കൃഷി എന്നൊക്കെ കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മലയാളിയുടെ മനസിലേക്ക് ഓടിയെത്തുക ഏക്കറ് കണക്കിന് പാടവും പുരയിടവുമൊക്കെയാകും. എന്നാല്‍ കാലം മാറിയപ്പോള്‍ കേരളംപോലെ ജനസാന്ദ്രത കൂടിയ ഒരു സംസ്ഥാനത്ത് നാലും അഞ്ചും സെന്റിനുള്ളില്‍ ഒരു വീട് അതിനു ചുറ്റും നടക്കാന്‍പോലും ഇടമില്ലാതെ മതിലും എന്നതായി കാര്യങ്ങള്‍. അങ്ങനെയുള്ള ഇടങ്ങളില്‍ കൃഷി എങ്ങനെ ചെയ്യും എന്ന് ചോദിക്കുന്നവരാണ് അധികവും. തങ്ങള്‍ക്കും ചെറിയ തോതില്‍ കൃഷിയൊക്കെ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിലും സ്ഥലപരിമിതിയാണ് അവരെയൊക്കെ അതില്‍ നിന്ന് പിന്തിരിപ്പിക്കുന്ന പ്രാധാന കാര്യം. അവസരം കിട്ടിയാല്‍ കൃഷി ചെയ്യണം എന്നാഗ്രഹം ഉള്ളവരാണ് ഒട്ടുമിക്ക മലയാളികളും. പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് കൃഷി ചിലപ്പോഴൊക്കെ മികച്ച ഒരു നേരമ്പോക്കു കൂടിയാണ്.
വിഷ മരുന്നുകളും മറ്റും തളിച്ച് ശരീരത്തിന് ഹാനികരമാകുന്ന പച്ചക്കറി വാങ്ങിക്കഴിക്കാന്‍ വിധിക്കപ്പെട്ട മലയാളികള്‍ക്ക് അല്പസമയം നീക്കിവയ്ക്കാന്‍ സാധിക്കുമെങ്കില്‍ ഒരു മനോഹരമായ അടുക്കളത്തോട്ടം വീടിന്റെ ടെറസില്‍ തന്നെ നിര്‍മ്മിച്ചെടുക്കാം. കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍ സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവിലെത്തിയാല്‍ മനസുകുളിര്‍ക്കുന്ന ഒരു കാഴ്ച കാണാം. തക്കാളിയും വെണ്ടയ്ക്കയും പച്ചമുളകും വഴുതനയും ചീരയും തുടങ്ങി ഒരു കുടുംബത്തിനാവശ്യമായ ഒരുവിധം പച്ചക്കറികളൊക്കെയും ഇവിടെ നട്ട് പരിപാലിക്കുന്നുണ്ട്. ഒപ്പം മിക്ക ദിവസങ്ങളിലും വിളവെടുപ്പ് നടത്തി ശുദ്ധമായ പച്ചക്കറി ആവശ്യക്കാര്‍ക്ക് അപ്പപ്പോള്‍ നല്‍കുന്നുമുണ്ട്. ഈ കൃഷിയുടെ ഏറ്റവും വലിയ പ്രത്യേകത മണ്ണ് വേണ്ട എന്നതുതന്നെയാണ്. തിരി നനയിലൂടെ ആവശ്യത്തിന് ജലസേചനവും നല്‍കാം എന്ന മറ്റൊരു പ്രത്യേകതയും ഇതിനുണ്ട്. മണ്ണിനുപകരം വേസ്റ്റ് പേപ്പറും ഉണക്കിയ ചാണകപ്പൊടിയും ചകിരിച്ചോറ് കമ്പോസ്റ്റും പ്രത്യേക ലെയറുകളില്‍ നിറച്ചാണ് ഗ്രോബാഗ് തയാറാക്കുന്നത്. ഈ മണ്ണില്ലാ മട്ടുപ്പാവ് കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ചാത്തന്നൂര്‍ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷിബുകുമാര്‍ എന്‍ പറയുന്നതിങ്ങനെ.
നഗരപ്രദേശങ്ങളിലുള്ള ആള്ക്കാര് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കൃഷി ചെയ്യാന്‍ സ്ഥലമില്ല എന്നതുതന്നെ. ആകെ അവര്‍ക്ക് കൃഷി ചെയ്യാന്‍ കിട്ടുന്ന സ്ഥലം മട്ടുപ്പാവ് മാത്രമാണ്. അവിടെയും അത്തരക്കാരെ ബുദ്ധിമുട്ടിക്കുന്നത് മട്ടുപ്പാവില്‍ ഇത്രയധികം മണ്ണുകയറുമ്പോള് ഉണ്ടാകുന്ന ബലക്ഷയം എന്ന ആശങ്കയാണ്. പത്ത് മുതല്‍ പതിനഞ്ച് വരെ കിലോ മണ്ണ് വേണം ഒരു ഗ്രോബാഗ് നിറയ്ക്കാന്‍. അത്തരത്തില്‍ 50 ഗ്രോബാഗ് വരെ ടെറസില്‍ വയ്ക്കുമ്പോള്‍ നല്ല രീതിയുള്ള ഭാരമാണ് ടെറസിനുണ്ടാകുന്നത്. അത് പൂര്‍ണമായും ഒഴിവാക്കാം എന്നതാണ് മണ്ണില്ലാ കൃഷിരീതിയുടെ ഏറ്റവും വലിയ സവിശേഷത. അതേപോലെ തന്നെ ചെറിയ സ്ഥലത്ത് വീടുവയ്ക്കുന്നവര്‍ക്ക് ആവശ്യത്തിന് മേല്‍മണ്ണ് കിട്ടാനില്ല എന്നതും ഒരു പ്രശ്നമാണ്. അങ്ങനെയാണ് ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ഒരു ഇന്നോവേറ്റീവ് പ്രോജക്ട് വയ്ക്കണം എന്ന താല്പര്യത്തോടുകൂടി പരീക്ഷിച്ച് കണ്ടുപിടിച്ച കാര്യം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചത്. പോഷകശ്രീ എന്ന പേരില്‍ തുടങ്ങിയ പദ്ധതി ആദ്യം ചെയ്ത് കാണിക്കണം എന്ന തോന്നലിലൂടെയാണ് ചാത്തന്നൂര്‍ സിവില്‍ സ്റ്റേഷന്റെ മട്ടുപ്പാവില്‍ 400 ഗ്രോബാഗുകളുമായി പദ്ധതി നടപ്പാക്കിയത്. ഇതൊരു വനിതാ പ്രോജക്ടാണ്. 50 ഗ്രോബാഗുള്ള ഒരു പ്രോജക്ടിന് 12,500 രൂപയാണ് എസ്റ്റിമേറ്റ്സ് ചെലവ്. അതില്‍ 75 ശതമാനം ബ്ലോക്ക് പഞ്ചായത്ത് വിഹിതമാണ്. അതായത് 9,375 രൂപ സബ്സിഡിയായി ബ്ലോക്ക് പഞ്ചായത്ത് നല്‍കും. ബാക്കി 3,125 രൂപ മാത്രം കര്‍ഷക മുടക്കിയാല്‍ മതിയാകും. അങ്ങനെ ആഗ്രോ സര്‍വീസ് സെന്ററില്‍ 3,125 രൂപ അടയ്ക്കുമ്പോള്‍ യൂണിറ്റ് കര്‍ഷകയുടെ മട്ടുപ്പാവില്‍ ചെയ്തു നല്‍കും.
കര്‍ഷക ആകെ ചെയ്യേണ്ടത് വെള്ളം നല്‍കലും പരിപാലിക്കലും മാത്രമാണ്. ഷിബുകുമാര്‍ വ്യക്തമാക്കുന്നു. മണ്ണില്ലാ കൃഷിക്കായി എങ്ങനെ ഗ്രോബാഗ് ഒരുക്കാം എന്നു നോക്കാം. ഗ്രോബാഗ് കൂടാതെ വേണ്ടുന്ന മറ്റ് സാധനങ്ങള്‍ ചാണകപ്പൊടി, ചരികിച്ചോറ് അഥവാ കയര്പെറ്റ് കമ്പോസ്റ്റ്, വേസ്റ്റ് ന്യൂസ് പേപ്പര്‍ എന്നിവയാണ്. ഈ കൂട്ടിന്റെ അസിഡിറ്റി ബാലന്‍സ് ചെയ്യാന്‍ ഡോളോമൈറ്റും ചേര്‍ക്കണം. തിരി നനയാണ് ജലസേചനത്തിനായി ഉപയോഗിക്കേണ്ടത്. അതിനായി ഒരു തിരി വേണ്ടിവരും. ആദ്യം തന്നെ ഗ്രോബാഗില്‍ തിരി കയറ്റാന്‍ പാകത്തിന് ഒരു ദ്വാരം ഇടുക. അതിലൂടെ തിരി മുകള്‍വരെ കയറ്റിവച്ചശേഷം ആദ്യമായി വേസ്റ്റ് പേപ്പറുകള്‍ വളച്ച് ഗ്രോബാഗിലേക്ക് നിറയ്ക്കണം. പേപ്പര്‍ ലെയറുകള്‍ക്ക് മുകളിലേക്ക് ചകിരിച്ചോര്‍ കമ്പോസ്റ്റ് നിറയ്ക്കുക. അത് നന്നായി അമര്‍ത്തിയ ശേഷം വീണ്ടും പേപ്പര്‍ ലെയര്‍ നിറയ്ക്കുക. അതിനു മുകളിലായി ചാണകപ്പൊടി നിറയ്ക്കുക. ചാണകപ്പൊടി നിറച്ചശേഷം വീണ്ടും അല്പമായി ചകിരിച്ചോര്‍ കമ്പോസ്റ്റും നിറയ്ക്കണം. അതിനു മുകളിലായി വീണ്ടും വേസ്റ്റ് പേപ്പര്‍ ലെയര്‍ ചെയ്യുക. വീണ്ടും ചകിരിച്ചോര്‍ കമ്പോസ്റ്റ് നിറച്ച് പേപ്പര്‍വച്ച് അമര്‍ത്തുക. അതിനു മുകളിലേക്ക് ചാണകപ്പൊടി വീണ്ടും ഇട്ട് നന്നായി അമര്‍ത്തുക. അതിനു മുകളിലായി ഡോളാമൈറ്റ് അല്പം വിതറി ഏഴ് ദിവസം വയ്ക്കണം. ദിവസവും അല്പം വീതം വെള്ളം ഒഴിച്ചുകൊടുത്താല്‍ തൈ നടാനുള്ള മണ്ണില്ലാ ഗ്രോബാഗ് തയാര്‍.
കേരളത്തിലെ ടെറസ് കൃഷിക്ക് ഒരു അനുകരണീയ മാതൃക എന്ന രീതിയില്‍ ചാത്തന്നൂര്‍ കൃഷിഭവന് വികസിപ്പിച്ചെടുത്ത ഒരു മോഡലാണ് മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി എന്ന ഈ പദ്ധതിയെന്ന് ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ എം എസ് പ്രമോദ് പറഞ്ഞു. ടെറസ് കൃഷിക്ക് ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നു. താങ്ങുന്ന ഭാരം, ഗ്രോബാഗില്‍ നിന്ന് ഒലിച്ചിറങ്ങുന്ന മണ്ണും വെള്ളവും വളവും ടെറസിന് കേടുപാടുകള്‍ ഉണ്ടാകുമോ എന്ന ഭയം, മണ്ണില്‍ കൃഷി ചെയ്യുമ്പോള്‍ മണ്ണുവഴി ഉണ്ടാകുന്ന ചില സാംക്രമിക രോഗങ്ങള്‍ കാരണം കൃഷി നശിച്ചുപോകുന്ന ഒരവസ്ഥ. എന്നാല്‍ പ്രശ്നങ്ങള്‍ക്കെല്ലാമുള്ള ഒരു പരിഹാരം എന്ന നിലയിലാണ് മട്ടുപ്പാവിലെ മണ്ണില്ലാ കൃഷി ചിട്ടപ്പെടുത്തിയിരിക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന ചകിരിച്ചോറ് കമ്പോസ്റ്റും അഴുകിപ്പൊടിഞ്ഞ ഉണക്കചാണകപ്പൊടി, പാഴായിപ്പോകുന്ന ന്യൂസ് പേപ്പറുകള്‍ എന്നിവയൊക്കെ ഉപയോഗിച്ച് വളരെ ഭാരം കുറഞ്ഞ രീതിയിലാണ് ഗ്രോബാഗില്‍ മിശ്രിതം നിറയ്ക്കുന്നത്.
എപ്പോഴും ടെറസില്‍ കയറി നനയ്ക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടി പൈപ്പിലൂടെ വെള്ളം നിറച്ച് അത് ഒരു തിരി മുഖേന ഗ്രോബാഗിലേക്ക് എത്തിക്കുന്ന തിരി നന എന്ന സമ്പ്രദായവും ഇതില്‍ സംയോജിപ്പിച്ചിരിക്കുന്നു. ഈ ഒരു മാതൃക കേരളത്തില്‍ മട്ടുപ്പാവ് കൃഷി ചെയ്യാന്‍ താല്പര്യമുള്ളവര്ക്ക് അനുകരണീയമാണെന്ന് പറയാന്‍ കാരണം തങ്ങളുടെ വീടിന്റെ ടെറസ് നശിച്ചു പോകുമെന്ന ഭയം വേണ്ട, ഭാരം കുറവായിതനാല്‍ ഗ്രോബാഗ് ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിവയ്ക്കാന്‍ എളുപ്പമാണ്. തക്കാളി, വഴുതന, മുളക് പോലെയുള്ള കൃഷികള്‍ക്ക് വാട്ടരോഗം വന്ന് നശിക്കുന്ന പ്രശ്നത്തിന് ഈ രീതി ഒരു ശാശ്വത പരിഹാരമാണ്. കൂടാതെ ഇത് കേരളത്തില്‍ ഒരു മാറ്റം തന്നെ ഉണ്ടാക്കുമെന്ന് കരുതപ്പെടുന്നതായും എം എസ് പ്രമോദ് പ്രത്യാശ പ്രകടിപ്പിച്ചു. സാധാരണ നന സമ്പ്രദായത്തില്‍ മണ്ണ് ഉപയോഗിക്കുമ്പോള്‍ വെള്ളം വലിച്ചെടുക്കാനുള്ള സാധ്യത വളരെ കുറവായിരിക്കും. എന്നാല്‍ ന്യൂസ് പേപ്പര്‍, ചകിരിച്ചോറുപോലെയുള്ള അയഞ്ഞ മീഡിയം ഉപയോഗിക്കുമ്പോള്‍ പെട്ടെന്ന് ജലം വലിച്ചെടുക്കും. അതുകൊണ്ടുതന്നെ ചെടികള്‍ക്ക് ആവശ്യത്തിന് ജലലഭ്യതയും ഉണ്ടാകും.
അതുകൊണ്ടുതന്നെ സാധാരണ കൃഷിയെ അപേക്ഷിച്ച് മണ്ണില്ലാ കൃഷിയുടെ വിളവ് ഇരട്ടിയില്‍ അധികം ആയിരിക്കും. ഒപ്പം മികച്ച ഗുണമേന്മയുള്ള ഉല്പന്നങ്ങളും കര്‍ഷകര്‍ക്ക് ലഭിക്കും. ഇതുകൂടാതെ കീടങ്ങളുടെ ശല്യവും വളരെ വിരളമായിരിക്കും. ഇതിനോടകം നിരവധി വീട്ടാമ്മമാരാണ് ഈ മണ്ണില്ലാ മട്ടുപ്പാവ് കൃഷി സ്വന്തം വീടുകളില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ചാത്തന്നൂര്‍ കൃഷിഭവന്റെ പരിധിയില്‍ വരുന്ന ഒരു വീടും എം എസ് പ്രമോദും ഷിബു കുമാറും നമുക്ക് കാട്ടിത്തന്നു. മണ്ണില്ലാതെയും ഇനി കൃഷി ചെയ്യാം എന്ന ഈ ഹരിത വിപ്ലവം പ്രാവര്‍ത്തികമാക്കിയ ചാത്തന്നൂര്‍ കൃഷി ഓഫീസര്‍ എം എസ് പ്രമോദും ചാത്തന്നൂര്‍ ബ്ലോക്ക് അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍ ഷിബു കുമാറും മലയാളി മറന്നു തുടങ്ങിയ അടുക്കളത്തോട്ടത്തിന് പുത്തനുണര്‍വാണ് നല്‍കുന്നത്. വിഷരഹിത പച്ചക്കറി എന്നത് മാത്രമല്ല അധികം അധ്വാനം ഇല്ലാതെ സ്വന്തം വീട്ടില്‍ സ്വന്തമായി വിളയിക്കുന്ന പച്ചക്കറി കൂട്ടി സംതൃപ്തിയോടെ ഊണ് കഴിക്കാം എന്നൊരു വലിയ സന്തോഷം കൂടി ഇതിലുണ്ട്.
English summary: soilless terrace farm
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.