Web Desk

തിരുവനന്തപുരം

March 11, 2020, 10:06 pm

‘സോഷ്യൽ പൊലീസിങ് ‘വിഭാഗം ആരംഭിക്കും; മുഖ്യമന്ത്രി

Janayugom Online

കേരള പൊലീസിൽ ‘സോഷ്യൽ പൊലീസിങ്’ വിഭാഗം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രമസമാധാന പാലനം, കുറ്റാന്വേഷണം എന്നിവയ്ക്കുപുറമെയാണിത്. സ്റ്റുഡൻറ് പൊലീസ് കേഡറ്റ്, ജനമൈത്രി പൊലീസ് തുടങ്ങിയവ ഇതിന് കീഴിലാകും. ഒരു ഐജിയുടെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക ഡയറക്ട്രേറ്റും ആരംഭിക്കും. കോഴിക്കോട് ആസ്ഥാനമായി കേരള ആംഡ് പൊലീസ് ആറാം ബറ്റാലിയൻ ആരംഭിക്കുമെന്നും ധനാഭ്യർഥന ചർച്ചക്ക് മറുപടി നൽകവെ മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് സ്റ്റേഷനുകളിലെ സൈബർ വിങിന് സ്റ്റേഷൻ പദവി നൽകി കേസെടുക്കാനുള്ള അധികാരം നൽകും. സ്റ്റേറ്റ് ക്രൈം റെക്കോർഡ് ബ്യൂറോയിൽ ഡിജിറ്റൽ അനാലിസിസ് സിസ്റ്റം സ്ഥാപിക്കും. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി എയ്ഡഡ് സ്കൂളുകളിലും നടപ്പാക്കും. പൊലീസ് പരിശീലനം ഉടച്ചുവാർക്കും. വ്യവാസായ സ്ഥാപനങ്ങളുടെ സുരക്ഷ പൂർണ്ണമായും പൊലീസ് ഏറ്റെടുക്കും. ഇതിനായി വ്യവസായ സംരക്ഷണ സേനയിൽ 3000 പേരെ നിയമിക്കും. 25 പുതിയ സബ്ഡിവിഷനുകൾ കൂടി ആരംഭിക്കും. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഒട്ടേറെ പദ്ധതികളാണ് പൊലീസ് ആരംഭിച്ചത്. ഇതിന്റെ ഭാഗമായ സ്വയം പ്രതിരോധ പരിശീലനം പ്രധാന ജില്ലകളിൽ അഞ്ച് ലക്ഷംപേർക്കും ചെറിയ ജില്ലകളിൽ രണ്ട് ലക്ഷം പേർക്കും നൽകും. കേസുകളുടെ എണ്ണത്തിൽ കുറവ് വന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

you may also like this video;

2015ൽ 655543 കേസ് രജിസ്റ്റർ ചെയ്തയിടത്ത് 2019ൽ 5,90, 513 കേസായി കുറഞ്ഞു. ഗൗരവമുള്ള കേസുകളുടെ എണ്ണത്തിലും കുറവുണ്ട്. 2015ൽ 2,57,74 കേസായിരുന്നത് 2019ൽ 1,76,871 കേസായി കുറഞ്ഞു. ശിക്ഷാ നിരക്കിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം. 2019ലെ കണക്കനുസരിച്ച് 82.24 ആണ് കേരളത്തിലെ ശിക്ഷാ നിരക്ക്. 2018ൽ ഇത് 78 ശതമാനമായിരുന്നു. പൊലീസിനെ കൂടുതൽ ജനസൗഹൃദവും ഹൈടെക്കുമാക്കും. സേനയിലേക്ക് കൂടുതൽ വനിതകളെ എടുക്കണമെന്നാണ് ആഗ്രഹം. എന്നാൽ സാമ്പത്തിക പ്രതിസന്ധി പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. 350 സ്റ്റേഷനുകൾ ഭിന്നശേഷി സൗഹൃദമാക്കും. പത്ത് കൺട്രോൾറൂമുകൾ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. പൊതുപ്രവർത്തകരെ സാമൂഹിക മാധ്യമങ്ങളിലൂടെ അപമാനിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

സൈബർ സ്റ്റേഷനുകൾ കൂടുതലായായി വരുന്നതോടെ അതിന് പരിഹാരമുണ്ടാകും. ആലപ്പുഴയിൽ കാറിടിച്ച് വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റ സംഭവത്തിൽ കർശനനടപടി സ്വീകരിക്കാൻ എസ്. പിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അവർക്ക് സാമ്പത്തിക സഹായം നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ പിന്നീട് തീരുമാനമെടുക്കും. പൊലീസുകാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ നടപടി സ്വീകരിക്കും. ടൂറിസം പൊലീസിന്റെ അംഗസംഖ്യ വർധിപ്പിക്കാൻ നടപടി കൈക്കൊള്ളും. പൊലീസിലെ അർഹതപ്പെട്ട ജീവനക്കാർക്ക് സ്ഥാനക്കയറ്റം നൽകുന്നതിനുള്ള നടപടികൾ കൈക്കൊണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. വിജിലൻസ്, ജയിൽ, ഫയർഫോഴ്സ് എ­ന്നിവയുടെ പ്രവർത്തനവും കാര്യക്ഷമമാക്കും. എല്ലാ വകുപ്പുകളിലും ആഭ്യന്തര വിജിലൻസ് സംവിധാനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചർത്തു.