Wednesday
21 Aug 2019

പ്രളയാനന്തര മണ്ണ് പരിപോഷണം: പുതിയ പരിശോധനാ ലാബുകള്‍ സജ്ജമാക്കി വി എഫ് പി സി കെ

By: Web Desk | Wednesday 9 January 2019 3:15 PM IST


കൊച്ചി: പഴം പച്ചക്കറി കര്‍ഷകര്‍ക്ക് സഹായകമായി വെജിറ്റബിള്‍ ആന്റ് പ്രമോഷന്‍  കൗണ്‍സിലിന് കീഴില്‍ പുതിയ രണ്ട് മണ്ണുപരിശോധന ലാബുകള്‍ പ്രവര്‍ത്തന സജ്ജമായി. ആലപ്പുഴ ജില്ലയിലെ തുറവൂരിലും മലപ്പുറം ജില്ലയിലെ തിരുവാലിയിലുമാണ് പുതിയ സോയില്‍ ആന്റ് പ്ലാന്റ് അനാലിസിസ് ലാബുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തിരുവാലിയില്‍ നിര്‍മ്മിച്ചിട്ടുള്ള ലാബിന്റെ ഉദ്ഘാടനം നാളെ(11 -1 -19 ) കൃഷിവകുപ്പ് മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
എപി അനില്‍ കുമാര്‍ എംഎല്‍എ, പിവി അബ്ദുള്‍ വഹാബ് എംപി, കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. പികെ ജയശ്രി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മണ്ണുസാമ്പിളുകള്‍ക്കൊപ്പം വിളകളുടെ സാമ്പിള്‍ ടിഷ്യു പരിശോധനക്കുള്ള ആധുനിക സൗകര്യങ്ങളും ഇവിടെ ലഭ്യമാവും. മണ്ണുപരിശോധനയിലൂടെ മണ്ണിലടങ്ങിയിട്ടുള്ള സസ്യ പോഷകങ്ങളുടെ തോത് കണക്കാക്കി ഓരോ വിളക്കും വേണ്ടിവരുന്ന വളപ്രയോഗം ശാസ്ത്രീയമായി നിര്‍ണ്ണയിക്കുകയും ഇതിനനുസരിച്ച് വളപ്രോഗത്തെക്കുറിച്ച് കര്‍ഷകരെ ബോധവാന്മാരാക്കുകയുമാണ് മണ്ണുരിശോധന സംവിധാനത്തിലൂടെ ചെയ്യുന്നത്. സാധാരണ സാഹചര്യങ്ങളില്‍ മണ്ണുപരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലുള്ള പോഷക സൂചകങ്ങള്‍, വിളകള്‍ക്കുള്ള കൃത്യമായ വളപ്രയോഗങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ശുപാര്‍ശ നിശ്ചയിക്കുവാന്‍ സാധിക്കില്ല. എന്നാല്‍ മണ്ണിലെ പോഷകങ്ങള്‍ വിളകള്‍ക്കു ലഭിക്കുന്നതില്‍ മണ്ണിലെ രാസിക ഭൗതിക ജെവ സംതുലിതാവസ്ഥ ഏറ്റവും നിര്‍ണ്ണായകമാണ്. മണ്ണിലെ ഈ സന്തുലിതാവസ്ഥയ്ക്ക് പ്രളയാനന്തരം മിക്കയിടങ്ങളിലും വ്യതിയാനം സംഭവിച്ചിട്ടുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ മണ്ണിലെ പോഷക തോതിന്റെ അടിസ്ഥാനത്തില്‍ മാത്രം വളപ്രയോഗം നടത്തിയാല്‍ അത് വിളകളില്‍ പൂര്‍ണ്ണതോതില്‍ ഫലപ്രദമാകണമെന്നില്ല.
മണ്ണുപരിശോധനയ്‌ക്കൊപ്പം, വിളകളുടെ സാമ്പിള്‍ ടിഷ്യു കൂടി പരിശോധിച്ചാല്‍ വിളകളിലെ പോഷകലഭ്യത പൂര്‍ണ്ണമായും ഉറപ്പാക്കാനാകും. വി.എഫ്.പി.സി.കെയുടെ പുതിയ മണ്ണുപരിശോധനാ ലാബുകളില്‍ ഈ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രളയ ബാധിത പ്രദേശങ്ങളിലെ മണ്ണുപരിപാലനത്തില്‍ ഇത്തരം പരിശോധനകള്‍ നിലവില്‍ വളരെ അനിവാര്യമാണ്.  വി എഫ് പി സി കെ യുടെ കീഴിലുള്ള മുഴുവന്‍ പഴം പച്ചക്കറി കര്‍ഷകര്‍ക്കും മണ്ണിന്റെ ആരോഗ്യ സൂചിക (സോയില്‍ ഹെല്‍ത്ത് കാര്‍ഡ്) ലഭ്യമാക്കുന്നതിനുള്ള പദ്ധതിയ്ക്ക് ഈ ലാബുകളുടെ പ്രവര്‍ത്തനം ഏറെ സഹായകമാകും. കര്‍ഷകര്‍ക്കുള്ള അഡ്‌വൈസറി സെന്ററായും ഈ ലാബുകള്‍ പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ  സാമ്പത്തിക സഹായത്തോടെയാണ് ലാബുകള്‍ സജ്ജമാക്കിയിരിക്കുന്നത്.
Related News