February 5, 2023 Sunday

Related news

April 20, 2021
January 13, 2021
December 31, 2020
November 23, 2020
October 16, 2020
September 14, 2020
September 8, 2020
July 22, 2020
July 16, 2020
June 22, 2020

ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേല്‍ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല, പക്ഷെ അറിവോ ഉത്തരവാദിത്ത ബോധമോ ഇല്ലാത്ത പത്ത് ആളുകള്‍ മതി കേരളത്തില്‍ ഒരു ലോഡ് ശവം വീഴാൻ- ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

Janayugom Webdesk
April 17, 2020 7:44 pm

കോവിഡ് എന്ന മഹാമാരിയ്ക്ക് മുമ്പില്‍ ലോകരാജ്യങ്ങള്‍ ഒന്നാകെ പകച്ച് നിന്നപ്പോഴും കൊവിഡിനെ ഒരു പരിധി വരെ നിയന്ത്രണ വിധേയമാക്കാൻ കേരളത്തിന് കഴിഞ്ഞു. കോവിഡ് കേസുകള്‍ കണ്ടെത്തിയതിനും അവയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിലും അവരെ കൃത്യമായി ഐസൊലേറ്റ് ചെയ്യുന്നതിനും മികച്ച ചികിത്സ നല്‍കിയതും എല്ലാം പ്രശംസനീയമാണെന്നും മാതൃകാപരമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചിരുന്നു. ഒരു വിധം കൊറോണ വൈറസിനെ പിടിച്ച് നിര്‍ത്താനായതിന്റെ സന്തോഷത്തിലാണ് മലയാളികള്‍. കേരളാ മാതൃകയെ പ്രശംസിച്ച് ഒരുപാട് പേര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

കൊറോണക്കാലത്തു നിന്നും കുറച്ചു നല്ല പാഠങ്ങൾ…

രണ്ടാം വരവിലും കൊറോണ ഭൂതത്തെ ഒരുവിധം കുപ്പിയിലാക്കിയതിന്റെ സന്തോഷത്തിലാണ് മലയാളികൾ.

ഈ സന്തോഷം ന്യായമാണ്, അഭിമാനിക്കാവുന്നതും. ലോകത്ത് മറ്റൊരു സ്ഥലവും കൊറോണയുടെ മേൽ ഇങ്ങനൊരു വിജയം നേടിയതായി അറിവില്ല.

പക്ഷെ ‘കീരിക്കാടൻ ചത്തേ…’ എന്ന് വിളിച്ച് തെരുവിലിറങ്ങാൻ ഇനിയും സമയമായിട്ടില്ല. ഗ്രീക്ക് മിത്തോളജിയിലെ ഹൈഡ്രയെപ്പോലെയാണ് ഇപ്പോൾ കൊറോണ വൈറസ്. ഒന്പത് തലകളുള്ള മോൺസ്റ്റർ ആയിരുന്നു ഹൈഡ്ര, അതിൽ ഏതെങ്കിലും ഒരു തല ആരെങ്കിലും ഛേദിച്ചാൽ അതിന് പകരം പുതിയ രണ്ടു തലകളുമായി ഹൈഡ്ര തിരിച്ചു വരും. അതുപോലെ കേരളത്തിൽ മാത്രമായി അടിച്ചൊതുക്കാൻ പറ്റിയ ഒന്നല്ല കൊറോണ. ഇതിന് ശാസ്ത്രം ഒരു പ്രതിവിധി കണ്ടുപിടിക്കാൻ ഒരു വർഷമോ അതിലധികമോ എടുത്തേക്കാം. അതുവരെ എപ്പോൾ വേണമെങ്കിലും കൊറോണക്ക് കേരളത്തിൽ തേരോട്ടം നടത്താം. അറിവോ ഉത്തരവാദിത്ത ബോധമോ ഇല്ലാത്ത പത്ത് ആളുകൾ, മുൻകരുതലുകളിൽ അൽപം കുറവ്, അത് മുതലെടുക്കാൻ ശ്രമിക്കുന്ന ഒരു ശതമാനം ആളുകൾ… കേരളത്തിൽ ഒരു ലോഡ് ശവം വീഴാൻ അത് മതി. അതുകൊണ്ട് തൽക്കാലം നാം നേടിയ വിജയത്തിൽ സന്തോഷിക്കുന്നതിനൊപ്പം ഇനിയും വരാനിരിക്കുന്ന വെല്ലുവിളികൾ നേരിടാൻ തയ്യാറെടുക്കുക, കൂടുതൽ ഉത്തരവാദിത്തത്തോടെ പെരുമാറാൻ പഠിക്കുക. ഇതാണ് തൽക്കാലം നാം ചെയ്യേണ്ടത്.

ഒരു മാസം കഴിഞ്ഞാണെങ്കിലും ഒരു വർഷം കഴിഞ്ഞാണെങ്കിലും ഈ കാലവും കടന്നുപോകും, കൊറോണാനന്തര കാലഘട്ടം കേരളത്തിനും ലോകത്തിനും ഉണ്ടാകും. അപ്പോൾ ഈ കൊറോണക്കാലത്ത് പഠിച്ച ഏതൊക്കെ പാഠങ്ങളാണ് നമ്മൾ നമ്മുടെ പുതിയ സംസ്‌ക്കാരമായി മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് നോക്കാം.

1. ശുചിത്വത്തിന്റെ സംസ്‌ക്കാരം: ടോയ്‌ലറ്റിൽ പോയിട്ട് വരുന്പോഴെങ്കിലും കൈ സോപ്പിട്ട് കഴുകണമെന്ന് പതിറ്റാണ്ടുകളായി ഡോക്ടർമാർ പറഞ്ഞിട്ടും പഠിക്കാതിരുന്നത് നമ്മൾ ഒറ്റ ആഴ്ചകൊണ്ട് പഠിച്ചെടുത്തു. ഇത് നമ്മൾ തീർച്ചയായും തുടരണം. കൂടാതെ വ്യക്തിപരമായും സാമൂഹികമായും ശുചിത്വത്തിന്റെ കുറച്ചുകൂടി ഉയർന്ന ഒരു സംസ്‌ക്കാരം നമ്മൾ ആർജ്ജിക്കണം. ഖരമാലിന്യ നിർമ്മാർജ്ജനവും, മലിന ജലത്തിന്റെ ഉറവിടത്തിൽ തന്നെ അളവ് കുറച്ച്, വേണ്ടവിധത്തിൽ ശുചീകരിച്ച് വീണ്ടും ഉപയോഗിക്കുന്നതും നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമാകണം. നമ്മുടെ ചുറ്റുമുള്ള പരിസ്ഥിതി നമുക്ക് സന്തോഷവും ആരോഗ്യവും പ്രദാനം ചെയ്യുന്ന ഒന്നാകണം, അല്ലാതെ രോഗത്തെ ഉണ്ടാക്കുന്നതോ വഹിക്കുന്നതോ ആകരുത്.

2. ആരോഗ്യത്തിന്റെ സംസ്‌ക്കാരം: കൊറോണ മരണങ്ങൾ വലിയ തോതിലുണ്ടായ നാടുകളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നത് പ്രായമാകുന്പോൾ രോഗം വഷളാവാനുള്ള സാധ്യത കൂടുമെന്ന് മാത്രമല്ല, ജീവിതശൈലീരോഗങ്ങൾ ഉൾപ്പെടെയുള്ള രോഗാവസ്ഥകൾ ഇല്ലാതെ ആരോഗ്യമായിരിക്കുന്നവർക്ക് പ്രായമായാലും ഈ രോഗത്തിൽ നിന്നും മുക്തി നേടാനുള്ള സാധ്യത കൂടുതലാണെന്നും കൂടിയാണ്. ചെറുപ്പത്തിൽത്തന്നെ ആരോഗ്യകരമായ ജീവിതശൈലി (ഭക്ഷണ രീതി ഉൾപ്പടെ) ശീലിക്കാനുള്ള ഒരു അവസരമാകണം ഈ കൊറോണക്കാലം. നമ്മുടെ ആരോഗ്യ രംഗത്തെ പ്രവർത്തകർ — ഡോക്ടർമാർ മുതൽ ആശുപത്രികളിലെ ആംബുലൻസ് ഓടിക്കുന്നവർ വരെയുള്ളവർ ഇതുവരെ ഫുൾ A + നേടിയാണ് നിൽക്കുന്നത്. സർക്കാർ — സ്വകാര്യ ആരോഗ്യ സംവിധാനങ്ങളും, ചികിത്സയും, പൊതുജനാരോഗ്യ പ്രവർത്തനവും ഒരുമിച്ചാണ് ഈ യുദ്ധത്തെ നേരിട്ടത്. ഈ നില തുടരണം, മെച്ചപ്പെടുത്തണം, ഒപ്പം അവരെ അംഗീകരിക്കുകയും വേണം. ന്യായമായ ശന്പളത്തിന് വേണ്ടി നമ്മുടെ നേഴ്‌സുമാർ തെരുവിലിറങ്ങി സമരം ചെയ്യുന്ന ഒരു സാഹചര്യം ഇനിയെങ്കിലും ഉണ്ടാകരുത്.

3. ശാസ്ത്രബോധത്തിന്റെ സംസ്‌ക്കാരം: കാലം നല്ലതായിരിക്കുന്പോൾ നമുക്ക് ഏത് കപട ശാസ്ത്രത്തേയും ആശ്രയിച്ചുകൊണ്ട് ആധുനിക ശാസ്ത്രത്തെ കുറ്റം പറയാം. പക്ഷെ കാര്യങ്ങൾ യഥാർത്ഥത്തിൽ കുഴപ്പമാകുന്പോൾ നമുക്ക് വിശ്വസിക്കാനും ആശ്രയിക്കാനും ശാസ്ത്രമല്ലാതെ മറ്റൊന്നില്ല. അതുകൊണ്ടു തന്നെ സമൂഹത്തിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കാനും ശാസ്ത്രത്തിൽ പഠനത്തിനും ഗവേഷണത്തിനുമുള്ള സാദ്ധ്യതകൾ കൂട്ടാനും ശാസ്ത്രത്തിലുള്ള നിക്ഷേപം തീർച്ചയായും വർദ്ധിപ്പിക്കണം.

4. കൃഷിയും ഭക്ഷ്യസുരക്ഷയും: ലോക്ക് ഡൗണിന്റെ ആദ്യ ദിനങ്ങളിൽ കേരളത്തിന്റെ ഭക്ഷ്യ സ്വയംപര്യാപ്തതയില്ലായ്മയെ കുറിച്ചും അതുണ്ടാക്കാൻ പോകുന്ന പട്ടിണിയെക്കുറിച്ചും പല പോസ്റ്റുകളും കണ്ടു. ‘കേരളത്തിൽ ഉടൻ നെൽകൃഷി ആരംഭിക്കണമെന്ന് ഞങ്ങൾ പണ്ടേ പറഞ്ഞതല്ലേ’ എന്ന തരത്തിലുള്ളവ. ആധുനിക ലോകത്ത് ഭക്ഷ്യക്ഷാമം എന്നത് ഭക്ഷണത്തിന്റെ ക്ഷാമമല്ല, ഭക്ഷണം വാങ്ങാനുള്ള പണത്തിന്റെ ക്ഷാമമാണെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു. ലോക്ക് ഡൌൺ മൂന്നാഴ്ച പിന്നിട്ടപ്പോൾ കൂടുതൽ ബുദ്ധിമുട്ടിയത് ഭക്ഷണം വാങ്ങാനല്ല, പഴവും പാലും പച്ചക്കറികളും ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വിൽക്കാനാണ്. കേരളത്തിന് കൂടുതൽ ഭക്ഷ്യ സുരക്ഷ വേണമെന്നതിൽ സംശയമില്ല. പക്ഷെ അത് ഇവിടെ ലാഭകരമല്ലാത്ത ഭക്ഷണ സാധനങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിലല്ല, മറിച്ച് ഇവിടെയും മറ്റിടങ്ങളിലും ഉല്പാദിപ്പിക്കുന്ന വസ്തുക്കൾ നമ്മുടെ ആവശ്യങ്ങൾക്ക്, വേണ്ടിവന്നാൽ ഒരു വർഷത്തെ സപ്ലൈ ചെയിനിൽ വരുന്ന തടസം പോലും മുന്നിൽ കണ്ട്, സംഭരിക്കാൻ പറ്റുന്ന സംവിധാനം നമുക്കുണ്ടാക്കണം.

5. കമ്മ്യൂണിറ്റി കിച്ചൻ: കേരളത്തിൽ ലോക്ക് ഡൌൺ പട്ടിണിയിലേക്കും ക്രമസമാധാന പ്രശ്നങ്ങളിലേക്കും നീങ്ങാത്തത്തിന്റെ പ്രധാന കാരണം സർക്കാർ നടത്തുന്ന കമ്മ്യൂണിറ്റി കിച്ചൻ തന്നെയാണ്. ആശ്യമുള്ളവർക്കെല്ലാം ഇതുപോലെ സൗജന്യമായോ തുച്ഛമായ പണം കൊടുത്തോ ഭക്ഷണം ലഭ്യമാക്കാനുള്ള സാഹചര്യം തീർച്ചയായും നമുക്ക് തുടരണം. ഒരു സംസ്‌കൃത സമൂഹത്തിൽ പട്ടിണി ഉണ്ടാകരുത്, കൊറോണക്കാലത്തും അതിന് ശേഷവും.

6. സന്നദ്ധ സേവനത്തിന്റെ സംസ്‌ക്കാരം: പ്രളയകാലത്ത് നമ്മൾ കണ്ടതാണ് ഒരാവശ്യം വരുന്പോൾ നമ്മുടെ യുവാക്കൾ എന്തിനും തയ്യാറായി മുന്നിലുണ്ട് എന്നത്. ഈ കൊറോണക്കാലവും അത് തന്നെയാണ് നമ്മൾ കാണുന്നത്. ഈ സന്നദ്ധ സേവന തല്പരത ഒരു ദുരന്തോ സ്പെഷ്യൽ ആക്കി ചുരുക്കേണ്ട കാര്യമില്ല. സമാധാനകാലത്തും സന്നദ്ധ സേവനമായി ചെയ്യാവുന്ന പല കാര്യങ്ങളുണ്ട്. പ്രായമായവരുടെയും, പാവപ്പെട്ടവരുടെയും, മറ്റു സംസ്ഥാനങ്ങളിൽ നിന്നു വന്നിട്ടുള്ള തൊഴിലാളികളുടെയും ക്ഷേമം അന്വേഷിക്കുന്നത്, സമൂഹത്തിലാകമാനം ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് എന്നിങ്ങനെ. സന്നദ്ധ സേവനം എന്നാൽ തെരുവിലിറങ്ങി മാത്രം ചെയ്യേണ്ട ഒന്നല്ല, യുവാക്കൾക്ക് മാത്രം വിട്ടുകൊടുക്കേണ്ടതുമല്ല. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികൾക്ക്, കുട്ടികൾ മുതൽ റിട്ടയർ ആയവർക്ക് വരെ അവരുടെ കഴിവും ലഭ്യമായ സമയവും അനുസരിച്ച് സമൂഹസേവനം ചെയ്യാനുള്ള അവസരമുണ്ടാക്കണം. ഉദാഹരണത്തിന് കേരളത്തിലെ സർക്കാർ വകുപ്പുകളുടെ വെബ്‌സൈറ്റുകൾ പൊതുവെ വളരെ മോശമാണ്. സാങ്കതികമായും കാഴ്‌ചക്കും അതൊരു മൃഗശാലയാണ്. ഓരോ വകുപ്പും പല ടെക്‌നോളജി ഉപയോഗിക്കുന്നതിനാൽ ഓരേ തരത്തിലല്ല അതിന്റെ ലുക്കും ഫീലും. ഇതൊക്കെ സർക്കാർ സ്വയം മാറ്റിയെടുക്കും എന്നത് ഈ നൂറ്റാണ്ടിൽ സംഭവിക്കുന്ന കാര്യമല്ല. ഈ രംഗത്ത് അറിവും കഴിവുമുള്ള മലയാളികൾ, അവർ ലോകത്ത് എവിടെയായായാലും, സർക്കാരുമായി കൈകോർത്താൽ നമ്മുടെ പഞ്ചായത്തുകൾ മുതൽ സെക്രട്ടേറിയേറ്റ് വരെയുള്ള സകല സംവിധാനങ്ങൾക്കും ഒരേ രീതിയിലുള്ള വെബ്‌സൈറ്റ് ഒറ്റ വർഷം കൊണ്ടുണ്ടാക്കിയെടുക്കാം. ഒരുദാഹരണം മാത്രമാണിത്.

7. മറുനാട്ടുകാരുടെ ജീവിതം: ലക്ഷക്കണക്കിന് മറുനാടൻ തൊഴിലാളികൾ കേരളത്തിലുണ്ട്, കൃഷി മുതൽ നിർമ്മാണ പ്രവർത്തനം വരെ, മൽസ്യബന്ധനം മുതൽ ഹോട്ടൽ പണി വരെ എവിടെയും അവരാണ് നമ്മുടെ തൊഴിൽ സേന. എന്നാൽ ഇവർ എത്ര പേരുണ്ട്, എവിടെ നിന്ന് വരുന്നു, ഏത് ഭാഷകൾ സംസാരിക്കുന്നു, നമ്മുടെ ഇടയിൽ എങ്ങനെ ജീവിക്കുന്നു എന്നതിനെപ്പറ്റിയൊന്നും ശരാശരി മലയാളിക്ക് ഒരറിവുമില്ല, അറിയാൻ ആഗ്രഹവുമില്ല. കൊറോണക്കാലത്ത് പായിപ്പാട്ടുണ്ടായ ഒറ്റ സംഭവം മതി എത്രമാത്രം സ്ഫോടനാത്മകമായ സാഹചര്യമാണ് നമുക്കുള്ളതെന്ന് മനസ്സിലാക്കാൻ. നമ്മുടെ നാട്ടിൽ തൊഴിലെടുത്ത് നമ്മുടെ ജീവിതം സുഗമമാക്കുന്നവരെ നമ്മൾ കൂടുതൽ അറിയണം. അവരുടെയും നമ്മുടെയും ആരോഗ്യം പരസ്പര ബന്ധിതമായതിനാൽ അവർക്കുള്ള സൗകര്യങ്ങൾ — താമസവും പൊതുജനാരോഗ്യവും ഉൾപ്പടെ വർദ്ധിപ്പിക്കണം. അവരിവിടെ ഉള്ളിടത്തോളം കാലം അവരെ നമ്മുടെ സമൂഹവുമായി അടുപ്പിക്കുകയും വേണം.

8. മാറുന്ന തൊഴിൽ ജീവിതങ്ങൾ: ലോകത്തെന്പാടും ലക്ഷക്കണക്കിന് ജോലികളാണ് ഒറ്റയടിക്ക് ഓഫീസ് റൂമിൽ നിന്നും ഓൺലൈനിലേക്ക് മാറിയത്. ഇ‑മെയിലും സൂമും ഒക്കെയായി ഓഫീസിൽ എത്തിയില്ലെങ്കിലും ആളുകൾക്ക് ഒരുമിച്ച് ജോലി ചെയ്യാമെന്ന് കൊറോണ, ലോകത്തെ പഠിപ്പിച്ചു. തൊഴിൽ ലോകം ഇനി ഒരിക്കലും പഴയത് പോലാകില്ല. ഈ കാലത്ത് ഒരു കാര്യം കൂടി നമ്മൾ അറിഞ്ഞു. ലക്ഷക്കണക്കിന് മലയാളികൾ ഐ ടി മേഖലയിൽ ജോലി ചെയ്യുന്നുണ്ടെങ്കിലും കേരളത്തിലെ സർക്കാർ സംവിധാനത്തിന്റെ താഴേത്തട്ടിലെ തൊഴിൽ രീതികൾ ഇപ്പോഴും കഴിഞ്ഞ നൂറ്റാണ്ടിന്റേതാണ്. നമ്മുടെ സർക്കാർ സംവിധാനത്തിലെ തൊഴിൽ രീതികൾ അഴിച്ചു പണിത്, പരമാവധി ഡിജിറ്റൽ ആക്കി, ഒരു മാസം ഓഫീസുകൾ അടച്ചിടേണ്ടി വന്നാൽ പോലും ജനങ്ങൾക്ക് സേവനങ്ങൾ നൽകാനുതകുന്ന തരത്തിലാക്കണം.

9. ടെലിമെഡിസിൻ സർവത്രികം ആക്കണം: കൊറോണക്ക് മുൻപ് ഒരാൾക്ക് ചെറിയൊരു രോഗം വന്നാൽ ആശുപത്രിയിൽ പോവുക എന്നത് ഏറെക്കുറെ ഒരു മുഴുവൻ ദിവസ ജോലിയാണ്, അതിന്റെ യാത്രാ ചിലവ് വേറെയും. തൊഴിലുള്ള ആളാണെങ്കിൽ അന്നത്തെ തൊഴിലും നഷ്ടം. പ്രായമായവരോ കുട്ടികളോ ആണെങ്കിൽ വീട്ടിൽ നിന്നു വേറൊരാളും കൂടെ പോകണം, അപ്പോൾ രണ്ടാളുകളുടെ സമയ നഷ്ടമാണ് സംഭവിക്കുന്നത്. ആശുപത്രിയിൽ ഡോക്ടറെ മുഖാമുഖം കാണാൻ (പരമാവധി അഞ്ചു മിനുട്ട്) കാത്തിരിക്കുന്ന ബാക്കി സമയം മുഴുവൻ മറ്റു രോഗങ്ങൾ നമുക്ക് കിട്ടാനുള്ള സാധ്യതയും ഉണ്ടാക്കുന്നു. ഈ കൊറോണക്കാലത്ത് ഡോക്ടർമാർ പലരും ടെലി മെഡിസിൻ പ്രാക്ടീസ് ചെയ്തു തുടങ്ങി. ഇനി നമ്മുടെ സർക്കാർ, ടെലിമെഡിസിന്‌ മാർഗ്ഗ നിർദ്ദേശങ്ങൾ ഉണ്ടാക്കണം. ഫീസ് വാങ്ങുന്നതിന് സംവിധാനങ്ങൾ ഉണ്ടാക്കണം. ഇത് ചെയ്താൽ ആശുപത്രിയിലെ തിരക്ക് നമുക്ക് വലിയ തോതിൽ കുറക്കാനാകും, എല്ലാവർക്കും അത് ഗുണമാവുകയും ചെയ്യും.

10 . വിദ്യാഭ്യാസം മാറിയേ തീരൂ: ഒരു ക്ലാസ് റൂമിൽ അധ്യാപകൻ കുട്ടികൾക്ക് ഒപ്പമിരുന്ന് കാര്യങ്ങൾ പഠിപ്പിക്കുന്ന രീതിക്ക് എണ്ണൂറ് വർഷമെങ്കിലും പഴക്കമുണ്ടെന്നാണ് പറയപ്പെടുന്നത്. ഓൺലൈനിൽ കോഴ്‌സുകൾ പഠിപ്പിക്കുന്ന രീതി കൊറോണക്കാലത്തിന് മുൻപേ ഉണ്ടായിരുന്നുവെങ്കിലും അത് ക്ലാസ്സ്‌റൂമിൽ പഠിപ്പിക്കുന്നതിന്റെ പൂരകമായിട്ടാണ് ലോകം കണ്ടിരുന്നത്, പകരമായിട്ടല്ല. ഇത് മാറുകയാണ്. ഇനിയുള്ള ലോകത്ത് ക്ലാസ് റൂം പഠനത്തിന് തുല്യമായി വരും ഓൺലൈൻ പഠനവും. ലോകത്തെവിടെ നിന്നും, മറ്റെവിടെയുമുള്ള ക്ലാസുകളിലും പഠിക്കാം എന്ന കാലം വരും. ഓൺലൈനിലേക്ക് വിദ്യാഭ്യാസം ഓടിക്കയറിയ കൊറോണക്കാലത്തെ നമ്മൾ ഒരവസരമായി എടുക്കണം, അവിടെ നിന്നും കുട്ടികളെ തിരിച്ചിറക്കരുത്. എങ്ങനെയാണ് നമ്മുടെ വിദ്യാഭ്യാസം ലോകവുമായി പരമാവധി ലിങ്ക് ചെയ്യുന്നത്? ഓൺലൈനും ക്ലാസ് റൂമുമായി എങ്ങനെയാണ് ഇന്റഗ്രേറ്റ് ചെയ്യുന്നത്, ഗ്രേഡിങ്ങും അംഗീകാരവും എങ്ങനെയാണ് മാറ്റേണ്ടത്, ഇതൊക്കെയാവണം ഇനി നമ്മുടെ ചിന്ത.

11. തിരികെയെത്തുന്ന പ്രവാസികൾ: ഈ കൊറോണക്കാലം കഴിയുന്പോൾ കേരളത്തിൽ മൂന്നു വിധത്തിൽ പ്രവാസികൾ തിരികെയെത്താൻ പോവുകയാണ്. ഒന്ന് കൊറോണ ഉണ്ടാക്കുന്ന സാന്പത്തിക തകർച്ചയാൽ അനവധി രാജ്യങ്ങളിൽ തൊഴിൽ നഷ്ടമുണ്ടായി പതിനായിരങ്ങൾക്ക് ജോലി നഷ്ടപ്പെട്ട് അവർ സ്ഥിരമായി നാട്ടിലേക്കെത്തും. രണ്ടാമത്തേത് തൊഴിലുകൾ ലോകത്ത് എവിടെനിന്നും ചെയ്യാം എന്ന് വന്നതോടെ ഇപ്പോൾ ലോകത്ത് പലയിടത്തും ജോലി ചെയ്യുന്നവർ സ്വന്തം നാട്ടിലേക്ക് എത്തും.
മൂന്നാമത്, കൊറോണയെ കേരളം കൈകാര്യം ചെയ്ത രീതി ലോകം ശ്രദ്ധിക്കുകയാണ്. സൗജന്യമായി കന്പ്യൂട്ടറും വൈദ്യുതിയും വാഗ്‌ദാനം ചെയ്യുന്ന സർക്കാരല്ല ആളുകൾക്ക് വേണ്ടത്. ദുരന്ത ഘട്ടം വരുന്പോൾ ദീർഘദൃഷ്ടിയോടെ തീരുമാനങ്ങൾ എടുക്കുകയും കൃത്യമായി അത് നടപ്പിലാക്കുകയും ചെയ്യുന്ന സ്ഥലങ്ങളിലേക്കാണ് ഇനിയുള്ള കാലത്ത് മൂലധനം ഒഴുകാൻ പോകുന്നത്. കേരളം ഈ ലിസ്റ്റിൽ ലോകത്ത് തന്നെ ഒന്നാമതെത്തുകയാണ്. വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ ലോകത്തെ ഏറ്റവും മികച്ച സ്ഥാപനങ്ങൾ നമ്മുടെ സംസ്ഥാനത്ത് എത്തും. നമ്മുടെ ഏറ്റവും മിടുക്കരായ ആളുകൾക്ക് പഠിച്ചുകഴിഞ്ഞാൽ കേരളത്തിന് പുറത്തേക്ക് പോകേണ്ടി വരുന്ന സാഹചര്യവും മാറും. ഇത്തരത്തിൽ നമ്മുടെ ഏറ്റവും നല്ല മാനുഷിക ശേഷി നാട്ടിലുണ്ടാകുന്പോൾ അതിന്റെ പ്രതിഫലനം സമൂഹത്തിലെ എല്ലാ തലത്തിലും ഉണ്ടാകും, രാഷ്ട്രീയ നേതൃത്വത്തിൽ ഉൾപ്പടെ. ഇതിനെയായിരിക്കണം ഇനി നാം ലക്ഷ്യമിടേണ്ടത്.

മുരളിതുമ്മാരുകുടി

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.