Web Desk

കൊച്ചി

January 25, 2021, 1:25 pm

സോളാറിലെ നേതാക്കളുടെ പങ്ക് ജുഡീഷ്യൽ കമീഷൻ ചൂണ്ടിക്കാട്ടി, അന്വേഷണത്തിലെ താമസമെന്ന വാദം പുകമറ സൃഷ്ട്ടിച്ചു രക്ഷപെടാൻ

Janayugom Online

സോളാർ കേസിൽ ജുഡീഷ്യൽ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടന്ന തുടർനടപടിയാണ് സി ബി ഐയ്ക്ക് കേസ് വിട്ടുകൊണ്ടുള്ള സർക്കാർ നടപടി. കമ്മീഷൻ റിപോർട്ട് ലഭിച്ച ശേഷം ഒരുമാസം മാത്രം പിന്നിട്ടപ്പോൾ ആക്ഷൻ ടേക്കൻ റിപ്പോർട്ട് സഹിതം നിയമസഭയിൽ വച്ചു. 

2017 സെപ്തംബർ 26ന് നൽകിയ റിപ്പോർട്ട് ഒക്ടോബർ 19ന് ചേർന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. തുടർന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണത്തിന് മേൽനോട്ടം വഹിച്ച രാജേഷ് ദിവാൻ വിരമിച്ചു. ഐജി ദിനേന്ദ്ര കശ്യപ് കേന്ദ്ര സർവീസിൽ പോയി. അതോടെ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു. അതിനിടെ ഇര ക്രൈംബ്രാഞ്ചിന് മറ്റൊരു പരാതി നൽകി. അതിനിടെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഈ നടപടിയുടെ സ്വാഭാവിക പരിണതിയിലാണ് സി ബി ഐ അന്വേഷണത്തിനായി ഉത്തരവിട്ടത്. 

ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ വ്യക്തമായ തെളിവുകളിലേയ്ക്കും തുടരനേഷണത്തിനുള്ള സുപ്രധാന തെളി വുകളും മുന്നോട്ടുവെച്ചിരുന്നു. ആരോപണവിധേയരിൽ ചിലർ ലൈംഗിക കുറ്റകൃത്യം നടത്തിയതിന് സോളാർ കമീഷന് ലഭിച്ചത് കൃത്യമായ തെളിവുകളായിരുന്നു ഇക്കാര്യത്തിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം തുടർ നടപടികൾക്കും ശുപാർശ യുണ്ട്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയും അദ്ദേഹം വഴി പേഴ്സണൽ സ്റ്റാഫ് ടെന്നി ജോപ്പൻ, ജിക്കുമോൻ ജേക്കബ്, ഗൺമാൻ സലിം രാജ്, ഡൽഹിയിലെ സഹായി മുതലായവർ ടീം സോളാർ പ്രതിക്കും കമ്പനിക്കുംവേണ്ടി ഉപഭോക്താക്കളെ വഞ്ചിക്കാൻ കൂട്ടുനിന്നുവെന്ന നിഗമനം കമ്മീഷൻ നടത്തിയിട്ടുണ്ട്. അന്നത്തെ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ഇടപെട്ട്ഉദ്യോഗസ്ഥർ മുഖേന മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് വിടുവിച്ചുവെന്നും കമ്മീഷൻ നിരീക്ഷിക്കുന്നു. മുഖ്യമന്ത്രിയെ ക്രിമിനൽ ബാധ്യതയിൽനിന്ന് ഒഴിവാക്കാൻ സംശയാസ്പദമായ ഇടപെടലിലൂടെ പ്രത്യേക അന്വേഷണ സംഘം പ്രവർത്തിച്ചു. ചില മന്ത്രിമാർ, സർക്കാർ ഉദ്യോഗസ്ഥർ, കേന്ദ്രമന്ത്രി, ചില നിയമസഭാംഗങ്ങൾ, ചില പൊലീസ് ഉദ്യോഗസ്ഥർ എന്നിവരുടെ ഇടപെടലുകൾ അന്വേഷിച്ചില്ല. ഇക്കാര്യത്തിൽ ഇരയടക്കമുള്ളവർ നിരന്തരം ആവശ്യം ഉന്നയിച്ചിട്ടും ഉദ്യോഗസ്ഥർ നിസ്സംഗത പുലർത്തി. 

പരാതിക്കാരിയുടെ കത്തിൽ സൂചിപ്പിച്ചവർക്ക് പരാതിക്കാരിയുമായും അഭിഭാഷകനുമായും നിരന്തര ഫോൺ ബന്ധമുണ്ടായിരുന്നതായി ഫോൺ രേഖകളിൽ നിന്ന് കണ്ടെത്താൻ കഴിഞ്ഞു. കോടതികളെ സമീപിച്ചും മറ്റും ഒട്ടേറെ തടസ്സങ്ങൾ സൃഷ്ടിക്കാൻ പ്രതികളിൽ ചിലർ ശ്രമിച്ചു. അന്വേഷണ മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥരിൽ ചിലർ വിരമിച്ചതും കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയതും കാലതാമസത്തിനിടയാക്കി. അതിനിടെയാണ് കേസ് സിബിഐക്ക് വിടണമെന്ന് ഇര പരാതി നൽകിയത്. ഇതേ തുടർന്നാണ് കേസ് സിബിഐക്ക് വിട്ടത്. ഇക്കാര്യത്തിൽ പുകമറ സൃഷ്ട്ടിച്ചു രാഷ്ട്രീയ പ്രചാരണം നടത്തി രക്ഷ പെടാനാണ് ഉ മ്മൻചാണ്ടിയടക്കമുള്ള നേതാക്കൾ ശ്രമിക്കുന്നത്. 

Eng­lish sum­ma­ry; solar case followup
You may also like this video;