അസഹിഷ്ണുതയുടെ കാലത്തെ പ്രതിരോധിക്കാനാകണം: കുരീപ്പുഴ ശ്രീകുമാര്‍

Web Desk
Posted on April 18, 2019, 12:04 pm

കൊച്ചി: തിരിച്ചറിവുകളില്ലാത്ത അസഹിഷ്ണുതയുടെ പുതിയ കാലത്തെ പ്രതിരോധിക്കാന്‍ സമൂഹത്തിനാകണമെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍. അനില്‍ മുട്ടാറിന്റെ മരണപ്പെട്ടവന്റെ കുമ്പസാരം എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അസമത്വവും അനീതിയും കാണുമ്പോള്‍ സത്യം വിളിച്ചു പറയുന്നവരെ അക്രമിക്കുകയും വകവരുത്തുകയും ചെയ്യുന്ന സാംസ്‌കാരികമായ അറിവില്ലാത്ത വര്‍ഗീയ വാദികളെ ഒറ്റപ്പെടുത്തിയാലേ മാനവികതയെ സംരക്ഷിക്കാനാവുകയുള്ളു. കലയിലൂടെയും സാഹിത്യത്തിലൂടെയും മാത്രമേ സമൂഹത്തിന് ശരിയായ ദിശാബോധം നല്‍കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

kureeppuzha

തീവ്രമായി കലയേയും കവിതയേയും പ്രണയിച്ചിരുന്ന കവി അയ്യപ്പനില്‍ നിന്നുള്ള ഊര്‍ജത്തിലൂടെ ഒരു പുതിയ ശൈലി അനില്‍ മുട്ടാറിന്റെ കവിത കളില്‍ പ്രകടമാണെന്നും കുരീപ്പുഴ വ്യക്തമാക്കി. ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കവി പവിത്രന്‍ തീക്കുനി പുസ്തകം ഏറ്റുവാങ്ങി. സാംസ്‌കാരിക സമ്മേളനം സാഹിത്യകാരന്‍ ഇഞ്ചക്കാട് ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

Madhu muttar

ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല സെക്രട്ടറി പ്രഫ. ടി എം ശങ്കരന്‍ അദ്ധ്യക്ഷത വഹിച്ചു. നിരൂപകന്‍ എം പി വേണു വൈറ്റില പുസ്തക പരിചയം നടത്തി. കവികളും എഴുത്തുകാരുമായ സത്യന്‍ കോമല്ലൂര്‍ ‚ഡോ. ഹരികുമാര്‍ ചങ്ങമ്പുഴ , വിജയരാജമല്ലിക , ഷാജി ഇടപ്പള്ളി ‚കവിത കെ എസ് , എ കൃഷ്ണകുമാര്‍ ‚പ്രസാധകന്‍ മധു നുറുങ്ങ് എന്നിവര്‍ പ്രസംഗിച്ചു. അനില്‍ മുട്ടാര്‍ മറുമൊഴി നടത്തി. ഇതോടനുബന്ധിച്ചു നടന്ന കവിയരങ്ങ് രഘുനാഥന്‍ കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സി എസ് രാജേഷ് അദ്ധ്യക്ഷനായി. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രശസ്തരായ എഴുപതോളം കവികള്‍ കവിത ചൊല്ലി.