Web Desk

വാഷിങ്ടണ്‍

July 18, 2021, 9:25 am

സമൂഹമാധ്യമങ്ങള്‍ ജനങ്ങളുടെ ജീവനു ഭീഷണിയാവുന്നു: യുഎസ് പ്രസിഡന്റ്

Janayugom Online

സമൂഹമാധ്യമങ്ങള്‍ കോവിഡ് വാക്സിനേഷന്‍ സംബന്ധിച്ച് തെറ്റായവിവരങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ കൊന്നൊടുക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചു. ഇത്തരം തെറ്റായവിവരങ്ങള്‍ക്ക് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിച്ച് ഫേസ്ബുക്ക് പോലുള്ള എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ജനങ്ങളുടെ ജീവനു തന്നെ ഭീഷണിയാകുമെന്നെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം വിഷയത്തില്‍ സമൂഹമാധ്യമങ്ങള്‍ വളരെ ശ്രദ്ധചെലുത്തേണ്ടതുണ്ട്. അമേരിക്കയില്‍ വാക്‌സിനെടുക്കാത്തവരുടെ ഇടയില്‍ മാത്രമാണ് നിലവില്‍ കോവിഡ് വ്യാപിക്കുന്നതെന്ന് ബൈഡന്‍ പറഞ്ഞു. രാജ്യത്തുള്ള ഒരു വിഭാഗം ആളുകള്‍ വാക്‌സിനേഷനെതിരെ പ്രചാരണം നടത്തുന്നുണ്ടെന്നും ഇവര്‍ തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളാണ് ഫേസ്ബുക്ക് വഴി പ്രചരിപ്പിക്കുന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു. വൈറ്റ് ഹൗസില്‍വച്ച് നടന്ന പത്രസമ്മേളനത്തിലാണ് ബൈഡന്‍ സമൂഹമാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് മുതലായ സമൂഹമാധ്യമങ്ങള്‍ വഴി കോവിഡുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ വലിയ വര്‍ധനവാണുണ്ടായത്. ഫേസ്ബുക്കിലുള്‍പ്പെടെ പ്രചരിക്കുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ നേരിടുന്നതുമായി ബന്ധപ്പെട്ട് പൊലീസിനെപ്പോലും പരാജയപ്പെടുത്തുന്നതായി യുഎസിലെ പല ഗവേഷകരും നിയമനിര്‍മ്മാതാക്കളും കുറെനാളുകളായി ആരോപിക്കുന്ന കാര്യമാണ്. കോവിഡ് രോഗത്തെക്കുറിച്ചും വാക്സിനെക്കുറിച്ചും തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് വാക്‌സിന്‍ വിരുദ്ധ പോസ്റ്റുകളില്‍ 65 ശതമാനവും 12 പേരുടെ പ്രൊഫൈലുകളില്‍ നിന്നാണ് വരുന്നതെന്ന് ബൈഡന്‍ ചൂണ്ടിക്കാട്ടി. മറ്റ് സമൂഹമാധ്യമങ്ങള്‍ ഈ 12 പേരുടേയും പോസ്റ്റുകള്‍ ബ്ലോക്ക് ചെയ്തെന്നും ഫേസ്ബുക്ക് മാത്രം ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി വ്യക്തമാക്കി.

തെറ്റായ വിവരങ്ങള്‍ ഏത് മാധ്യമങ്ങള്‍ വഴി പ്രചരിച്ചാലും ഗുരുതരമായ കുറ്റമായി കണക്കാക്കണമെന്ന് ആരോഗ്യമേഖല സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫേസ്ബുക്ക് അടക്കമുള്ള മാധ്യമങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കള്‍ നല്‍കുന്ന തെറ്റായ വിവരങ്ങളെ ഉടനെ നിയന്ത്രിക്കാന്‍ യാതൊരു നടപടികളും സ്വീകരിക്കുന്നില്ലെന്നും വിവേക് മൂര്‍ത്തി കുറ്റപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ക്ക് കൊറോണക്കാലത്തു നല്‍കാനുള്ള നിര്‍ദ്ദേശമെന്തെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ബൈഡന്‍ സമൂഹ്യമാധ്യമങ്ങളെഒന്നടങ്കം വിമര്‍ശിച്ച് രംഗത്തെത്തിയത്.

Eng­lish sum­ma­ry; Social media threat­ens peo­ple’s lives: US President

You may also like this video;