Wednesday
20 Feb 2019

‘അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ സവിധത്തില്‍ വന്നീടരുതത്രേ’

By: Web Desk | Wednesday 28 November 2018 10:48 PM IST

kureeppuzha

സാമൂഹ്യ പുരോഗതിക്കു വേണ്ടിയുള്ള സമരങ്ങളെല്ലാം തന്നെ താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്യുമെന്നുള്ളത് ചരിത്ര യാഥാര്‍ഥ്യമാണ്. സമരത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കേണ്ടവര്‍ തന്നെ സമരത്തെ എതിര്‍ക്കും എന്നുള്ളതും ഒരു ചരിത്ര യാഥാര്‍ഥ്യമാണ്.
കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലൈ കടവുള്‍ ഇല്ലവെ ഇല്ലൈ എന്നു പ്രഖ്യാപിച്ച ഇ വി രാമസ്വാമി നയിച്ച വൈക്കം സത്യഗ്രഹം താല്‍ക്കാലികമായി പരാജയപ്പെടുകയും ആത്യന്തികമായി വിജയിക്കുകയും ചെയ്തു. പി കൃഷ്ണപിള്ളയും, കെ കേളപ്പനും, എ കെ ഗോപാലനും നയിച്ച ഗുരുവായൂര്‍ സമരവും പരാജയത്തിലൂടെ ശാശ്വത വിജയത്തിലെത്തി. മാറ് മറയ്ക്കാനുള്ള വിലക്ക് നീങ്ങിയിട്ടുപോലും കുറേ സ്ത്രീകള്‍ കുറേ കാലത്തേയ്ക്ക് മാറ് മറയ്ക്കാതെ തന്നെ വീടുകളില്‍ കഴിഞ്ഞുകൂടി. ഇന്നാകട്ടെ, മാറ് മറയ്ക്കാത്തവരായി ആരും തന്നെ കേരളത്തില്‍ ഇല്ലല്ലോ.
പുന്നപ്ര വയലാര്‍ സമരത്തെ ഉരുക്കുമുഷ്ടികൊണ്ട് അടിച്ചമര്‍ത്താന്‍ അന്നത്തെ ഭരണകൂടത്തിന് കഴിഞ്ഞു. എന്നാല്‍ കാലക്രമേണ പരദേശികള്‍ ഒഴിഞ്ഞുപോകുകയും തൊഴിലാളി പീഡനം ഒടുങ്ങുകയും ചെയ്തു.
ഗുരുവായൂര്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി നടത്തിയ സമരത്തെ മാമൂല്‍വാദികള്‍ പേശീബലംകൊണ്ടും മുള്ളുവേലികൊണ്ടും എതിര്‍ക്കുകയായിരുന്നു. എതിര്‍ത്തവരാരും ഇന്ന് ചരിത്രത്തിലില്ല. മുള്ളുവേലിയും ഇല്ല. അഹൈന്ദവര്‍ക്കെതിരെയുള്ള മുള്ളുവേലി അധികകാലം നിലനില്‍ക്കുകയുമില്ല.
ഗുരുവായൂര്‍ സത്യഗ്രഹികള്‍ കവി കെ ടി രാമുണ്ണി മേനോനെഴുതിയ കവിത ചൊല്ലിക്കൊണ്ടാണ് സമരം നടത്തിയത്.
”പ്രണതവത്സലാ ഭഗവാനേ കൃഷ്ണാ
പ്രണയവാരിധേ മുകില്‍ വര്‍ണം
അവശരാം ഞങ്ങള്‍ക്കഖിലേശാ നിന്റെ
സവിധത്തില്‍ വന്നീടരുതത്രേ
തടയണമങ്ങേക്കിവരെയന്നാകില്‍
ഭടര്‍ വേണോ മുള്ളു മറ വേണോ?”
സത്യഗ്രഹികളെ തടയണമെങ്കില്‍ ഗുരുവായൂരപ്പന് നേരിട്ടാകാമല്ലോ എന്നാണ് ഈ കവിതയിലെ ധ്വനി. സമരം അഖിലേന്ത്യാതലത്തില്‍ ശ്രദ്ധിക്കപ്പെടുകയും മഹാത്മാഗാന്ധി ഇടപെട്ട് പിന്‍വലിപ്പിക്കുകയും ചെയ്തു. എന്നാലും എല്ലാ ഭക്തര്‍ക്കും ഗുരുവായൂരില്‍ പ്രവേശനം ലഭിച്ചില്ല. അതിന് പിന്നെയും കാത്തിരിക്കേണ്ടതായി വന്നു.
പയ്യന്നൂരെ ക്ഷേത്രത്തിനു സമീപമുള്ള വഴിയിലൂടെ ദളിതര്‍ക്ക് നടക്കാന്‍ പാടില്ലായിരുന്നു. കെ എ കേരളീയന്റെയും എ കെ ഗോപാലന്റെയും നേതൃത്വത്തില്‍ പ്രകടനം നടത്തിയ ദളിതരെ സ്ത്രീകളടക്കമുള്ള ജനക്കൂട്ടമാണ് ഉലക്കകളുമായെത്തി തല്ലിയോടിക്കാന്‍ ശ്രമിച്ചത്. കേരളീയനും എകെജിക്കും മറ്റും തല്ലുകിട്ടിയെങ്കിലും പില്‍ക്കാലത്ത് ആ വഴിയും എല്ലാ മനുഷ്യര്‍ക്കുമായി തുറന്നുകൊടുക്കുകയാണുണ്ടായത്.
സമരത്തെ എതിര്‍ത്തവരെല്ലാം മുന്നോട്ടുവച്ചത് ആചാരങ്ങള്‍ ലംഘിക്കാന്‍ പാടില്ല എന്ന പിന്തിരിപ്പന്‍ ആശയമായിരുന്നു. ആചാരത്തിന്റെ പേരില്‍ അയ്യങ്കാളിയുടെ സമൂഹത്തിന് വിദ്യാഭ്യാസം പോലും നിഷേധിച്ചു. അയ്യങ്കാളി പ്രഖ്യാപിച്ച പൊതു പണിമുടക്കുപോലും അനിശ്ചിതമായി നീണ്ടുപോയതല്ലാതെ ഉടനടി ഫലം കണ്ടില്ല. അയ്യങ്കാളിയുടെ മനുഷ്യാവകാശ സ്വപ്‌നവും കാലക്രമേണ സഫലമാകുന്നതാണ് കേരളം കണ്ടത്.
മനുഷ്യവിരുദ്ധമായ ആചാരങ്ങള്‍ ലംഘിക്കപ്പെട്ടെങ്കില്‍ മാത്രമേ സമൂഹത്തിന് പുരോഗതിയുണ്ടാവുകയുള്ളു. ആചാരങ്ങളുടെ പേരിലാണ് മനുഷ്യനെ അകറ്റി നിര്‍ത്തിയിരുന്നത്. ദാഹജലം പോലും നിഷിദ്ധമാക്കിയിരുന്നത്, സ്ത്രീകളെ അന്തര്‍ജനങ്ങളാക്കിയിരുന്നത്; അടിമകളാക്കിയിരുന്നത്.
ആചാരങ്ങള്‍ ലംഘിച്ചതോടെ അമ്പലങ്ങളില്‍ മാത്രമല്ല വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും പൊതുവഴികളിലും എല്ലാം മനുഷ്യസാന്നിധ്യമുണ്ടായതായി ചരിത്രം നമ്മോട് പറയുന്നു.