അടിമത്വത്തിനും അനാചാരങ്ങള്‍ക്കുമെതിരെയുള്ള കേരളത്തിന്റെ നവോത്ഥാന പോരാട്ടങ്ങള്‍

Web Desk
Posted on November 26, 2018, 10:09 pm

വലിയശാല രാജു

കല്ലുമാല സമരം അഥവാ പെരിനാട് സമരം
കീഴാളജാതി വിഭാഗത്തിലെ സ്ത്രീമുന്നേറ്റ സമരമാണ് കല്ലുമാല സമരം. പെരിനാട് ലഹള എന്നും ഇതറിയപ്പെടുന്നു. അയിത്തജാതിയില്‍പ്പെട്ട സ്ത്രീകള്‍ കല്ല്, കുപ്പിച്ചില്ല് തുടങ്ങിയവകൊണ്ടുള്ള കല്ലുമാല അണിയണമെന്നായിരുന്നു വ്യവസ്ഥ. സ്വര്‍ണം, വെള്ളി എന്നിവകൊണ്ടുണ്ടാക്കിയ ആഭരണങ്ങള്‍ അവര്‍ക്ക് നിഷേധിച്ചിരുന്നു.
ഇതിനെതിരെ അയ്യങ്കാളിയുടെ ആഹ്വാനമനുസരിച്ച് കൊല്ലത്തെ പെരിനാട് എന്ന സ്ഥലത്ത് അവര്‍ണവിഭാഗക്കാരായ സ്ത്രീകള്‍ കല്ലുമാലകള്‍ പൊട്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചു. ഇതിനെ സവര്‍ണര്‍ കായികമായി നേരിട്ടു. പ്രക്ഷോഭം ശക്തിയാര്‍ജ്ജിച്ച് കലാപമായി മാറി. 1915 ഡിസംബര്‍ 10ന് ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടി കല്ലുമാല പൊട്ടിച്ചെറിഞ്ഞ് സമരത്തില്‍ പങ്കെടുത്തു. ഈ സമരത്തോടെ ആഭരണങ്ങള്‍ അണിയുവാന്‍ അധഃസ്ഥിത ജാതി സ്ത്രീകള്‍ക്ക് അവകാശം ലഭിച്ചു.
അച്ചിപ്പുടവ സമരം
ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ഒരു നവോത്ഥാന സമരമാണിത്. അച്ചിപ്പുടവയെന്ന പേരില്‍ തിരുവിതാംകൂറില്‍ അറിയപ്പെട്ടിരുന്ന നല്ല മുണ്ടുകള്‍ നെയ്തിരുന്നത് ഈഴവ സ്ത്രീകളായിരുന്നു. എന്നാല്‍ ഈ വസ്ത്രങ്ങള്‍ അവര്‍ക്ക് ഉടുക്കാന്‍ അനുവാദമില്ലായിരുന്നു. മാത്രമല്ല, പിന്നാക്ക വിഭാഗക്കാര്‍ക്ക് സ്ത്രീപുരുഷ ഭേദമന്യേ മുട്ടിനുതാഴെ മുണ്ടുടുക്കാന്‍ അനുവദിച്ചിരുന്നില്ല. ഈ ആചാരം തെറ്റിച്ചാല്‍ മേല്‍ജാതിക്കാരില്‍ നിന്നും ക്രൂരമായ മര്‍ദ്ദനമേല്‍ക്കേണ്ടിവരും.
സമ്പന്ന ഈഴവ കുടുംബത്തിലെ ഒരു യുവതി അച്ചിപ്പുടവ നീട്ടിയുടുത്ത് കായംകുളത്തിനടുത്തുള്ള പത്തിയൂര്‍ വയല്‍വരമ്പിലൂടെ യാത്ര ചെയ്തു. മേല്‍ജാതിക്കാര്‍ മുണ്ട് വലിച്ചുകീറി ദുരെയെറിഞ്ഞു. ഇതിനെതിരെ ആറാട്ടുപുഴ വേലായുധ പണിക്കരുടെ നേതൃത്വത്തില്‍ നടന്ന സമരമാണ് അച്ചിപ്പുടവ സമരം.
മൂക്കുത്തി സമരം
മൂക്കുത്തിയെന്ന ആഭരണം ധരിക്കാന്‍ ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്കക്കാര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. എന്നാല്‍ ഒരു പിന്നാക്ക യുവതി നാട്ടുനടപ്പ് ലംഘിച്ച് സ്വര്‍ണ മൂക്കുത്തി ധരിച്ച് പന്തളത്ത് തെരുവിലൂടെ നടന്നു. ഇതിനെതിരെ സവര്‍ണര്‍ രംഗത്തുവന്നു. മൂക്കുത്തി ഊരാന്‍ ആവശ്യപ്പെട്ടു. അനുസരിക്കാത്തതിനാല്‍ ആ സ്ത്രീയുടെ മൂക്കുത്തി മാംസത്തോടെ വലിച്ചെടുത്ത് ചവിട്ടിയരച്ചു.
ഈ സംഭവത്തില്‍ പ്രതിഷേധിച്ച് ആറാട്ടുപുഴ വേലായുധപ്പണിക്കരും സംഘവും ഒരു കിഴി നിറയെ മൂക്കുത്തിയുമായി സ്ഥലത്തെത്തി ആ പ്രദേശത്തെ മുഴുവന്‍ പിന്നാക്ക വിഭാഗം സ്ത്രീകളെയും വിളിച്ചുകൂട്ടി മൂക്കു കുത്തി മൂക്കുത്തി ഇടുവിച്ചു. ഇതാണ് ചരിത്രത്തില്‍ മൂക്കുത്തിസമരം എന്നറിയപ്പെടുന്നത്.
വൈക്കം സത്യഗ്രഹം
വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ മതില്‍ക്കെട്ടിന് പുറത്തുള്ള വഴിയില്‍ നൂറു മീറ്റര്‍ അകലെയായി ‘അയിത്ത ജാതിക്കാര്‍ ഇതിനപ്പുറം പ്രവേശിക്കാന്‍ പാടില്ല’ എന്ന ബോര്‍ഡ് സ്ഥാപിച്ചിരുന്നു. അയിത്തജാതിക്കാരായ അവര്‍ണ ഹിന്ദുക്കള്‍ക്ക് ഈ വഴി സഞ്ചാരം അനുവദിച്ചിരുന്നില്ല. ഇതിനെതിരെ നടന്ന സത്യഗ്രഹ സമരമാണ് വൈക്കം സത്യഗ്രഹം. 1924 മാര്‍ച്ച് 30ന് സത്യഗ്രഹം ആരംഭിച്ചു. ടി കെ മാധവന്‍, കെ കേളപ്പന്‍, കെ പി കേശവമേനോന്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. വൈക്കം സത്യഗ്രഹത്തില്‍ ആദ്യാവസാനം പങ്കെടുത്ത തമിഴ് നേതാവാണ് ഇ പി രാമസ്വാമി നായ്ക്കര്‍.
1925ല്‍ ഗാന്ധിജി വൈക്കത്ത് എത്തി. ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്ത ഏക ദേശീയ നേതാവാണ് വിനോബാ ഭാവെ. ഈ സമരത്തോട് അനുഭാവം പ്രകടിപ്പിച്ച് പഞ്ചാബില്‍ നിന്നെത്തിയ വിഭാഗമാണ് അകാലികള്‍. 603 ദിവസം നീണ്ടുനിന്ന സത്യഗ്രഹത്തിനൊടുവില്‍ 1925 നവംബര്‍ 23ന് സമരം പിന്‍വലിച്ചു.
ഇതിനെത്തുടര്‍ന്നാണ് 1931 ല്‍ എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനം ആവശ്യപ്പെട്ട് ഗുരുവായൂര്‍ സത്യഗ്രഹം ആരംഭിച്ചത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മണിയടിച്ച ആദ്യ അബ്രാഹ്മണന്‍ പി കൃഷ്ണപിള്ളയായിരുന്നു.