രാചീന കാവ്യപഠന പരിപാടിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. മുഹിയുദ്ദീൻ മാല, മലയവിലാസം, മോയീൻകുട്ടി വൈദ്യരുടെ കൃതികൾ തുടങ്ങിയവയുടെ അവതരണവും പ്രഭാഷണവും പുതിയ തലമുറയ്ക്ക് പ്രയോജനപ്രദം ആയിരുന്നു. വിവിധ ഓൺ ലൈൻ ഗ്രൂപ്പുകൾ നടത്തിയ കവിതാചലഞ്ച് പരിപാടിയിൽ പുതുകവികൾ സജീവമായി ഇടപെട്ടു. മുതിർന്ന കവികളിൽ സച്ചിദാനന്ദനാണ് ഓൺലൈൻ മേഖലയെ സാന്നിധ്യംകൊണ്ടു സമ്പുഷ്ടമാക്കുന്നത്. ഓൺലൈൻ വേദി മിക്കപ്പോഴും ഉപയോഗിക്കപ്പെടുന്നത് സ്വന്തം പ്രതിച്ഛായ മിനുക്കുന്നതിനു വേണ്ടിയാണ്. അതിൽ നിന്നും വ്യത്യസ്തമായി, കമ്മ്യൂണിസ്റ്റ് പാർട്ടി നടത്തിയ ഓൺലൈൻ മാർച്ച് വളരെ ശ്രദ്ധിക്കപ്പെട്ടു.

കോവിഡിനെതിരെ നടന്ന ബോധവൽക്കരണ പരിപാടികളിൽ സമൂഹമാധ്യമങ്ങൾ വലിയ പങ്കാണ് വഹിക്കുന്നത്. ജനങ്ങൾ ഉത്സവം പോലെ ആഘോഷിച്ചിരുന്ന തെരഞ്ഞെടുപ്പും ഇപ്പോൾ ഓൺലൈൻ മേഖലയിൽ പ്രസരിച്ചു കഴിഞ്ഞു. കാണാമറയക്കാരുടെ വ്യവസായക്കണ്ണ് ഇപ്പോൾ കേരളത്തിലെ പ്രാദേശിക ഭരണകൂട തെരഞ്ഞെടുപ്പിൽ പതിഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥിക്കു പറയാനുള്ളതും മറ്റു പ്രചാരണ പരിപാടികളും മറ്റും ഒരു നിശ്ചിത തുക അടച്ചാൽ നിർദ്ദേശിക്കുന്ന പ്രദേശത്ത് അക്കൗണ്ട് ഉള്ളവരെ അറിയിക്കും. ഒറ്റ ദിവസത്തെക്കാണ് ഈ പ്രതിഫലാധിഷ്ഠിത സേവനം ലഭിക്കുക. കൂടുതൽ ദിവസം വേണമെങ്കിൽ കൂടുതൽ പണം കൈമാറണം. സാംസ്ക്കാരിക രംഗത്തു കൂടി സാന്നിധ്യം അറിയിച്ചിട്ടുള്ള ഗീതാ നസീർ, ശാരദാ മോഹൻ, ശ്രീനാദേവി, ഐ സതീഷ് കുമാർ, കരിങ്ങന്നൂർ സുഷമ തുടങ്ങിയവർ ഇക്കുറി പ്രാദേശിക ഭരണകൂടങ്ങളിലേക്ക് ജനവിധി തേടുന്നുണ്ട്. അവരുടെ പ്രചാരണ പരിപാടികളും നവമാധ്യമങ്ങളിൽ ഇടം നേടിയിടുണ്ട്.

പുസ്തകങ്ങളുടെ പ്രസിദ്ധീകരണം നല്ലൊരു ശതമാനം ഡിജിറ്റൽ ആയിട്ടുണ്ട്. ഇ ബുക്കുകളുടെ സാന്നിധ്യം മലയാളത്തിലും ഉണ്ടായിരിക്കുന്നു. ഇങ്ങനെ പ്രസിദ്ധീകരിക്കപ്പെടുന്ന പുസ്തകങ്ങൾ, പണം അടച്ചവർക്ക് മാത്രമേ വായിക്കാൻ കഴിയൂ. പകർപ്പെടുക്കാനോ ഷെയർ ചെയ്യാനോ സാധ്യമല്ല. യന്ത്രത്തിനു തിരിച്ചറിവില്ലാത്തതിനാൽ രചയിതാവിനും പണം അടച്ചെങ്കിൽ മാത്രമേ സ്വന്തം പുസ്തകം കാണാൻ പോലും കഴിയൂ.

മുതലാളിത്തം കയ്യടക്കിയാൽ യന്ത്രത്തിന്റെ മുദ്രാവാക്യം എല്ലാവരും അന്യരാണ് എന്നാണല്ലോ. മുതലാളിത്തത്തിനു ലാഭം വാങ്ങിക്കൊടുക്കുന്ന അനുസരണയുള്ള ഒരു ഭൂതമാണ് ഓൺ ലൈൻ സംവിധാനം.

പ്രസിദ്ധീകരണങ്ങൾ പലതും തപാൽ സാധ്യത മങ്ങിയതിനാൽ ഓൺലൈൻ നിരയിലായിട്ടുണ്ട്. അവയുടെ വായന ഗണ്യമായി കുറഞ്ഞിട്ടുമുണ്ട്. കോവിഡ് നമ്മുടെ സാംസ്ക്കാരിക സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങൾ വളരെ വലുതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.