Web Desk

December 26, 2019, 9:13 am

സൂര്യഗ്രഹണ സമയത്ത് സൂര്യനെ നേരിട്ട് നോക്കരുത് ; എന്തുകൊണ്ട് ?കാരണങ്ങളറിയാം!

Janayugom Online

തിരുവനന്തപുരം: നൂറ്റാണ്ടിലെ രണ്ടാമത്തെ സൂര്യഗ്രഹണത്തെയാണ് ലോകം ഇന്ന് വരവേറ്റത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വലയ സൂര്യഗ്രഹണം ആദ്യം ദൃശ്യമാകുന്നത് കാസർഗോഡാണ്. ചന്ദ്രൻ സൂര്യനും ഭൂമിക്കും ഇടയിൽ വരുമ്പോൾ സൂര്യൻ പൂർണമായോ ഭാഗികമായോ മറയപെടുന്ന പ്രതിഭാസമാണ് സൂര്യഗ്രഹണം. ഭൂമിയിൽ നിന്ന് നോക്കുമ്പോൾ ചന്ദ്രന്റെ കോണിയ വ്യാസം സൂര്യന്റെതിനെക്കാൾ ചെറുതാണെങ്കിൽ ഗ്രഹണ സമയത്ത് സൂര്യബിംബിന്റെ ബാഹ്യഭാഗം ഒരു വലയം പോലെ സൂര്യന് ചുറ്റും കാണനാകും. ഇത്തരം സൂര്യഗ്രഹണങ്ങളെയാണ് വലയ സൂര്യഗ്രഹണം എന്ന് പറയുന്നത്. നേരിട്ട് സൂര്യഗ്രഹണ സമയത്ത് സൂര്യനെ എന്തുകൊണ്ട് നോക്കരുതെന്നും അൾട്രാവയലറ്റ് കിരണങ്ങളെ കുറിച്ചും ശ്രീ: വിജയകുമാർ ബ്ലാത്തൂർ തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

എന്തുകൊണ്ടാണു് സൂര്യഗ്രഹണസമയത്തു് നേരിട്ട് സൂര്യനെ നോക്കരുതു് എന്നു പറയുന്നതു്? എന്തുകൊണ്ടാണു് അൾട്രാവയലറ്റ് കിരണങ്ങൾ നമ്മുടെ കണ്ണുകൾക്കും മറ്റു ശരീരഭാഗങ്ങൾക്കും കൂടുതൽ പ്രശ്നമുണ്ടാക്കുന്നതു്? എന്തുകൊണ്ടാണു് വെൽഡിങ്ങ് ജോലികൾക്കിടയിലും മറ്റും നിർബന്ധമായും കരിംകണ്ണാടിയോ മുഖം‌മൂടിയോ ധരിക്കണമെന്നു പറയുന്നതു്?

സാധാരണ ദൃശ്യപ്രകാശത്തിന്റെ തീവ്രത നമ്മുടെ കണ്ണുകളിലെ സംവേദനകോശങ്ങൾക്കു് എളുപ്പം തിരിച്ചറിയാം. ഈ തീവ്രത കൂടുമ്പോൾ ഒരു പരിധി വരെ കൃഷ്ണമണികൾ (പ്രകാശം റെറ്റിനയിലേക്കു കടന്നുപോകുന്ന ദ്വാരം ‑pupil) തീവ്രതയ്ക്ക് ആനുപാതികമായി ചുരുങ്ങുന്നു. ആ പരിധിയും വിട്ടാൽ കൺപോളകൾ തന്നെ സ്വയം അടയ്ക്കാനുള്ള റിഫ്ലക്സുകളും നമുക്കുണ്ടു്. തീരെ കണ്ണഞ്ചിക്കുന്ന പ്രകാശമാണെങ്കിൽ കണ്ണുകൾ കൈകൊണ്ടു പൊത്താൻ പോലും നമുക്കു സ്വയം തോന്നും.

എന്നാൽ, ദൃശ്യമേഖലയ്ക്കു പുറത്തുള്ള പ്രകാശതരംഗങ്ങളെപ്പറ്റി (ഇൻഫ്രാ‌റെഡ്, അൾട്രാ വയലറ്റ് തുടങ്ങിയവ) കണ്ണിലെ സംവേദനകോശങ്ങൾക്കു് വലിയ ധാരണയില്ല. അൾട്രാ-വയലറ്റ് എന്നാൽ വയലറ്റിനേക്കാൾ അപ്പുറത്തുള്ളതു് എന്നു വിചാരിക്കാം. അത്തരം പ്രകാശത്തെ നമുക്കു കാണാനോ തിരിച്ചറിയാനോ കഴിയില്ല. സാധാരണ ചുറ്റുപാടുകളിൽ നമുക്കു് അവയുമായി ഇടപെടേണ്ടതില്ലാത്തതുകൊണ്ടു് പരിണാമപ്രക്രിയയിൽ അൾട്രാവയലറ്റ് തരംഗങ്ങൾ തിരിച്ചറിയാനുള്ള കഴിവു് നമ്മുടെ കണ്ണുകളിൽ ഒന്നുകിൽ വികസിച്ചില്ല. അല്ലെങ്കിൽ ആ കഴിവു് ഇടയ്ക്കെവിടെയോ വെച്ച് നമുക്കു പൊയ്പ്പോയി.

കൂടിയ നിരക്കിലുള്ള ഇൻഫ്രാറെഡ് കിരണങ്ങൾ ചൂടിന്റെ രൂപത്തിൽ നമ്മുടെ തൊലിക്കും കണ്ണിനും തിരിച്ചറിയാം. എന്നാൽ ഈ തരംഗങ്ങൾക്കു് ആപേക്ഷികമായി ഊർജ്ജം കുറവായിരിക്കും. അതിനാൽ, മിതമായ നിരക്കിലുള്ള ഇൻഫ്രാറെഡ് തരംഗങ്ങൾ (തൊലി കൊണ്ടുതന്നെ തിരിച്ചറിയാവുന്നവ) കണ്ണിനെ ബാധിക്കുന്നതും ഒരു ഗുരുതരപ്രശ്നമല്ല.

അൾട്രാ വയലറ്റ് കിരണങ്ങളുടെ കാര്യം അങ്ങനെയല്ല. അവയ്ക്കു് ഉയർന്ന തരംഗോർജ്ജമാണുള്ളതു്. അതായതു് ഓരോ തരംഗത്തിനും കണ്ണിലെ കോശങ്ങളിൽ പൊള്ളലുണ്ടാക്കാൻ കഴിയും. (നീണ്ട കാലത്തേക്കു തുടർച്ചയായാണെങ്കിൽ കോശങ്ങളുടെ വിഭജനപ്രക്രിയയുടെ താളം തെറ്റി ക്യാൻസറിനും കാരണമാവാം).

ഇത്തരം പൊള്ളലുണ്ടാവുന്നതു് ചൂടിന്റെയോ വേദനയുടെയോ രൂപത്തിൽ നമുക്കു് എളുപ്പം തിരിച്ചറിയാൻ കഴിയില്ല. (കാരണം ആ തിരിച്ചറിവു നൽകുന്ന തരം സംവേദകകോശങ്ങളോ നാഡികളോ നമുക്കില്ല). കുറേ സമയത്തിനുശേഷമാണു്നാശനഷ്ടം വന്ന കോശങ്ങളെപ്പറ്റി നാം തിരിച്ചറിയുക. അപ്പോഴേക്കും പരിക്കു് സംഭവിച്ചുകഴിഞ്ഞിരിക്കും.

ഇതുകൊണ്ടാണു് സൂര്യഗ്രഹണസമയത്തു് സൂര്യനെ നേരിട്ടു നോക്കരുതെന്നു പറയുന്നതു്.

സാധാരണ നിലയിൽ സൂര്യനെ നോക്കാൻ ശ്രമിച്ചാലും അതിന്റെ കണ്ണഞ്ചിക്കുന്ന സാധാരണ പ്രകാശം തന്നെ നമ്മെ അതിൽ നിന്നും പിന്തിരിപ്പിക്കും. ഗ്രഹണസമയത്തു് ആകമാനം പ്രകാശം കുറവായിരിക്കുന്നതിനാൽ കാഴ്ചക്കാർക്കു് നേരിട്ടുനോക്കാനുള്ള ആത്മവിശ്വാസവും തന്റേടവും കൂടും. എന്നാൽ അവരറിയാതെത്തന്നെ ആ സമയത്തും അൾട്രാ-വയലറ്റ് കിരണങ്ങൾ കണ്ണിലേക്കു പതിച്ചുകൊണ്ടിരിക്കും. ആ കിരണങ്ങൾ അവരറിയാതെത്തന്നെ കണ്ണിനു് താൽക്കാലികമോ സ്ഥിരമോ ആയ ദോഷങ്ങൾ വരുത്തിവെക്കുകയും ചെയ്യും.

ഇതേ കാര്യം കൃത്രിമപ്രകാശങ്ങൾക്കും ബാധകമാണു്. വിവിധ തരം ലൈറ്റുകൾ വിവിധ തരം പ്രകാശങ്ങൾ (പല നിറങ്ങളിലും ആവൃത്തികളിലും ഊർജ്ജങ്ങളിലും ഉള്ളവ) ആണു് ഉത്സർജ്ജിക്കുന്നതു്. ഉദാ: സോഡിയം — കൂടുതൽ മഞ്ഞ, മെർക്യുറി — കൂടുതൽ നീല എന്നിങ്ങനെ.എന്നാൽ എല്ലാ തരം വിളക്കുകളും കുറേശ്ശെയെങ്കിലുമായി മറ്റു തരം ആവൃത്തികളിലും പ്രകാശം പുറത്തുവിടുന്നുണ്ടു്. വിളക്കിന്റെ നിർമ്മാണഗുണമേന്മയ്ക്കനുസരിച്ച് ഈ ആവൃത്തിമേഖലകൾ (wave spec­trum) മാറാം.

വെൽഡിങ്ങ് പോലുള്ള സാഹചര്യങ്ങളിൽ ഇവയിൽ ഏതുതരം പ്രകാശതരംഗങ്ങളും ഏതളവിലും ഉണ്ടാവാം. അവ എന്തുമാത്രം പരിക്കുകൾ ഉണ്ടാക്കുന്നുവെന്നു ഉടനെത്തന്നെ തിരിച്ചറിയാനുള്ള കഴിവു നമ്മുടെ കണ്ണിലെ കോശങ്ങൾക്കില്ല.

ചുരുക്കത്തിൽ, ശബ്ദം, ചൂടു്, പ്രകാശം, ഗന്ധം, രുചി, സ്പർശനം എന്നിവയെല്ലാം അപകടം കൂടാതെ തിരിച്ചറിയാൻ നമ്മുടെ ശരീരകോശങ്ങൾക്കു് ഓരോരോ പരിധികളുണ്ടു്. ഒരിക്കലും ആ പരിധികൾ കടന്നുപോവാൻ അവസരമുണ്ടാക്കാതെ ശ്രദ്ധിക്കുക.

ഇതേ കാരണം കൊണ്ടുതന്നെ, പതിവായി അമിതമായി വെയിൽ കൊള്ളുന്നതും നന്നല്ല. സൂര്യപ്രകാശത്തിൽ അമിതോർജ്ജ അൾട്രാവയലറ്റ് തരംഗങ്ങൾ സ്വതേ ഉണ്ടു്. ഇവ തൊലിയിലെ കോശങ്ങളിലെ DNA പരിവർത്തനം ചെയ്യാൻ കഴിവുള്ളവയാണു്. വികലമായ DNA പരിവർത്തനം ക്യാൻസറിനും മറ്റു ത്വൿരോഗങ്ങൾക്കും കാരണമാവാം.

മൊബൈൽ ഫോൺ ടവറുകളെപ്പറ്റിയും മൈക്രോവേവ് ഒവനുകളെപ്പറ്റിയും അനാവശ്യമായി ഞെരിപിരികൊള്ളുന്നവർ ശരിക്കും ദോഷം വരുത്തിവെക്കാവുന്ന ഇത്തരം പ്രവൃത്തികളെക്കുറിച്ചു് തീരെ അജ്ഞരാണു്. (മൊബൈൽ തരംഗങ്ങളുടെ ആവൃത്തി ഏകദേശം 4 ജെഗാഹെർട്സ് ആണെങ്കിൽ സാധാരണ പ്രകാശത്തിന്റേതു് അതിന്റെ ഒരു ലക്ഷം മടങ്ങും അൾട്രാവയലറ്റ് പ്രകാശത്തിന്റേതു് പത്തുകോടി മടങ്ങുമാണു്. ഇവയുടെ ഒരേ എണ്ണം തരംഗങ്ങളിൽ ഊർജ്ജത്തിന്റെ അനുപാതവും ഇതേ മടങ്ങുകളിൽ തന്നെ വരും.

[അതായതു് ഒരു മണിക്കൂർ മൊബൈലിൽ സംസാരിക്കുന്നതിനേക്കാൾ ഒരു ലക്ഷമെങ്കിലും മടങ്ങ് കൂടുതൽ അപകടകരമാണു് ഒരു മണിക്കൂർ വെളിച്ചത്തിൽ നിൽക്കുന്നതു്!].

ഇലൿട്രിൿ ആർൿ വെൽഡിങ്ങ് / ലെയ്ത്ത് / സ്റ്റീൽ കട്ടിങ്ങ് / ഗ്രൈൻഡിങ്ങ് ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർക്കു് മാസ്ക് ധരിച്ചില്ലെങ്കിൽ അൾട്രാവയലറ്റ് തരംഗങ്ങൾ മൂലമുള്ള പരുക്കു മാത്രമല്ല സംഭവിക്കുക. ലോഹഭാഗങ്ങൾ ഉരയ്ക്കുകയോ മുറിക്കുകയോ ചെയ്യുമ്പോൾ അതിൽ നിന്നും തെറിച്ചുവരുന്ന അതിസൂക്ഷ്മങ്ങളായ, സൂചിരൂപത്തിലുള്ള തരികൾ മറ്റു ശരീരഭാഗങ്ങൾക്കു പുറമേ കണ്ണിലും കുത്തിക്കയറും. മൈക്രോമീറ്ററുകൾ മാത്രം വലിപ്പമുള്ള ഇത്തരം ചാട്ടുളികളെ നാം ഉടനെ തിരിച്ചറിഞ്ഞെന്നു വരില്ല. ഏതാനും മണിക്കൂറുകൾക്കു ശേഷമാണു് വേദനയും ചൊറിച്ചിലും നിറം മാറ്റവും (ഇൻഫ്ലമേഷൻ) മറ്റു ലക്ഷണങ്ങളും പ്രകടിപ്പിക്കുക.

‘you may also like this video’