October 2, 2022 Sunday

വായനയും സമൂഹവും

അജിത് കൊളാടി
വാക്ക്
December 19, 2020 4:37 am

അജിത് കൊളാടി

സാമൂഹ്യജീവിയാണ് മനുഷ്യനെന്ന വചനത്തിന് അരിസ്റ്റോട്ടിലിനോളമെങ്കിലും പഴക്കമുണ്ട്. അങ്ങനെയുള്ള മനുഷ്യനാണ് മുഖ്യമായും പല ഗ്രന്ഥങ്ങളിലും പുസ്തകങ്ങളിലും കഥാപാത്രങ്ങൾ ആകുന്നത്. എബ്രഹാം ലിങ്കൺ ഡെമോക്രസിയെ നിർവചിച്ചതിന്റെ ചുവടുപിടിച്ച് പറയുകയാണെങ്കിൽ മനുഷ്യൻ മനുഷ്യനുവേണ്ടി, മനുഷ്യനെപ്പറ്റി വിരചിക്കുന്നതാണ് പല സാഹിത്യങ്ങളും. വാല്‌മീകി വ്യാസാദികളായ അതിപ്രാചീന കാവ്യാചാര്യന്മാരുടെ കഥകൾപോലും വ്യത്യസ്തമല്ല. മനുഷ്യഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയവയാണ് അവയെല്ലാം. നിങ്ങളെല്ലാം സാധാരണ എന്തെങ്കിലും വായിക്കാറുള്ളവരാണല്ലൊ. വായന നല്ലതാണ്. വായിക്കുമ്പോൾ ജാഗ്രത വേണമെന്നു മാത്രം. പലതും അവയിൽ നിന്ന് നിങ്ങളിലേക്ക് സംക്രമണം ചെയ്തേക്കാനിടയുണ്ട്. ഇങ്ങനെ സംക്രമണം ചെയ്യുന്ന ആശയങ്ങൾ പലപ്പോഴും ശുദ്ധവും, പരിപുഷ്ടവും ആയിക്കൊള്ളണമെന്നില്ല. അനാശാസ്യങ്ങളായ പലതും അറിയാതെ തന്നെ നിങ്ങളിൽ ലയിച്ചുചേരരുതെന്നു കരുതിയാണ് വായിക്കുന്നതൊക്കെ സൂക്ഷിച്ചു വേണമെന്ന് പറയുന്നത്.

എഴുതുന്നവർക്കാണെങ്കിൽ അങ്ങിനെയൊന്നും പറയാനുംവയ്യ. മനുഷ്യരുടെ പൊതു സ്വഭാവമാണത് അന്യരോടെല്ലാം തന്റെ അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടിരിക്കുക, കഴിയുന്നിടത്തോളം തന്റെ അഭിപ്രായങ്ങൾ മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കുക, ഇതെല്ലാം മനുഷ്യൻ കാലങ്ങളായി ചെയ്തുവരുന്നതാണ്. അതൊക്കെ എഴുത്തുകാരും ചെയ്യുന്നു. വാക്കുകൾക്ക് ശക്തിയുണ്ടെന്ന് പണ്ടേ പറഞ്ഞതാണ്. വാക്കുകൾ മനുഷ്യമനസിനെ സ്വാധീനിയ്ക്കുന്നത് രണ്ടുവിധത്തിലാണ്. ആദ്യത്തെ മാർഗം, പറയാനുള്ളത് ഏറ്റവും നന്നായി പറയുക എന്നുള്ളതാണ്. ഹൃദയസ്പർശിയായ പദങ്ങൾ ഔചിത്യബോധത്തോടെ നിരത്തി വച്ചാണ് എഴുതുന്നവരും, കലാകാരന്മാരും, പ്രാസംഗികരും, ഹൃദയത്തിന്റെ കിളിവാതിൽ വികാരത്തെക്കൊണ്ട് തുറപ്പിക്കുന്നത്. മറ്റൊരു മാർഗ്ഗം, പറയാനുള്ളത് പിന്നെയും പിന്നെയും പറയുക എന്നുള്ളതാണ്. ഒരേ പദങ്ങൾ ആവർത്തിച്ചാവർത്തിച്ച് മനസിനെ വേദനിപ്പിച്ചാലും വേണ്ടില്ല, അവിടെ സ്ഥലം പിടിയ്ക്കും. അടിമേലടിച്ചാൽ അമ്മിയും പറക്കും എന്നാണല്ലൊ തത്വം. ആവർത്തനത്തിന് അത്ഭുതാവഹമായ കഴിവുകൾ ഉണ്ട്. പ്രത്യേകിച്ച് ഫാസിസ്റ്റ് ലോകത്ത്. തന്റെ സൃഷ്ടിക്ക് മറ്റുള്ളവർക്കിടയിൽ മതിപ്പുണ്ടാക്കുക എന്നത് എഴുത്തുകാരന്റെ ഉദ്ദേശ്യം. ഓരോ മനുഷ്യനും ഒരു വിഭവമാണ്. അല്ലെങ്കിൽ വിഭവമായി രൂപപ്പെടുത്തണം. ഒരു വ്യക്തിയ്ക്ക് തന്റെ ബുദ്ധിയും സർഗശക്തിയും ഉപയോഗിച്ച് തന്നെപ്പോലെ നൂറുകണക്കിനു വ്യക്തികളുടെ ജീവിതോപാധി ഒറ്റയ്ക്ക് ഉല്പാദിപ്പിക്കാനുള്ള കഴിവുണ്ട്. എന്നാൽ ആ വ്യക്തി കഴിവുകളെ ശരിയായ രീതിയിൽ പാകപ്പെടുത്തിയില്ലെങ്കിൽ തനിക്കുപോലും ആവശ്യമായവ ഉല്പാദിപ്പിക്കാനുള്ള കാര്യക്ഷമത ഉണ്ടാവുകയില്ല. കാര്യക്ഷമമായ രീതിയിൽ ഏതൊന്നും ഉല്പാദിപ്പിക്കാനുള്ള വിഭവമായി ഓരോരുത്തരേയും മാറ്റിയെടുക്കലാണ് വായനയുടെ ലക്ഷ്യം. ഓരോരുത്തരും മനുഷ്യവിഭവമാകുമ്പോൾ പഠനം കൊണ്ടുവരുന്നത് സാമൂഹിക മാറ്റമാണ്.

പഠനത്തിന്, വായനയ്ക്ക് സമൂഹത്തെ മാറ്റുക എന്ന ലക്ഷ്യം നിർവഹിക്കാനാവും എന്ന് പണ്ടേ നവോത്ഥാന പ്രവർത്തനങ്ങൾ നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അറിവുകൊണ്ട് സ്വതന്ത്രരാകണം എന്ന് ചിന്തകർ പറഞ്ഞു. വായനയും, പഠനവും, സാമൂഹികനീതിക്കുവേണ്ടി പ്രവർത്തിക്കുവാനും, സാംസ്കാരിക തനിമ തിരിച്ചറിയാനും, വളർത്താനും, സ്വാശ്രയത്വം ഊട്ടി വളർത്താനും, അനീതികളെ ചെറുക്കാനും, വിമർശന ചിന്ത വളർത്താനും, കാര്യകാരണബന്ധത്തിന്റെ അടിസ്ഥാനത്തിൽ ചിന്തിക്കാനും, അന്ധവിശ്വാസങ്ങളെ ചെറുക്കാനും, ശാസ്ത്രസാങ്കേതിക ബോധം വളർത്താനും സഹായിക്കും. വായനയിലൂടെ അറിവ് ലഭിക്കുന്നു. പണ്ട് പല അറിവുകളും നേടിയത് നിരീക്ഷണത്തിലൂടെയായിരുന്നു. ക്രമേണ അത് പരീക്ഷണത്തിലൂടെയായി. ഗലീലിയോ ആയിരുന്നു അതിന് തുടക്കമിട്ടത്. മനുഷ്യനിൽ അന്തർലീനമായതും, അവൻ സ്വയം വളർത്തി വികസിപ്പിക്കുന്നതുമാണ് അറിവെങ്കിലും, ആ അറിവിന്, അതിലെത്താനുള്ള പഠനത്തിന്, സാമൂഹിക വികാസത്തേയും, അതിന്റെ ഉന്നമനത്തേയും സ്വാധീനിക്കാനുള്ള കഴിവുണ്ട്. പഠനവും, അറിവും ഒരു വ്യക്തിയിൽ ഒതുങ്ങുന്നതല്ല. അവ സാമൂഹിക വികാസത്തേയും, സാമൂഹിക വികാസം പഠനത്തേയും ഉത്തേജിപ്പിക്കുന്നു. ശാസ്ത്രജ്ഞർ കണ്ടെത്തിയ തത്വങ്ങൾ അവർക്കു വേണ്ടി മാത്രമല്ല, ജീവിക്കാനുള്ള തലമുറയ്ക്കും കൂടിയുള്ളതാണ്.

ഒരു വ്യക്തിക്കു ചുറ്റുമുള്ള സാമൂഹിക മണ്ഡലം മൂന്നിഴകൾ ചേർന്നതാണ്. ഭൗതിക മണ്ഡലം, സാമൂഹിക മണ്ഡലം, സാംസ്കാരിക മണ്ഡലം. ഓരോ മണ്ഡലത്തിലും പ്രശ്നങ്ങൾ ഉണ്ട്. പരിഹാരങ്ങളും ഉണ്ട്. വായനയിലൂടെ നേടുന്ന അറിവ് വിശ്വമാനവൻ എന്ന കാഴ്ചപ്പാട് രൂപപ്പെടുത്തണം. സാംസ്കാരിക തനിമയേയും അതിന്റെ സ്വതന്ത്ര വികാസത്തേയും കുറിച്ച് ധാരണയുണ്ടാക്കണം. പാർശ്വവൽക്കരിക്കപ്പെടുന്നവരോടുള്ള പരിഗണനയില്ലായ്മ അവസാനിപ്പിക്കുന്നതിനുള്ള വഴികൾ തുറക്കണം, കൃഷിയെ ജീവിതസംസ്കാരമായി കാണുന്ന അവസ്ഥ സൃഷ്ടിക്കണം, മതേതരചിന്തകൾ വാനോളം വളർത്തണം, പരിസ്ഥിതി സൗഹൃദപരമായുള്ള വ്യവസായവൽക്കരണം, നഗരവൽക്കരണം എന്നിവയെക്കുകുറിച്ചുള്ള ധാരണയുണ്ടാക്കണം. മാനവികതയെ ചേർത്തുപിടിക്കണം. ഗ്രാമം, രാജ്യം, ലോകം എന്നിങ്ങനെ മാനവബോധം വളർന്നു വരുന്ന വ്യക്തിക്കേ ലോകത്തുണ്ടാകുന്ന ഏതു പ്രശ്നവും തന്റേതാണെന്ന് തോന്നൽ ഉണ്ടാക്കൂ. മറ്റുള്ള രാജ്യങ്ങളിൽ മാനവരാശി അനുഭവിക്കുന്ന ദുരന്തം, ഇവിടെ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ ദുരന്തമായി മാറുമ്പോഴാണ് വിശ്വമാനവൻ എന്ന വികാരം രൂപപ്പെടുന്നത്. അറിവ് തെറ്റായ രീതിയിൽ ഗ്രഹിക്കുന്നവർ ഉണ്ടാകാം. അതിനെ തിരുത്താനും, ശരി ഗ്രഹിക്കാനുമുള്ള ഇച്ഛാശക്തി വളരണം. വിഷയത്തെ വസ്തുനിഷ്ഠമായി അപഗ്രഥിക്കണം. ബാഹ്യമായ നേട്ടങ്ങളല്ല, പകരം ഓരോ മനുഷ്യനും അവനിൽ അന്തർലീനമായ ശക്തിയെ അറിയുക എന്നതാണ് ഭാരതീയ പൈതൃകത്തിന്റെ ചൈതന്യം. ഉപനിഷദ് പറയുന്നത് ഓരോ വ്യക്തിയും ഓരോ പോരാളിയാണെന്നാണ്. അവന്റെ യുദ്ധം അവനോടു തന്നെയാണ്.

ഒരുവന്റെ യുദ്ധം അവന്റെ മനോകാമനകളെ കീഴ്പ്പെടുത്തുന്നതാവണം. സത്യത്തെ എല്ലാവിധ സൗന്ദര്യത്തോടെയും, ശക്തിയോടെയും, ചൈതന്യത്തോടെയും, കണ്ടെത്താനുള്ള അടങ്ങാത്ത ത്വരയാണ് ഭാരതീയ ദർശനങ്ങളുടെ കാതൽ. അറിവ് നിത്യേന തേടികൊണ്ടിരിക്കുക, സ്വതന്ത്രരാവുക എന്നവർ പറഞ്ഞു. അറിവ് സത്യത്തിലേക്കുള്ള മാർഗമാണ്. അറിവ് തേടൽ ഒരു സജീവമാനസിക പ്രക്രിയ എന്നതാണ് ജ്ഞാനനിർമ്മിതി വാദത്തിന്റെ മുദ്രാവാക്യം. ഓരോ വ്യക്തിയും അറിവു നിർമ്മിക്കണം എന്നത് ഈ തത്വത്തിന്റെ സവിശേഷത. എന്തു വായിക്കണം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കണമെങ്കിൽ എന്തിനു വായിക്കണമെന്നതിന്റെ ഉത്തരം കിട്ടണം. വിജ്ഞാനവും വിനോദവുമാണ് പുസ്തക പാരായണത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. ചുരുക്കംപേർ മാത്രമേ വിജ്ഞാനത്തിനു വേണ്ടി പുസ്തകപാരായണം നടത്തുന്നുള്ളു. അവർ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി അതിനെ സമർത്ഥിക്കുന്നു. പുസ്തകങ്ങൾ ദുർമുഖം കാണിക്കാതെ നമ്മെ സമീപിക്കുന്ന നല്ല മിത്രങ്ങൾ ആണ്. നമ്മുടെ ഗുരുക്കന്മാർ ആണ്. പാരായണം ചെയ്യാനുള്ള സമയവും സന്നദ്ധതയും പ്രാഥമികമായ അറിവും ഉണ്ടെങ്കിൽ വായിക്കാൻ പുസ്തകം കിട്ടാത്ത സ്ഥിതി വരില്ല. അങ്ങിനെ പാരായണം ചെയ്യാനുള്ള തന്റേടമാണ് സമകാലിക വായനയിൽ പുലർത്തേണ്ടത്. കാലം അതിവേഗം മാറുന്നു, വായനയുടെ തലവും. സമകാലിക വായനയെ മികവുറ്റതാക്കിയാൽ മാത്രമെ സാംസ്ക്കാരികമായി ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ കഴിയു. പതിനാറാം നൂറ്റാണ്ടിൽ സാംസ്കാരികമായി അധഃപതിച്ച സമൂഹത്തെ കരകയറ്റാൻ എഴുത്തച്ഛൻ വായനയുടെ ഒരു നൂതനസംസ്കാരം വളർത്തി. പിന്നിട്ട് കുഞ്ചൻനമ്പ്യാർ അതു തന്നെ ചെയ്തു. കാലക്രമേണ പല കവികളും, ചിന്തകരും ആ മാർഗം പിന്തുടർന്നു.

അവരവരുടെ കാലഘട്ടങ്ങളിൽ സമകാലിക വായനയിലാണ് അവർ ശ്രദ്ധിച്ചത്. “വായന ഒരു സമ്പൂർണ്ണ മനുഷ്യനെ സൃഷ്ടിക്കുന്നു”, സാഹിത്യത്തിലെ കുലപതിമാരിൽ ഒരാളായ ബേക്കണിന്റെ വാക്യം ഓർക്കുക. അതിവിപുലമായ ആശയം ഈ വാക്യം ഉൾക്കൊള്ളുന്നു. “വായിച്ചാൽ വളരും, വായിച്ചില്ലെങ്കിൽ വളയും”, കുഞ്ഞുണ്ണി മാഷിന്റെ വരികൾ. ചെറിയ വരികൾ ആണെങ്കിലും ആശയത്തിന്റെ കറ്റകളായി പ്രകാശിക്കുന്ന രാസവിദ്യയാണ് ഇവിടെ ദർശിക്കുന്നത്. വായന അറിവിന്റെ ദീപസ്തംഭമാണ്. വായനയിലൂടെ ലഭിക്കുന്ന ആശയങ്ങൾ സഹകരണാത്മകമായി സംവേദനം ചെയ്യുമ്പോഴാണ് പഠനം ആരംഭിക്കുക, സംസ്കാരം ജനിക്കുക. ഏതൊരു വായനയും കണ്ടെത്തലാണ്. അന്വേഷണമാണ്. മനസിന്റെ ഭക്ഷണമാണ്. വായിച്ചുതള്ളുകയല്ല വേണ്ടത്, വായിച്ചുകൊള്ളണം. ആസ്വാദനത്തിന്റേയും, വിമർശനത്തിന്റേയും, വിലയിരുത്തലിന്റേയും അംശങ്ങൾ വായനയിലുണ്ട്. വായനയിലൂടെ നേടുന്ന അറിവുകൾ മനുഷ്യനെ ഒന്നായി കാണാൻ പഠിപ്പിക്കും. അതാണ് വായന…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.