June 1, 2023 Thursday

Related news

April 28, 2023
March 18, 2023
February 22, 2023
February 21, 2023
February 10, 2023
January 31, 2023
January 20, 2023
December 27, 2022
December 14, 2022
November 27, 2022

ആ വൈറല്‍ ഫോട്ടോയില്‍ മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള ആള്‍ ഇതാണ്! ചിത്രത്തിന് പിന്നില്‍ വലിയൊരു കഥ

Janayugom Webdesk
June 14, 2020 11:52 am

പ്രിയ താരങ്ങളുടെ പഴയകാല ചിത്രങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ ആരാധര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയുമാണ് മമ്മൂട്ടിയുടെ ഒരു പഴയകാല ചിത്രം. ഫേസ്ബുക്ക് ഗ്രൂപ്പുകളിലും സിനിമാ പ്രോമോഷണല്‍ പേജുകളിലും ചര്‍ച്ചയായ ഈ ചിത്രം ഇതിന് മുമ്പ് ആരും കണ്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ ആ ചിത്രത്തിന് പിന്നില്‍ വലിയൊരു കഥ തന്നെ ഉണ്ട്. അരമതിലില്‍ കൂളിംഗ് ഗ്ലാസ്സില്‍ ചാരിയിരിക്കുന്ന ആള്‍ക്ക് എതിര്‍ വശത്തായി അയ്യാളുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ടിരിക്കുന്ന മമ്മൂട്ടി. ഏകദേശം 20 വയസ്സിന് അപ്പുറം പ്രായം തോന്നിക്കില്ല മമ്മൂട്ടിയ്ക്ക്. സിനിമയില്‍ എത്തുന്നതിന് മുമ്പുള്ള ചിത്രമാണ് ഇത്.

തങ്ങളുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഈ ചിത്രം ഇത്രയും വൈറലാകുമെന്ന് മുഹമ്മദ് റഫിഖും സഹോദരങ്ങളും വിചാരിച്ചതേയില്ല. ചിത്രം വൈറലായതിന് പിന്നാലെ ആരാണ് അന്നത്തെ സ്റ്റൈലിഷ് ലുക്കില്‍ മമ്മൂട്ടിയ്ക്കൊപ്പം ഇരിക്കുന്നത്? മമ്മൂക്ക ഗൗരവത്തോടെ കേട്ടിരിക്കുന്ന വാക്കുകള്‍ ആരുടേതാണ്? ആ കൂളിംഗ് ഗ്ലാസ്സ് മമ്മൂട്ടിയുടെ ആണോ അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. ചിത്രം വൈറലായതിന് പിന്നാലെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഹമ്മദ് റഫീക്ക് റഹീം രംഗത്തെത്തുകയും ചെയ്തു. റഹീമിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഞാന്‍ മുഹമ്മദ് റഫീഖ് റഹീം. മമ്മൂട്ടിയുടെ ഉമ്മയുടെ വീടിനടുത്താണ് ഞങ്ങളുടെ വീട്. ചന്തിരൂരില്‍. എന്റെ വാപ്പ ആണ് ആ ചിത്രത്തില്‍ മമ്മൂക്കയ്‌ക്കൊപ്പം കാണുന്ന വ്യക്തി. മമ്മൂക്ക ചന്തിരൂരിലെ ഉമ്മയുടെ വീട്ടിലെത്തിയപ്പോള്‍ എടുത്ത ഫോട്ടോയാണിത്. എന്റെ സഹോദരന്‍ അബ്ദുള്‍ റാസിഖിന് മമ്മൂട്ടിയുടെ ഉമ്മയുടെ ബന്ധുക്കളില്‍ നിന്ന് ഈയടുത്ത കാലത്ത് കിട്ടിയതാണ് ഈ ഫോട്ടോ. ഞങ്ങളത് ഫേസ്ബുക്കിലും വാട്ട്‌സ്ആപ്പിലും ഷെയര്‍ ചെയ്തു. പക്ഷേ അത് ഇത്ര വലിയ ചര്‍ച്ച ആകുമെന്ന് കരുതിയില്ല. ഫോട്ടോയുടെ കാപ്ഷന്‍ വാപ്പച്ചി എന്ന് എഴുതിയതോടെ അത് ഗുലുമാലുമായി. പല പ്രമുഖരടക്കം ആ ഫോട്ടോ ഞങ്ങളുടെ കാപ്ഷനോടുകൂടി തന്നെയാണ് ഷെയര്‍ ചെയ്തത്.

you may also like this video;


മമ്മൂട്ടിക്ക് ഇത്രയും മക്കളുണ്ടോ, മമ്മൂട്ടിയുടെ മകന്‍ ആണോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ പിന്നാലെ വരാന്‍ തുടങ്ങി. എന്തുകണ്ടാലും പൊങ്കാല ഇടാന്‍ ഇരിക്കുന്ന കുറെ പേരുണ്ടല്ലോ. പലതരത്തിലുള്ള കമന്റുകള്‍ ഞങ്ങള്‍ക്കും നേരിടേണ്ടിവന്നു. മമ്മൂക്കയോടൊപ്പം കൂളിംഗ് ഗ്ലാസിലുള്ളതാണ് എന്റെ വാപ്പ. പലര്‍ക്കും ഇപ്പോഴും കിട്ടാത്ത ഭാഗ്യം ഞങ്ങളുടെ വാപ്പയ്ക്കും കിട്ടി, അതാണ് ആ ചങ്ങാത്തം.

മമ്മൂക്ക അദ്ദേഹത്തിന്റെ ഉമ്മ വീട്ടില്‍ വരുമ്പോഴൊക്കെ വാപ്പച്ചിയുടെ അടുത്ത് വരും. വാപ്പയെ വലിയ കാര്യമായിരുന്നു മമ്മൂക്കയ്ക്ക്, തിരിച്ചും അങ്ങനെ തന്നെ. അദ്ദേഹം പഠിച്ചുകൊണ്ടിരിക്കുന്ന കാലത്തെടുത്ത ഫോട്ടോയാണിത്, ഏറിപ്പോയാല്‍ ഒരു 20 വയസ്സ്. ഞങ്ങളുടെ വാപ്പ നാട്ടില്‍ അത്യാവശ്യം അറിയപ്പെടുന്ന ആളായിരുന്നു. മമ്മൂക്കയുടെ അമ്മാവന്‍മാരില്‍ ആരോ ഒരാള്‍ എടുത്ത ഫോട്ടോയാണ് അത്. അവരില്‍ പലരും ഗള്‍ഫിലൊക്കെയായിരുന്നു അന്ന്. ഞാനൊന്നും അന്ന് ജനിച്ചിട്ടുപോലുമില്ല. ഒരു 40 വര്‍ഷത്തില്‍ കൂടുതല്‍ ആ ഫോട്ടോയ്ക്ക് പഴക്കമുണ്ട്. മമ്മൂക്കയുടെ അത്രയും പഴയ ഫോട്ടോ ചിലപ്പോള്‍ ഇന്ന് കാണാന്‍ കൂടി കിട്ടില്ല.

ഹരികൃഷ്ണന്‍സ് ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം റഫീക്ക്‌

ഫോട്ടോ വൈറലായപ്പോള്‍ കമന്റ് ഇട്ടവരില്‍ പലരും ചോദിച്ചു. വാപ്പച്ചിയിട്ടിരിക്കുന്ന ആ കൂളിംഗ് ഗ്ലാസ് മമ്മൂക്കയുടെ ആണോ എന്നൊക്കെ. അല്ല, അത് വാപ്പയുടെ തന്നെയാണ്. കാരണം റഹീം മാഷ് എന്ന വാപ്പയുടെ ഐഡന്റിറ്റി ആയിരുന്നു കൂളിംഗ് ഗ്ലാസും വെള്ള ഖദര്‍ മുണ്ടും ഷര്‍ട്ടും പിന്നെ സിഗരറ്റും. വാപ്പയെ അങ്ങനെയല്ലാതെ ആരും കണ്ടിട്ടുണ്ടാകില്ല. മമ്മൂക്ക സിനിമയിലെത്തിയിട്ടില്ലാത്ത സമയത്തെ ആണ് ഊ ഫോട്ടോ. പിന്നീട് അദ്ദേഹം ഉമ്മവീട്ടില്‍ വരുമ്പോഴൊക്കെയും അദ്ദേഹം വാപ്പയെ കാണാന്‍ വരുമായിരുന്നു. വലിയ സിനിമാനടന്‍ ആയതിനുശേഷവും ഞങ്ങളെക്കുറിച്ച് വിളിച്ചന്വേഷിക്കുമായിരുന്നു അദ്ദേഹം.

മമ്മൂട്ടി അദ്ദേഹത്തിന്റെ കല്യാണം നേരിട്ട് വന്നാണ് ഞങ്ങളുടെ വീട്ടില്‍ പറഞ്ഞത്. പിന്നീട് അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് ഞാനും വാപ്പയും പോയിട്ടുണ്ട്. ശരിക്കും ഒരു കുടുംബത്തിലെ അംഗങ്ങളെ പോലെയാണ് ഞങ്ങള്‍. വാപ്പ ഒന്‍പത് വര്‍ഷം മുമ്പ് മരിച്ചു. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സമയം റ അമ്മാവന്‍ വഴി മമ്മൂക്ക എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും സഹായം വേണമെങ്കില്‍ പറയണം എന്ന് ഞങ്ങളോട് പറയുകയും ചെയ്തിരുന്നു. ബാപ്പ മരിച്ച വിവരം ഞാന്‍ മെസ്സേജ് ചെയ്തപ്പോള്‍ ഷൂട്ടിങ്ങിനായി ഒരു ദ്വീപിലാണെന്നും വരാന്‍ ശ്രമിക്കാം എന്നും അദ്ദേഹം മറുപടി തന്നു പക്ഷേ അന്ന് വരാന്‍ പറ്റിയില്ല.

you may also like this video;

മമ്മൂക്കയുടെ അമ്മാവന്മാര്‍ എപ്പോഴും പറയുമായിരുന്നു അദ്ദേഹത്തിന് ബാപ്പയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്നും അദ്ദേഹം ഒരിക്കലും വാപ്പച്ചിയെ മറക്കില്ലെന്നും. എന്താണ് അതിന്റെ കാരണം എന്ന് ഞങ്ങള്‍ ആരും ഇന്നേവരെ തിരക്കിയിട്ടില്ല. അത് അവര്‍ തമ്മില്‍ മാത്രമുള്ള ബന്ധമാണ്. ഒരു യഥാര്‍ത്ഥ ആത്മബന്ധം.’

ഉമ്മവീട് സ്ഥിതിചെയ്യുന്ന ചന്തീരൂരിലെ സ്‌കൂളില്‍ വച്ചാണ് മമ്മൂട്ടി ആദ്യമായി സ്ത്രീവേഷത്തില്‍ നാടകത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി പഠിച്ച അതേ സ്‌കൂളില്‍ തന്നെയാണ് മുഹമ്മദ് റഫീഖും പഠിച്ചത്. സ്കൂളിന്റെ വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനും റഫീഖാണ്. ഒരു ഗ്രൂപ്പില്‍ ഫോട്ടോ ഷെയര്‍ ചെയ്തപ്പോള്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ അത് കാണുകയും അദ്ദേഹം മമ്മൂട്ടിയെ കാണിച്ചു കൊടുക്കുകയും ചെയ്‌തു. ഫോട്ടോ കണ്ട ഉടൻ ഇത് എവിടുന്ന് കിട്ടി എന്നാണ് ആദ്യം മമ്മൂട്ടി ചോദിച്ചതെന്നും തമാശ രൂപേണ അതിന്റെ ഒരു കോപ്പി എനിക്കും കിട്ടുമോ എന്ന് ചോദിച്ചുവെന്നും മുഹമ്മദ് റഫീഖ് പറയുന്നു. ഹരികൃഷ്ണൻസ് എന്ന ചിത്രത്തില്‍ വാപ്പയുടെ ഉറ്റ സുഹൃത്തായ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുകയും ചെയ്തിരുന്നു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.