Janayugom Online
സംസ്ഥാന സർക്കാരും ഹരിത കേരളാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉത്ഘാടനം വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ കെ രാജു വൃക്ഷതൈ നട്ട് നിർവഹിക്കുന്നു

ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണവും നമ്മുടെ മുഖ്യ അജണ്ടയായി മാറണം: അഡ്വ കെ രാജു

Web Desk
Posted on July 12, 2019, 4:01 pm
ശൂരനാട്: ജലസംരക്ഷണത്തോടൊപ്പം മണ്ണ് സംരക്ഷണവും നമ്മുടെ മുഖ്യ അജണ്ടയായി മാറണമെന്ന് വനം പരിസ്ഥിതി വകുപ്പ് മന്ത്രി അഡ്വ കെ രാജു പറഞ്ഞു. സംസ്ഥാന സർക്കാരും ഹരിത കേരളാ മിഷനും സംയുക്തമായി നടപ്പിലാക്കുന്ന പച്ചത്തുരുത്ത് പദ്ധതിയുടെ ഉത്ഘാടനം ശാസ്താംകോട്ടയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനം നേരിടുന്ന അതീവ ഗുരുതരമായ പ്രശ്നം കാലാവസ്ഥാ വ്യതിയാനമാണ്. അതിനെ മറികടക്കണമെങ്കിൽ ജലസ്രോതസ്സുകൾ, കാവുകൾ, കുളങ്ങൾ, വൃക്ഷങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം. ഏക്കർ കണക്കിന് സ്ഥലം ഉണ്ടെങ്കിൽ മാത്രമേ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ കഴിയൂ എന്ന സ്ഥിതിയ്ക്ക് മാറ്റം വരണം. രണ്ട് സെന്റ് സ്ഥലം ഉള്ളവരും ആ സ്ഥലങ്ങളിൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പച്ചപ്പ് സൃഷ്ടിക്കാൻ ശ്രമിക്കണം. വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം മണ്ണിനെ സംരക്ഷിക്കുക എന്ന ദൗത്യവും നാം ഏറ്റെടുക്കണം.
പ്ലാസ്റ്റിക്കുകൾ കൂട്ടിയിട്ടു കത്തിക്കുമ്പോഴും കാട്ടുതീ ഉണ്ടാകുമ്പോഴും മണ്ണിന്റെ ഘടനയ്ക്ക് വ്യത്യാസം ഉണ്ടാകുന്നു.ഇത് മണ്ണിന്റെ ജൈവഘടനയെ തകിടം മറിക്കും. വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് എല്ലാവരും മുന്നോട്ടു വരണമെന്നും അദ്ദേഹം കൂട്ടി ചേർത്തു. കോവൂർ കുഞ്ഞുമോൻ എം എൽ എ അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ നൗഷാദ് സ്വാഗതം ആശംസിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ജില്ലാ പഞ്ചായത്ത് അംഗം കെ ശോഭന, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാദേവി, ജനപ്രതിനിധികൾ, എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി രാജൻ ആചാരി നന്ദി രേഖപ്പെടുത്തി.