വീട്ടുമുറ്റത്ത് പച്ചക്കറി നടുന്ന ചലഞ്ചും സമൂഹം ഏറ്റെടുക്കണം: കൃഷിമന്ത്രി

Web Desk
Posted on June 22, 2019, 10:20 pm
സംസ്ഥാന ഞാറ്റുവേല ചന്ത കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പ്ലാവിന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സ്വന്തം വീട്ടുമുറ്റത്ത് പച്ചക്കറി നടുന്ന ചലഞ്ച് സമൂഹം ഏറ്റെടുക്കണമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. സാമൂഹിക മാധ്യമങ്ങളില്‍ നിത്യേന പലതരം ചലഞ്ചുകള്‍ കാണാറുണ്ട്. എന്നാല്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ചലഞ്ച് കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഞാറ്റുവേല ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സ്‌കൂളില്‍ നിന്നും കോളജില്‍ നിന്നും പഠിച്ച് ഇറങ്ങുന്നവര്‍ കളക്ടറായാല്‍ ആദരിക്കുന്നത് പോലെ നല്ല കര്‍ഷകനായാലും ആദരിക്കണമെന്നും കര്‍ഷകര്‍ക്കായിരിക്കണം പ്രഥമ പരിഗണന നല്‍കേണ്ടതെന്നും മന്ത്രി പറഞ്ഞു. തേന്‍വരിക്ക പ്ലാവിന്‍ തൈ നട്ടാണ് ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചത്. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനായി. മന്ത്രി സൂചിപ്പിച്ച ‘വെജിറ്റബിള്‍ ചലഞ്ച്’ ഏറ്റെടുക്കാന്‍ തയ്യാറായ അന്‍വര്‍ സാദത്ത് എംഎല്‍എയ്ക്ക് ചടങ്ങില്‍ മന്ത്രി പച്ചക്കറിതൈ കൈമാറി. ഞാറ്റുവേലയുടെ മഹത്വം അറിയണമെന്നും പ്രകൃതിയും മനുഷ്യനും മണ്ണും മനുഷ്യനും തമ്മിലുള്ള ബന്ധം കൃഷിയിലൂടെ പുനഃസ്ഥാപിക്കാന്‍ കഴിയട്ടെയെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ ഏറ്റവും മികച്ച ജൈവ കാര്‍ഷിക പഞ്ചായത്തായ വരാപ്പുഴ പഞ്ചായത്തിന് ജൈവ മണ്ഡലം അവാര്‍ഡ് നല്‍കി. വാഴ കൃഷിയും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ഡോ. അനിത ചെറിയാന്‍, ഡോ. സുമ എന്നിവര്‍ വിഷയം അവതരിപ്പിച്ചു. ഇന്നും നാളെയും കാര്‍ഷിക വിപണന മേളയും കാര്‍ഷിക സെമിനാറും നടക്കും. കാര്‍ഷിക വകുപ്പിലെ വിവിധ ഫാമുകള്‍, കാര്‍ഷിക സര്‍വ്വകലാശാല, വിഎഫ്പിസികെ, കൃഷി വിജ്ഞാന്‍ കേന്ദ്ര തുടങ്ങിയ സ്ഥാപനങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്മയുള്ള വിത്തുകളും നടീല്‍ വസ്തുക്കളും ഞാറ്റുവേല ചന്തയില്‍ ലഭ്യമാണ്.

ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു പുത്തനങ്ങാടി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുംതാസ് ടീച്ചര്‍, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന അലി, ജനപ്രതിനിധികള്‍, മുതിര്‍ന്ന കര്‍ഷകര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

You May Also Like This: