സൊഹറാബുദിന്‍ കേസ്: കൂട്ട കുറ്റവിമുക്തി ഞെട്ടിപ്പിക്കുന്നത്

Web Desk
Posted on January 01, 2019, 10:45 pm

ആയോമി ശര്‍മ്മ

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സൊഹറാബുദിന്‍ അന്‍വര്‍ഹുസൈന്‍ ഷേക്ക് മരണമടഞ്ഞത്. അയാള്‍ ഗുജറാത്ത് പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെടുകയായിരുന്നു. എന്നാല്‍, അത് ഒരു വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. 2005 നവംബര്‍ 26ന് സൊഹറാബുദിന്‍ മരണമടഞ്ഞതുമുതല്‍ അയാളുടെ സഹോദരന്‍ റുബാബുദിന്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ്. റുബാബുദിന്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഒരു പെറ്റിഷനാണ് അനേ്വഷണത്തില്‍ വഴിത്തിരിവായത്.
സൊഹറാബുദിന്‍ ഭീകരസംഘടനയായ ലഷ്‌കര്‍-ഇ‑തായിബ പാകിസ്ഥാന്‍ രഹസ്യാനേ്വഷണ ഏജന്‍സികള്‍ എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നതായി ആരോപണമുണ്ട്. ഒരു ‘സുപ്രധാന’ രാഷ്ട്രീയ നേതാവിനെ വകവരുത്താന്‍ അയാള്‍ക്ക് പദ്ധതി ഉണ്ടായിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഗുജറാത്തിലെയും രാജസ്ഥാനിലെയും മാര്‍ബിള്‍ വ്യവസായികളില്‍ നിന്നും സംരക്ഷണത്തിന്റെ പേരിലും ഭീഷണിപ്പെടുത്തിയും അയാള്‍ പണം സമാഹരിച്ചിരുന്നതായും ആരോപണം നിലനിന്നിരുന്നു. അയാളുടെ മധ്യപ്രദേശിലെ വസതിയില്‍ നിന്നും ഗുജറാത്ത് പൊലീസ് 40 എ കെ 47 തോക്കുകള്‍ പിടിച്ചെടുത്തിരുന്നതായും ആരോപണമുണ്ട്. കൊല ചെയ്യപ്പെട്ട അവസരത്തില്‍ അയാള്‍ക്കെതിരെ കൊലപാതകം, പിടിച്ചുപറി, ആയുധക്കടത്ത് എന്നിവയുടെ പേരില്‍ അറുപത് കേസുകളെങ്കിലും നിലവിലുണ്ടായിരുന്നു.
പൊലീസിന്റെ പിടിയില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് സൊഹറാബുദിനെ മഹാരാഷ്ട്രയിലെ സാംഗളിയില്‍ വച്ച് ഒരു പൊതുയാത്രാ ബസില്‍ നിന്നും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) പിടികൂടിയതത്രെ. അയാള്‍ക്കൊപ്പം ഭാര്യ കൗസര്‍ബിയും സുഹൃത്ത് തുളസിറാം പ്രജാപതിയും ഉണ്ടായിരുന്നു. മൂവരെയും പൊലീസ് അറസ്റ്റ് ചെയ്ത് അഹമ്മദാബാദ് നഗരപ്രാന്തത്തിലുള്ള ഒരു കൃഷിയിട വസതിയിലേക്ക് കൊണ്ടുപോയി. നാല് ദിവസങ്ങള്‍ക്കുശേഷം ഒരു ഏറ്റുമുട്ടലില്‍ സൊഹറാബുദിന്‍ കൊല്ലപ്പെട്ടുവെന്നാണ് പൊലീസ് ഭാഷ്യം. സൊഹറാബുദിന്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയുമായിരുന്ന നരേന്ദ്രമോഡിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നതായാണ് ഗുജറാത്ത് പൊലീസ് ആരോപിക്കുന്നത്. എന്നാല്‍ അതിന് ഉപോദ്ബലകമായ തെളിവുകള്‍ ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല.
സൊഹറാബുദിന്റെ ഭാര്യ കൗസര്‍ബിയെ ഏറ്റുമുട്ടലിനുശേഷം നവംബര്‍ 29 വരെ കാണാനായിരുന്നില്ല. അവരെ ഗുജറാത്ത് പൊലീസ് മറ്റെവിടെയോ കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ഇതു സംബന്ധിച്ച് പുതിയ തെളിവുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. തുളസിറാം പ്രജാപതി ഒരു വര്‍ഷത്തിനുശേഷം ഗുജറാത്ത്, രാജസ്ഥാന്‍ പൊലീസിന്റെ സംയുക്ത ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ടു. സൊഹറാബുദിന്‍ വ്യാജ ഏറ്റുമുട്ടല്‍ കൊലയുടെ ഏകസാക്ഷിയായിരുന്നു അയാള്‍. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ അയാള്‍ വെടിയേറ്റു മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
അസാധരണവും ഭീഷണവുമായ സംഭവപരമ്പരകളാണ് സൊഹറാബുദിന്‍ കേസ് വിചാരണയുടെ തുടക്കം മുതല്‍ ദൃശ്യമായതെന്നത് സുപ്രിംകോടതിയെതന്നെ അത്ഭുതപ്പെടുത്തുകയുണ്ടായി. കേസിന്റെ തുടക്കത്തില്‍തന്നെ നരേന്ദ്രമോഡിയുടെ ഉറ്റ അനുചരനും അന്നത്തെ ഗുജറാത്ത് ആഭ്യന്തരമന്ത്രിയുമായിരുന്ന അമിത്ഷായടക്കം പല പ്രമുഖരും പ്രതിപട്ടികയില്‍പെടുകയുണ്ടായി. ഐപിഎസ് ഓഫീസര്‍ അഭയ് ചൗദസാമ, മുന്‍ രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ, മുന്‍ ഗുജറാത്ത് പൊലീസ് മേധാവി പി സി പാണ്ഡെ, ഡി ജി വന്‍സാരെ, മുതിര്‍ന്ന പൊലീസ് ഓഫീസര്‍ ഗീഥാ ജോഹ്‌രി എന്നീ പ്രമുഖരും പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ ഏറെ താമസിയാതെ തന്നെ അവരെല്ലാം കുറ്റവിമുക്തരാക്കപ്പെട്ടു. എന്നാല്‍ 2012 സെപ്റ്റംബറില്‍ സുപ്രിംകോടതി, അനേ്വഷണം ഗുജറാത്ത് സിഐഡിയില്‍ നിന്നും സിബിഐക്ക് കൈമാറുകയും കേസ് വിചാരണ ഗുജറാത്തില്‍ നിന്നും മുംബൈയിലേക്ക് മാറ്റുകയും ചെയ്തു.
റുബാബുദിനു പുറമെ സൊഹറാബുദിന്റെ മറ്റ് സഹോദരന്‍മാരായ നയാമുദിന്‍ ഷേക്, ഷഹനാവാസുദിന്‍ ഷേക് എന്നിവരും പ്രോസിക്യൂഷന്‍ സാക്ഷികളാക്കപ്പെട്ടിരുന്നു. സാക്ഷികളായ ഗുജറാത്ത് അനേ്വഷകന്‍ രജനീഷ് റായ്, ഗുജറാത്ത് കെട്ടിട നിര്‍മാതാക്കളായ രമണ്‍ഭായി, ദശരത്ഭായ് പട്ടേല്‍ എന്നിങ്ങനെ പലരേയും സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി റുബാബുദിന്‍ പറയുന്നു. മൊത്തം കുറ്റാരോപിതരായ 38 പേരില്‍ 16 പേരെ 2014ല്‍ കേസില്‍ നിന്നും ഒഴിവാക്കി.
സൊഹറാബുദിന്‍ കേസിന്റെ എറ്റവും ദൗര്‍ഭാഗ്യകരമായ വഴിത്തിരിവ് മുംബൈ സിബിഐ പ്രതേ്യക കോടതിയിലെ വിചാരണ ജഡ്ജ് ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ ചുമതലയിലായതോടെയാണ്. ആ ഘട്ടത്തില്‍ അമിത്ഷാ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. കേസ് ചുമതല ലോയയെ ഏല്‍പ്പിച്ച് ഏറെ കഴിയും മുമ്പ് അദ്ദേഹം 2014 നവംബര്‍ 30ന് ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. അതിനെത്തുടര്‍ന്ന് രണ്ട് ജഡ്ജ്മാരെ മാറ്റി നിയമിച്ചു. മൂന്നാമത് ചുമതലയേറ്റ ജഡ്ജ് എം ബി ഗൊസാവി 2014 ഡിസംബര്‍ 30ന് അമിത് ഷായെ കുറ്റവിമുക്തനാക്കി.
ജഡ്ജ് ലോയയുടെ മരണം സുപ്രിംകോടതി ഇടനാഴികളില്‍ ഇനിയും കെട്ടടങ്ങാത്ത വിവാദമായി തുടരുകയാണ്. അത് നീതിപീഠത്തില്‍ അഭൂതപൂര്‍വമായ വിള്ളലുകള്‍ സൃഷ്ടിച്ചു. 2017 നവംബറില്‍ മുംബൈ സിബിഐ കോടതി കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിക്കൊണ്ടുള്ള അസാധാരണ ഉത്തരവ് പുറപ്പെടുവിച്ചു. പിന്നീട് ബോംബെ ഹൈക്കോടതിയിലെ ജഡ്ജ് രേവതി മോഹിത് ദേരെ ആ വിലക്ക് നീക്കം ചെയ്തുവെന്നതും ശ്രദ്ധേയമാണ്.
കേസില്‍ സാക്ഷി വിചാരണ പൂര്‍ത്തിയാക്കാന്‍ പന്ത്രണ്ട് വര്‍ഷം വേണ്ടി വന്നു. കേസിലെ 210 സാക്ഷികളില്‍ 92 പേര്‍ വിചാരണ വേളയില്‍ കൂറുമാറി. അത് എന്തുകൊണ്ട് എങ്ങനെ സംഭവിച്ചുവെന്ന ചോദ്യം ദുരൂഹമായി അവശേഷിക്കുന്നു. അതെപ്പറ്റി യാതൊന്നും വിശദീകരണത്തിനും മുതിരാതെ സൊഹറാബുദിന്‍, കൗസര്‍ ബി, തുളസീറാം പ്രജാപതി എന്നിവരുടെ മരണത്തില്‍ കുറ്റവാളികള്‍ ആരെന്നു തെളിയിക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു കോടതി. ഡിസംബര്‍ 21ലെ വിധിയില്‍ സിബിഐ സ്‌പെഷ്യല്‍ ജഡ്ജ് എസ് ജെ ശര്‍മ്മ കേസില്‍ അവശേഷിച്ച 22 പ്രതികളെയും കുറ്റവിമുക്തരാക്കി. ഏറ്റുമുട്ടലില്‍ കൊല ചെയ്യപ്പെട്ടവരുടെ കുടുംബത്തോട് സഹതപിച്ച ജഡ്ജ് ഖേദം പ്രകടിപ്പിക്കുകയും തെളിവുകളുടെ അഭാവത്തില്‍ നിലവിലുള്ള സംവിധാനത്തില്‍ തന്റെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും പറയുന്നു. ‘രേഖാമൂലമോ ഉറപ്പുള്ളതോ ആയ തെളിവുകള്‍ ഹാജരാക്കി ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. കുറ്റാരോപിതര്‍ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ആയതിനാല്‍ കുറ്റാരോപിതരായ 22 പേരെയും വെറുതെ വിടുന്നു’ എന്നാണ് വിധിന്യായം പറയുന്നത്.
സൊഹറാബുദിന്‍ വധത്തിന്റെ സാഹചര്യങ്ങള്‍ വ്യക്തമാണ്. ഏറ്റുമുട്ടല്‍ കൊലയുടെ സാക്ഷിയാവേണ്ടി വന്ന തുളസിറാമിന്റെ മരണവും യാദൃശ്ചികമല്ല. സൊഹറാബുദിന്റെ ഭാര്യയുടെ മരണവും അതിലേക്ക് നയിച്ച സാഹചര്യവും അവ്യക്തമായി തുടരുകയാണ്. അവര്‍ പൊലീസുകാരാല്‍ ഭീകര ബലാല്‍സംഗത്തിന് ഇരയായി കൊല്ലപ്പെട്ടുവെന്നുതന്നെ വേണം കരുതാന്‍.
വിചാരണക്കിടെ വലിയതോതില്‍ നടന്ന സാക്ഷികളുടെ കൂറുമാറ്റത്തെപ്പറ്റിയുള്ള കോടതിയുടെ നിശബ്ദതയും നിസംഗതയും ഞെട്ടിപ്പിക്കുന്നതാണ്. നിറയെ യാത്രക്കാരുമായി സഞ്ചരിക്കുന്ന ബസില്‍ നിന്നും മൂന്നുപേരെ ഇറക്കിക്കൊണ്ടുപോകുമ്പോഴും അവര്‍ ദാരുണമായി കൊലചെയ്യപ്പെട്ടുവെന്ന വാര്‍ത്ത പുറത്തുവന്നിട്ടും ബസ് ഡ്രൈവറടക്കം ആരും തന്നെ നിശബ്ദത ഭഞ്ജിക്കാന്‍ തയാറായില്ലെന്നുപറയുന്നതും അവിശ്വസനീയമാണ്.
ഡിസംബര്‍ 21‑ലെ കോടതിവിധി റുബാബുദിനെ സംബന്ധിച്ചിടത്തോളം ദുഃഖകരമാണ്. പന്ത്രണ്ട് വര്‍ഷത്തെ നിരന്തര പോരാട്ടത്തിനൊടുവിലും തന്റെ സഹോദരന് നീതി നേടാന്‍ അയാള്‍ക്കായില്ല. അയാള്‍ ഇപ്പോള്‍ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള ശ്രമത്തിലാണ്. രാഷ്ട്രീയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട ശക്തര്‍ നിര്‍ബാധം വിഹരിക്കുന്നു. കുറ്റവാളികളായ പൊലീസ് ഉദേ്യാഗസ്ഥര്‍ സ്വതന്ത്രരായി തുടരുന്നു. സാക്ഷികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതില്‍ നീതിപീഠങ്ങള്‍ പരാജയപ്പെടുന്നു. ഇത് നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ദുരവസ്ഥയെയാണ് തുറന്നുകാട്ടുന്നത്.
കടപ്പാട്: ദി ലീഫ്‌ലെറ്റ്/ഐപിഎ